മോസ്കോ • കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 10,633 കോവിഡ് -19 കേസുകൾ സ്ഥിരീകരിച്ച് റഷ്യ. ഒരു ദിവസം സ്ഥിരീകരിക്കുന്ന കേസുകളില്‍ റഷ്യയുടെ പുതിയ ഏകദിന റെക്കോർഡ് ആണിത്. ഇതോടെ രാജ്യത്തെ മൊത്തം കോവിഡ് കേസുകളുടെ എണ്ണം 134,687 ആയി. ഏപ്രിൽ 30 മുതൽ എല്ലാ ദിവസവും റഷ്യ തങ്ങളുടെ ഏകദിന റെക്കോർഡ് അപ്‌ഡേറ്റ് ചെയ്യുന്നുണ്ടെന്ന് രാജ്യത്തെ കൊറോണ വൈറസ് പ്രതികരണ കേന്ദ്രത്തെ ഉദ്ധരിച്ച് സിൻഹുവ വാർത്താ ഏജൻസി റിപ്പോര്‍ട്ട് ചെയ്യുന്നു.
പകര്‍ച്ചവ്യാധിമൂലം 24 മണിക്കൂറിനിടെ 58 പേര്‍ മരിച്ചു. മൊത്തം മരണസംഖ്യ 1,280 ആയി. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ സുഖംപ്രാപിച്ച 1,626 പേരുള്‍പ്പടെ 16,639 പേർ സുഖം പ്രാപിച്ചു.
മഹാമാരി രാജ്യത്ത് ഏറ്റവും കൂടുതല്‍ നാശം വിതച്ച പ്രദേശമായ മോസ്കോയില്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 5,948 പുതിയ കേസുകൾ സ്ഥിരീകരിച്ചു. മൊത്തം 68,606 കേസുകൾ.
നഗരത്തിലെ മേയർ സെർജി സോബിയാനിൻ പറയുന്നതനുസരിച്ച്, മോസ്കോയിലെ മൊത്തം നിവാസികളിൽ രണ്ട് ശതമാനം പേര്‍ക്ക് കോവിഡ് -19 ബാധിച്ചിരിക്കാമെന്നാണ്. ജനുവരിയിലെ കണക്ക് അനുസരിച്ച് 12.68 ദശലക്ഷം പേരാണ് മോസ്കോയിലുള്ളത്.
രാജ്യത്ത് പകര്‍ച്ചവ്യാധി നിയന്ത്രണവിധേയമാണെന്ന് പറയാന്‍ കഴിയില്ലെന്നും സുരക്ഷാ നിയമങ്ങൾ അവഗണിക്കാമെന്ന് കരുതാന്‍ കാരണമില്ലെന്നും ആരോഗ്യ മന്ത്രാലയം ശനിയാഴ്ച പ്രസ്താവനയിൽ പറഞ്ഞു.
Post Your Comments