തൃശൂർ : വിദേശത്ത് നിന്നും മറ്റ് സംസ്ഥാനങ്ങളിൽ നിന്നും തിരിച്ചെത്തുന്നവരെ പാർപ്പിക്കാൻ കൊവിഡ് കെയര്‍ സെന്ററുകള്‍ ഒരുക്കി തൃശൂർ . ജില്ലയിൽ ഏഴ് താലൂക്കുകളിലായി 354 കെട്ടിടങ്ങളിൽ 12000 മുറികളാണ് ഒരുക്കിയിരിക്കുന്നത്. 47,500 ആളുകൾ വിദേശത്ത് നിന്നും ജില്ലയിലേക്ക് എത്തുമെന്നാണ് നിലവിലെ കണക്ക്.
ഇതര സംസ്ഥാനങ്ങളിൽ നിന്ന് എത്തുന്ന മലയാളികളുടെ അപേക്ഷകളിന്മേൽ ഇത് വരെ 260 പാസുകൾ നൽകി കഴിഞ്ഞു. 2800 പാസുകൾക്കുള്ള അപേക്ഷകൾ പരിശോധിച്ച് വരികയാണ്. ആദ്യ ആഴ്ചയില്‍ വിദേശ രാജ്യങ്ങളില്‍ നിന്നു വരുന്നവരിൽ 500 പേർ തൃശൂരിലെത്തുമെന്നാണ് കണക്ക്. ഇത്തരക്കാരെ നിരീക്ഷണത്തിലാക്കുന്നതിന് 12000 മുറികൾ ഒരുക്കി കഴിഞ്ഞു.
ഗുരുവായൂരിലെ ഹോട്ടലുകള്‍ ലോഡ്ജുകള്‍ തുടങ്ങിയവയും ഇതിനായി സജ്ജീകരിക്കും. ഓരോ കെട്ടിടത്തിനും ചുമതലക്കാരായി ഒരു മെഡിക്കൽ ഓഫീസർ, വൊളന്റിയർമാർ, ആയൂർവേദ ഡോക്ടർമാരുടെ സംഘം എന്നിവരെ ചുമതലപ്പെടുത്തി. ട്രെയിൻമാർഗം ജില്ലയിലെത്തുന്നവർക്കായി തൃശൂർ റെയിൽവേ സ്റ്റേഷനിൽ പ്രത്യേക സംവിധാനങ്ങൾ ഒരുക്കും. ആരോഗ്യ പരിശോധനയ്ക്കടക്കമുള്ള സൗകര്യങ്ങള്‍ സ്റ്റേഷന് പുറത്ത് ഒരുക്കും.
Post Your Comments