കൊട്ടാരക്കര • സംസ്ഥാനത്തെ അതിഥി തൊഴിലാളികളെ അവരുടെ സംസ്ഥാനങ്ങളിലേക്ക് വിട്ടയക്കുന്ന അതേ പ്രാധാന്യത്തോടെ അന്യസംസ്ഥാനങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന മലയാളികളെ നാട്ടിലെത്തിക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ ഉടന്‍ നടപടി സ്വീകരിക്കണമെന്ന് കെ.പി.സി.സി വര്‍ക്കിംഗ് പ്രസിഡന്‍റ് കൊടിക്കുന്നില്‍ സുരേഷ് എം.പി ആവശ്യപ്പെട്ടു.
കോവിഡ് 19നെത്തുടര്‍ന്ന് ലോക്ഡൗണ്‍ പ്രഖ്യാപിച്ച് ആഭ്യന്തര വിമാന സര്‍വ്വീസുകളും ട്രെയിന്‍ സര്‍വ്വീസുകളും നിര്‍ത്തിവച്ച സാഹചര്യത്തില്‍ അന്യ സംസ്ഥാനങ്ങളില്‍ പണിയെടുക്കുന്ന പതിനായിരക്കണക്കിന് മലയാളികള്‍ നാട്ടിലെത്താനാവാതെ കുടുങ്ങിക്കിക്കുകയാണ്. ഇവര്‍ നാട്ടിലെത്താനുള്ള അപേക്ഷകളും നിവേദനങ്ങളുമായി നിരന്തരം സംസ്ഥാന സര്‍ക്കാരിനെ സമീപിച്ചുകൊണ്ടിരിക്കുകയാണെങ്കിലും സംസ്ഥാന സര്‍ക്കാര്‍ കുടുങ്ങിക്കിടക്കുന്ന മലയാളികളെ തിരിച്ചുകൊണ്ടുവരാന്‍ യാതൊരു നടപടിയും സ്വീകരിക്കാതെ ഒഴിഞ്ഞുമാറുകയാണെന്ന് കൊടിക്കുന്നില്‍ സുരേഷ് എം.പി കുറ്റപ്പെടുത്തി.
അന്യസംസ്ഥാനങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന മലയാളികളെ നാട്ടില്‍ കൊണ്ടുവരാന്‍ നോര്‍ക്കയെക്കൊണ്ട് രജിസ്ട്രേഷന്‍ നടത്തുന്നത് വെറും തട്ടിപ്പാണ്. അതിഥി തൊഴിലാളികളെ മടക്കിക്കൊണ്ടു പോകാന്‍ അവരുടെ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും ഗവണ്മെന്‍റും സജീവമായി ഇടപെടുന്നതിന്‍റെ തെളിവാണ് കഴിഞ്ഞ ദിവസം കേരളത്തില്‍ നിന്ന് അതിഥി തൊഴിലാളികളെ ട്രെയിന്‍ മാര്‍ഗ്ഗം മടക്കി കൊണ്ടുപോയത്. എന്നാല്‍ അന്യ സംസ്ഥാനങ്ങളില്‍ ജോലി ചെയ്യുന്ന മലയാളികള്‍ എന്ന് ജډനാട്ടില്‍ തിരിച്ചെത്താന്‍ കഴിയുമെന്ന ഉത്കണ്ഠയിലാണ്. ലോക്ഡൗണിന്‍റെ മൂന്നാം ഘട്ടത്തിലും യാത്രാ ഇളവുകള്‍ പ്രഖ്യാപിച്ചിട്ടില്ല. സംസ്ഥാന സര്‍ക്കാരുകളാണ് അവരുടെ സംസ്ഥാനത്തെ ആളുകളെ മടക്കിക്കൊണ്ടുവരാന്‍ മുന്‍കൈ എടുക്കേണ്ടത്.എന്നാല്‍ ഇക്കാര്യത്തില്‍ കേരളാ സര്‍ക്കാര്‍ പൂര്‍ണ്ണമായി പരാജയപ്പെട്ടിരിക്കുകയാണെന്ന് കൊടിക്കുന്നില്‍ സുരേഷ് എം.പി കുറ്റപ്പെടുത്തി.
വിവിധ കമ്പനികളില്‍ ജോലിക്കായി പോയവര്‍, വിനോദയാത്രക്കായി പോയവര്‍, തൊഴിലന്വേഷകരായ ഉദ്യോഗാര്‍ത്ഥികള്‍, നഴ്സുമാര്‍, പാരാമെഡിക്കല്‍ സ്റ്റാഫുകള്‍, വിദഗ്ദ്ധ ചികിത്സയ്ക്കായി പോയവര്‍ ഉള്‍പ്പടെ പതിനായിരക്കണക്കിന് ആളുകള്‍ കേരളത്തിലേക്ക് വരാനായി കാത്തുകെട്ടി കിടക്കുകയാണ്.
മെയ് 3ന് രണ്ടാം ലോക്ഡൗണ്‍ അവസാനിക്കുമ്പോള്‍ നാട്ടിലെത്താം എന്ന പ്രതീക്ഷയില്‍ രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ കഴിയുന്ന മലയാളികളുടെ തിരിച്ചുവരവിനുള്ള അനിശ്ചിതത്വം തീര്‍ത്ത് കോവിഡ് 19 പരിശോധനകള്‍ക്ക് വിധേയമായി കേരളത്തിലെത്തിക്കാന്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്ന്കൊടിക്കുന്നില്‍ സുരേഷ് എം.പി ആവശ്യപ്പെട്ടു.
Post Your Comments