KeralaLatest NewsNews

എലിപ്പനിയുടെ ലക്ഷണങ്ങളുമായി ആശുപത്രിയിൽ എത്തിയ രോഗി ചികിത്സ കിട്ടാതെ മരിച്ചു; പരാതിയുമായി ബന്ധുക്കള്‍

കഴിഞ്ഞ മാസം 22നാണ് സുനിൽകുമാറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്

കോഴിക്കോട് : എലിപ്പനിയുടെ ലക്ഷണങ്ങളുമായി കോഴിക്കോട് മെഡിക്കൽ കോളേജിലെത്തിയ രോഗി ചികിത്സ കിട്ടാതെ മരിച്ചെന്ന പരാതിയുമായി ബന്ധുക്കൾ. കോഴിക്കോട് പെരുവയൽ സ്വദേശി കണ്ണൻചോത്ത് മീത്തൽ സുനിൽകുമാറിന്‍റെ മരണത്തിലാണ് പരാതിയുമായി ബന്ധുക്കൾ എത്തിയിരിക്കുന്നത്. ഇയാൾക്ക് ഐസൊലേഷൻ വാർഡിൽ നിന്നും ചികിത്സ കിട്ടിയില്ലെന്നും മരണ വിവരം മറച്ചുവെച്ചു എന്നുമാണ് ബന്ധുക്കളുടെ പരാതി

കഴിഞ്ഞ മാസം 22നാണ് സുനിൽകുമാറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഉടൻ തന്നെ
ഐസിയുവിൽ പ്രവേശിപ്പിച്ചെങ്കിലും തൊട്ടടുത്ത ദിവസം ഐസൊലേഷൻ വാർഡിലേക്ക് മാറ്റുകയായിരുന്നു. പിന്നീട് സുനിൽകുമാറിന്റെ ബന്ധുക്കളുടേത് ഉൾപ്പടെ അഞ്ച് പേരുടെ ഫോൺ നമ്പർ വാങ്ങിയ ശേഷം ഇയാളുടെ ഭാര്യയെ വീട്ടിലേക്കയച്ചു. എന്നാൽ സുനിൽ കുമാറിന്‍റെ രോഗവിവരങ്ങളറിയാൻ ഭാര്യ പലതവണ ഡോക്ടർമാരെ ബന്ധപ്പെട്ടെങ്കിലും കൃത്യമായ വിവരങ്ങൾ ലഭിച്ചില്ല.

എന്നാൽ 24-ന് സുനിൽകുമാറിനെ ഐസൊലേഷൻ വാർഡിലേക്ക് മാറ്റിയതായി പെരുവയൽ പഞ്ചായത്ത് ഓഫീസിലേക്ക് വിവരം ലഭിച്ചതിനെ തുടർന്ന് 25ന് പഞ്ചായത്ത് അംഗങ്ങൾ ആശുപത്രിയിൽ എത്തി അന്വഷിച്ചപ്പോഴാണ് സുനിൽ കുമാർ 24ന് രാത്രി എട്ട് മണിയോടെ മരിച്ചതായി അറിയുന്നത്.

ഇതോടെ മരണത്തിൽ സംശയമുണ്ടെന്നും പോസ്റ്റ്മോർട്ടം വേണമെന്നും ബന്ധുക്കൾ ആവശ്യപ്പെട്ടപ്പോൾ എച്ച്1എൻ1 പരിശോധന നടത്തി ഫലം ലഭിക്കാതെ പോസ്റ്റ്മോർട്ടം നടത്താൻ കഴിയില്ലെന്നായിരുന്നു മറുപടി. തുടർന്ന് ബന്ധുക്കൾ കളക്ടറുടെ അനുമതിയോടെ മൃതദേഹം ഏറ്റ് വാങ്ങി സംസ്കരിക്കുകയായിരുന്നു. എന്നാൽ സുനിൽ കുമാറിന്റെ മരണത്തിൽ ആശുപത്രി അധികൃതരുടെ ഭാഗത്ത് നിന്നും യാതൊരു പ്രതികരണവും ഉണ്ടായിട്ടില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button