കറുകച്ചാൽ: കോവിഡ് ഭീതി നിലനിൽക്കുന്ന റെഡ് സോണായ കോട്ടയം ജില്ലാ അതിർത്തിയിൽ കൂടുതൽ കരുതലോടെ പൊലീസ്. കോട്ടയം- പത്തനംതിട്ട ജില്ലകളുടെ അതിർത്തി പങ്കിടുന്ന കുളത്തൂർമൂഴിയിൽ വാഹന ഗതാഗതം തടസ്സപ്പെടുത്താൻ പൊലീസ് മെറ്റിൽ കൂനകൂട്ടി റോഡ് താൽക്കാലികമായി അടച്ചു.
പെരുമ്പെട്ടി പൊലീസ് ഇരു ജില്ലകളിലൂടെ കടന്നു പോകുന്ന മണിമലയാറിനു കുറുകെയുള്ള കുളത്തൂർമൂഴി പാലത്തിന്റെ പത്തനംതിട്ട ഭാഗത്താണ് മെറ്റിലും ബാരിക്കേഡുകളും ജിഐ ഇരുമ്പ് പൈപ്പുകളും വീപ്പകളും ഉപയോഗിച്ച് റോഡ് അടച്ച് പ്രതിരോധം ഉറപ്പാക്കിയത്.
മുൻപ് ജിഐ പൈപ്പുകളും ബാരിക്കേഡും ടാർ വീപ്പകളും മാത്രം ഉപയോഗിച്ചാണ് റോഡ് താൽക്കാലികമായി അടച്ചിരുന്നത്. എന്നാൽ ഇത് അഴിച്ചു മാറ്റി ആളുകൾ വാഹനങ്ങളുമായി കടന്നുപോകാൻ തുടങ്ങിയപ്പോഴാണ് മെറ്റിൽ കൂന കൂടിയിട്ട് അതിർത്തി സുരക്ഷിതമാക്കിയതെന്ന് പെരുമ്പെട്ടി സിഐ അറിയിച്ചു. റോഡ് അടച്ചതോടെ ഈ ഭാഗങ്ങളിൽ നിന്നു കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് പോകാൻ കിലോമീറ്ററുകൾ സഞ്ചരിച്ച് മണിമലയിലോ, മല്ലപ്പള്ളിയിലോ എത്തണം.
Post Your Comments