കൊച്ചി: അമേരിക്കൻ കമ്പനിയായ സ്പ്രിന്‍ക്ലറിന് കോവിഡ് ബാധിതരുടെ വിവരങ്ങള്‍ കൈമാറുന്നത് തദ്ദേശസ്ഥാപനങ്ങള്‍ നിര്‍ത്തി. ഡേറ്റയുടെ സുരക്ഷിതത്വം സംബന്ധിച്ച ഹൈകോടതിയുടെ കര്‍ശന നിബന്ധനകളെ തുടര്‍ന്ന് കോവിഡ് ബാധിതരുടെ വ്യക്തിഗത വിവരങ്ങള്‍ സ്പ്രിന്‍ക്ലര്‍ സൈറ്റില്‍ അപ്ലോഡ് ചെയ്യുന്നില്ല.
രണ്ടാഴ്ച മുമ്പ് വരെ സൈറ്റില്‍ അപ്ലോഡ് ചെയ്തിരുന്നു. മാര്‍ച്ച് 27ന് തദ്ദേശ വകുപ്പ് പുറപ്പെടുവിച്ച ഉത്തരവ് പ്രകാരമാണ് ശേഖരിക്കുന്ന വിവരങ്ങള്‍ സ്പ്രിന്‍ക്ലര്‍ സൈറ്റില്‍ അപ്ലോഡ് ചെയ്തിരുന്നത്. ഡേറ്റ നല്‍കുന്നതിന് നിരവധി ഉപാധികള്‍ കോടതി നിര്‍ദേശിച്ചിരുന്നു. തുടര്‍ന്നാണ് അപ്ലോഡിങ് അവസാനിപ്പിച്ചത്.
ഏപ്രില്‍ 13മുതല്‍ സ്പ്രിന്ക്ലറിെന്റ വെബ് വിലാസം (യൂനിഫോം റിസോഴ്സ് ലൊക്കേറ്റര്‍) ലഭിച്ചിരുന്നില്ല. ഇതോടെയാണ് വ്യക്തിഗത വിവരം അപ്ലോഡ് ചെയ്യുന്നത് തദ്ദേശസ്ഥാപനങ്ങള്‍ അവസാനിപ്പിച്ചത്. കോവിഡ് രോഗികളുടെയും നിരീക്ഷണത്തിലും ക്വാറന്റീനിലും കഴിയുന്നവരുടെയും എണ്ണം ശേഖരിക്കുകമാത്രമാണ് ഇപ്പോള്‍ ചെയ്യുന്നത്. വിവരങ്ങള്‍ അപ്ലോഡ് ചെയ്യുന്നതില്‍ തദ്ദേശസ്ഥാപനങ്ങള്‍ക്ക് തടസ്സം നേരിട്ടതോടെ നഗരകാര്യ- പഞ്ചായത്ത് ഡയറക്ടറേറ്റുകളില്‍ സഹായം തേടിയപ്പോഴാണ് വകുപ്പ് മേധാവികള്‍ ഉള്‍പ്പെടെ വിവരം അറിഞ്ഞത്.
ഹൗസ് വിസിറ്റ് (housevisit.kerala. gov.in) എന്ന മറ്റൊരു സൈറ്റിലേക്ക് വിവരങ്ങള്‍ അപ്ലോഡ് ചെയ്യാനായിരുന്നു വാക്കാല്‍ നിര്‍ദേശം. എന്നാല്‍ അതും ഫലപ്രദമായില്ലെന്നാണ് അറിയുന്നത്. പക്ഷേ, ഇക്കാര്യവും തദ്ദേശ വകുപ്പ് അറിഞ്ഞിട്ടില്ലത്രേ. ഇതോടെ തദ്ദേശസ്ഥാപനങ്ങള്‍ വഴിയുള്ള വ്യക്തിഗത വിവരശേഖരണം പൂര്‍ണമായി നിലച്ചു.
നിലവിൽ ശേഖരിക്കുന്ന വിവരങ്ങള്‍ ഇന്‍ഫര്‍മേഷന്‍ കേരള മിഷന്റെ പാന്‍ഡമിക് എല്‍.എസ്.ജി.ഡി എന്ന ആപ്ലിക്കേഷനിലൂടെയാണ് തദ്ദേശസ്ഥാപനങ്ങള്‍ അപ്ലോഡ് ചെയ്യന്നത്. ഇതില്‍ വ്യക്തിവിവരമില്ല. അതേസമയം, തദ്ദേശസ്ഥാപനങ്ങള്‍ സ്വന്തം നിലക്ക് വിവരങ്ങള്‍ ശേഖരിച്ച് ഡേറ്റാ ഷീറ്റ് തയാറാക്കുന്നുണ്ട്. ചില കോര്‍പറേഷനുകളില്‍ സ്വന്തമായി മൊബൈല്‍ ആപ്ലിക്കേഷനും വെബ്സൈറ്റും തയാറാക്കിയിട്ടുണ്ട്. ഇവര്‍ ശേഖരിക്കുന്ന വ്യക്തിഗത വിവരങ്ങള്‍ ഉൾപ്പെടെ ഇതില്‍ അപ്ലോഡ് ചെയ്യുന്നുണ്ട്.
Post Your Comments