റോം : കോവിഡ് മരണം താണ്ഡവമാടിയ ഇറ്റലി വൈറസില്‍ നിന്നും കരകയറുന്നു. കോവിഡ് വ്യാപനവുമായി ബന്ധപ്പെട്ട് രാജ്യത്ത് ഏര്‍പ്പെടുത്തിയ ഒന്‍പത് ആഴ്ച നീണ്ടുനിന്ന ലോക്ഡൗണ്‍ ഞായറാഴ്ച അവസാനിപ്പിച്ചതോടെയാണ് ഇറ്റലിക്ക് നാളുകള്‍ക്കു ശേഷം പുതിയ പ്രഭാതം സാധ്യമായത്. ലോകത്തെ ഏറ്റവും ദൈര്‍ഘ്യമേറിയ ദേശീയ ലോക്ഡൗണിനാണ് ഇതോടെ അവസാനമായത്.
Read Also : യാത്രാപാസ് ഇനി ലഭിയ്ക്കുക ഇവരില്‍ നിന്നു മാത്രം : പുതിയ ഉത്തരവ് പുറത്തുവിട്ട് ഡിജിപി ലോക്‌നാഥ് ബെഹ്‌റ
എന്നാല്‍ വൈറസ് വ്യാപനത്തിന്റെ ഗ്രാഫ് വീണ്ടും ഉയരാന്‍ സാധ്യതയുള്ളതിനാല്‍ രാജ്യത്ത് നിയന്ത്രണങ്ങള്‍ തുടരും. ഫാക്ടറികളും നിര്‍മാണ മേഖലകളും തുറന്നുപ്രവര്‍ത്തിക്കും. റസ്റ്ററന്റുകള്‍ തുറക്കുമെങ്കിലും ഭക്ഷണം അവിടെയിരുന്നു കഴിക്കാന്‍ അനുവാദമില്ല. ബാറുകളും ഐസ്‌ക്രീം പാര്‍ലറുകളും അടഞ്ഞുകിടക്കും. പൊതുഗതാഗതം ഉപയോഗിക്കുന്നതിനെ സര്‍ക്കാര്‍ പ്രോത്സാഹിപ്പിക്കില്ല. മാസ്‌ക് ധരിക്കാതെ ജനങ്ങള്‍ പൊതുയിടങ്ങളില്‍ പോകരുതെന്ന് നിര്‍ദേശമുണ്ട്.
ഡിസംബറില്‍ ചൈനയില്‍ പടര്‍ന്നുപിടിച്ച കോവിഡ് രോഗം വൈകാതെ ഇറ്റലിയിലേക്കും പടരുകയായിരുന്നു. ചൈനയില്‍ ജനുവരി 23ന് ആരംഭിച്ച ലോക്ഡൗണ്‍ 76 ദിവസങ്ങള്‍ക്കു ശേഷമാണ് പിന്‍വലിച്ചത്. അതിവേഗമാണ് ഇറ്റലിയില്‍ രോഗം പടര്‍ന്നത്. ദിവസേന ആയിരത്തോളം മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതോടെ മാര്‍ച്ച് എട്ടിന് പ്രധാനമന്ത്രി ജൂസപ്പേ കോന്‍തെ ഏതാനും പ്രദേശങ്ങളില്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ചു.
കോവിഡ് ബാധിച്ച് ഇറ്റലിയില്‍ 28,884 പേരാണ് മരിച്ചത്. 2,10,717 പേര്‍ രോഗബാധിതരാണ്. 81,654 പേര്‍ രോഗമുക്തരായി.
Post Your Comments