ന്യൂഡൽഹി: അന്യ സംസ്ഥാന തൊഴിലാളികളുടെ ട്രെയിൻ കൂലി അടയ്ക്കാൻ കോൺഗ്രസ് തയ്യാറാണെന്ന് കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി. രാജ്യത്തിന്‍റെ വളര്‍ച്ചയുടെ അംബാസഡര്‍മാരെന്നും സമ്പദ്‍വ്യവസ്ഥയുടെ നട്ടെല്ലെന്നുമാണ് സോണിയ ഗാന്ധി തൊഴിലാളികളെ വിശേഷിപ്പിച്ചത്.
ലോക്ക്ഡൗൺ പ്രഖ്യാപിക്കുന്നതിനു നാല് മണിക്കൂര്‍ മുൻപു മാത്രമാണ് കേന്ദ്രസര്‍ക്കാര്‍ ഇക്കാര്യം പ്രഖ്യാപിച്ചതെന്നും ഇതാണ് തൊഴിലാളികള്‍ക്ക് നാട്ടിലെത്താൻ അവസരം നഷ്ടപ്പെടുത്തിയതെന്നും സോണിയ ഗാന്ധി ആരോപിച്ചു. ഈ പ്രതിസന്ധി ഘട്ടത്തിലും റെയിൽവേയും കേന്ദ്രസര്‍ക്കാരും അവരുടെ കൈയ്യില്‍ നിന്ന് പണം ഈടാക്കുന്നത് വിഷമകരമാണെന്നും സോണിയ വ്യക്തമാക്കി.
ഈ സാഹചര്യത്തിൽ ഓരോ സംസ്ഥാനത്തെയും പ്രദേശ് കോൺഗ്രസ് കമ്മിറ്റികള്‍ അതിഥി തൊഴിലാളികളുടെ യാത്രയ്ക്കായുള്ള ചെലവ് ഏറ്റെടുക്കാമെന്നും അതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കാമെന്നും തീരുമാനിച്ചിട്ടുണ്ടെന്ന് സോണിയ പറഞ്ഞു.
നിലവില്‍ തൊഴിലാളികളില്‍ നിന്നും യാത്രാക്കൂലി ഈടാക്കാൻ കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനങ്ങള്‍ക്കാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. ഈ തുക റയിൽവേയ്ക്ക് കൈമാറണം. എന്നാല്‍ ഈ തുക കേന്ദ്രം വഹിക്കണമെന്ന് ഇതിനോടകം പ്രതിപക്ഷ പാര്‍ട്ടികള്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
Post Your Comments