ബെംഗളൂരു : ഫോണ്‍ ഉപയോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ത്തുന്നുണ്ടെന്ന ആരോപണങ്ങൾ, പ്രതികരണവുമായി പ്രമുഖ ചൈനീസ് മൊബൈൽ ഇലക്ട്രോണിക്സ് ഉൽപ്പന്ന നിർമാതാക്കളായ ഷവോമി. ഫോണുടമകളുടെ വിവരങ്ങള്‍ രാജ്യത്തിന് പുറത്തുള്ള സെര്‍വറുകളിലേക്ക് ഷാവോമി ചോര്‍ത്തുന്നുവെന്ന് രണ്ട് സൈബര്‍ സുരക്ഷാ വിദഗ്ദരെ ഉദ്ധരിച്ച് ഫോര്‍ബ്‌സ് റിപ്പോർട്ട് ചെയ്തതോടെയാണ് ആരോപണങ്ങൾ തള്ളി കമ്പനി രംഗത്തെത്തിയത്.
ഈ വാര്‍ത്തകള്‍ തെറ്റാണ്. ഉപയോക്താക്കളുടെ സ്വകാര്യ വെബ് സെര്‍ച്ച് വിവരങ്ങള്‍ ശേഖരിക്കുന്നില്ലെന്നും ഉപയോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ത്തുന്നില്ലെന്നും ഷവോമി വൈസ് പ്രസിഡന്റും കമ്പനിയുടെ ഇന്ത്യയിലെ മാനേജിങ് ഡയറക്ടറുമായ മനുകുമാര്‍ ജെയിന്‍ പറഞ്ഞു. എംഐ ബ്രൗസറും, ഷാവോമിയുടെ മറ്റ് ഇന്റര്‍നെറ്റ് ഉല്പന്നങ്ങളും തീര്‍ത്തും സുരക്ഷിതമാണ്. ഉപയോക്താക്കളുടെ പരസ്യമായ സമ്മതമില്ലാതെ തങ്ങള്‍ വിവരങ്ങളൊന്നും ശേഖരിക്കുന്നില്ല. ഇന്ത്യയ്ക്കാരുടെ വിവരങ്ങളെല്ലാം ഇന്ത്യയില്‍ തന്നെയുള്ള ആമസോണ്‍ വെബ് സര്‍വ്വീസസ് സെര്‍വറുകളിലാണ് ശേഖരിക്കുന്നതെന്നും മനുകുമാര്‍ ജെയിന്‍ വ്യക്തമാക്കി.
ഉപയോക്താക്കളുടെ സുരക്ഷയും സ്വകാര്യതയും കമ്പനി ഏറ്റവും കൂടുതല്‍ പരിഗണ നല്‍കുന്ന കാര്യങ്ങളില്‍ ഒന്നാണ്. ഓരോ രാജ്യങ്ങളിലേയും ഉപഭോക്തൃ സ്വകാര്യതാ നിയമങ്ങളും നിയന്ത്രണങ്ങളും തങ്ങള്‍ പാലിക്കുന്നുണ്ട്. മെച്ചപ്പെട്ട സേവനങ്ങള്‍ നല്‍കുന്നതിന് അവരുടെ സമ്മതത്തോടെ വിവരങ്ങള്‍ ശേഖരിക്കേണ്ടതായുണ്ട്. ആ വിവരങ്ങള്‍ അനോണിമൈസ് ചെയ്യാറുണ്ടെന്നും വ്യക്തിവിവരങ്ങള്‍ സ്വകാര്യമാക്കി വെക്കാറാണ് ചെയ്യുകയെന്നും ഷാവോമി പറഞ്ഞു. അതോടൊപ്പം തന്നെ മറ്റൊരു ബ്ലോഗ് പോസ്റ്റിൽ ഉപയോക്താക്കള്‍ നല്‍കുന്ന സമ്മതത്തിന്റെ അടിസ്ഥാനത്തില്‍ മാത്രമാണ് ഉപയോഗ വിവരങ്ങള്‍ ശേഖരിക്കുന്നതെന്നും ഇവയെല്ലാം എന്‍ക്രിപ്റ്റഡ് ആയാണ് ചെയ്യുന്നതെന്നും ഷാവോമി പറഞ്ഞു.
തന്റെ റെഡ്മി നോട്ട് 8 സ്മാര്‍ട്ട്‌ഫോണ്‍ താന്‍ ഫോണില്‍ ചെയ്യുന്ന ഒട്ടുമിക്ക കാര്യങ്ങളും നിരീക്ഷിക്കുന്നുണ്ടെന്നാണ് സൈബര്‍ സുരക്ഷാ വിദഗ്ദനായ ഗബി സിര്‍ലിഗ് പറയുന്നത്.
മറ്റൊരു സൈബര്‍ സുരക്ഷാ ഗവേഷകനായ ആന്‍ഡ്ര്യൂ ടിര്‍നെ ഷാവോമിയുടെ എംഐ ബ്രൗസര്‍, മിന്റ് ബ്രൗസര്‍ എന്നിവ ഉപയോക്താക്കളുടെ വിവരങ്ങള്‍ ശേഖരിക്കുന്നുണ്ടെന്നും ഇന്‍ കൊഗ്‌നിറ്റോ മോഡില്‍ പോലും ഇത് നടക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
Post Your Comments