ന്യൂഡല്‍ഹി: കോവിഡുമായി ബന്ധപ്പെട്ട പൊതു പരാതി പരിഹാര പ്രവര്‍ത്തന റിപ്പോര്‍ട്ട് അവലോകനം ചെയ്ത് കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗ്. ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തില്‍ മാര്‍ച്ച് 30 മുതല്‍ മെയ് 4 വരെയുള്ള സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും പ്രവര്‍ത്തന റിപ്പോര്‍ട്ടാണ് അദ്ദേഹം അവലോകനം ചെയ്തത്. കേസുകളെല്ലാം വേഗത്തില്‍ തീര്‍പ്പാക്കാനായെന്ന് ജിതേന്ദ്ര സിംഗ് പറഞ്ഞു.
ഒരു പരാതി പരിഹരിക്കാനെടുക്കുന്ന ശരാശരി സമയം 1.45 ദിവസമാണ്. 20,000ത്തോളം കേസുകള്‍ നേരിട്ട് പരിഹരിക്കുകയും പരാതിക്കാര്‍ തൃപ്തരാണെന്ന് ഉറപ്പു വരുത്തുകയും ചെയ്തു. പരാതി പരിഹാരവുമായി ബന്ധപ്പെട്ട് കേന്ദ്ര-സംസ്ഥാന ഉദ്യോഗസ്ഥര്‍ ആറ് തവണയോളം ബന്ധപ്പെട്ടവരുമായി വീഡിയോ കോണ്‍ഫറന്‍സിംഗ് നടത്തി. 10,701 പരാതികള്‍, ബന്ധപ്പെട്ട സംസ്ഥാനങ്ങള്‍ക്ക് കൈമാറി പരിഹാരം കാണാനായതായി കേന്ദ്രമന്ത്രി വ്യക്തമാക്കി. ദേശീയ കോവിഡ് 19 അവലോകന സമിതി മൊത്തം 52,327 കേസുകളാണ് തീര്‍പ്പാക്കിയത്. ഇതില്‍ 41,626 എണ്ണം കേന്ദ്ര മന്ത്രാലയങ്ങളുടെയും വകുപ്പുകളുടെയും പരിധിയിലുള്ളതാണ്.
ALSO READ: മുംബൈയിൽ കോവിഡ് രോഗികൾ പതിനായിരത്തിലേക്ക്; ആശങ്കയോടെ ഉദ്ധവ് സർക്കാർ
സാങ്കേതികമായി മുന്നില്‍ നില്‍ക്കുന്ന കേരളം, ഉത്തര്‍പ്രദേശ്, കര്‍ണാടക, ഗുജറാത്ത്, ഹരിയാന എന്നീ സംസ്ഥാനങ്ങളില്‍ പ്രത്യേക വെബ് പോര്‍ട്ടലുകളിലൂടെയാണ് കേസുകള്‍ തീര്‍പ്പാക്കിയത്. എന്നാല്‍ സാങ്കേതിക കാരണങ്ങള്‍ ഉള്‍പ്പെടെയുള്ള തടസങ്ങളുണ്ടായിട്ടും വടക്കു കിഴക്കന്‍ സംസ്ഥാനങ്ങള്‍, ജമ്മുകശ്മീര്‍, ലഡാക്ക്, ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകള്‍ എന്നിവിടങ്ങളിലും പരാതികള്‍ മികച്ച രീതിയില്‍ കൈകാര്യം ചെയ്യാനായതായി അദ്ദേഹം വ്യക്തമാക്കി. സംസ്ഥാനങ്ങളേയും കേന്ദ്രഭരണ പ്രദേശങ്ങളേയും പ്രതിനിധീകരിച്ച് അഡീഷണല്‍ ചീഫ് സെക്രട്ടറിമാര്‍, പ്രിന്‍സിപ്പല്‍ സെക്രട്ടറിമാര്‍, സെക്രട്ടറിമാര്‍ എന്നിവര്‍ വീഡിയോ കോണ്‍ഫറന്‍സിംഗില്‍ പങ്കെടുത്തു.
Post Your Comments