ന്യൂഡല്‍ഹി: കോവിഡ് ചികിത്സയ്‌ക്കു തുണയായി ഡോക്‌ടര്‍മാരെയും നഴ്‌സുമാരെയും മറ്റു പാരാമെഡിക്കല്‍ ജീവനക്കാരെയും അയയ്‌ക്കണമെന്ന യു.എ.ഇയുടെയും കുവൈത്തിന്റെയും അഭ്യര്‍ഥനയ്‌ക്ക് ഇന്ത്യയുടെ പച്ചക്കൊടി. മൗറീഷ്യസ്, ആഫ്രിക്കന്‍ ദ്വീപുരാജ്യമായ കൊമോറോസ് എന്നിവരും സഹായം തേടി. കൂടുതല്‍ ഗള്‍ഫ് രാജ്യങ്ങളും വൈദ്യസഹായത്തിന് ഇന്ത്യയെ സമീപിക്കാനുള്ള തയാറെടുപ്പിലാണ്.
കോവിഡിനെതിരായ പോരാട്ടത്തില്‍ കുവൈത്താണ് ആദ്യം ഇന്ത്യയുടെ സഹായം തേടിയത്.
കുവൈത്ത് പ്രധാനമന്ത്രി ഷെയ്‌ഖ് സബാ അല്‍ ഖാലിദ് അല്‍ ഹമദ് അല്‍ സബാ പ്രധാനമന്ത്രി നരേന്ദ്ര മോഡിയോട് ഇക്കാര്യം സംസാരിച്ചതിനു പിന്നാലെ വ്യോമസേനയുടെ പതിനഞ്ചംഗ ദ്രുത കര്‍മസംഘം കുവൈത്തിലേക്കു പുപ്പെട്ടു. അവര്‍ ദൗത്യം പൂര്‍ത്തിയാക്കി കഴിഞ്ഞ തിങ്കളാഴ്‌ച മടങ്ങിയെത്തിയതിനു വീണ്ടും സഹായാഭ്യര്‍ഥനയെത്തി. പിന്നാലെ യു.എ.ഇയും സഹായം തേടി. കുവൈത്തിലേക്കും യു.എ.ഇയിലേക്കും മുന്‍ മിലിട്ടറി ഡോക്‌ടര്‍മാരുടെയും നഴ്‌സുമാരുടെയും ടെക്‌നീഷ്യന്മാരുടെയും സംഘത്തെ അയയ്‌ക്കുന്നതിനു തത്വത്തില്‍ അനുമതി നല്‍കിയതായി മുതിര്‍ന്ന ഉദ്യോഗസ്‌ഥര്‍ അറിയിച്ചു.
കുവൈത്ത്, യു.എ.ഇ. എന്നിവര്‍ക്കു സഹായമെത്തിക്കാനുള്ള നടപടി തുടങ്ങി. സൈന്യത്തിലെ ആരോഗ്യവിഭാഗത്തില്‍നിന്നു വിരമിച്ച ഉദ്യോഗസ്‌ഥര്‍ക്കു ഗള്‍ഫ് രാജ്യങ്ങളെ സഹായിക്കാന്‍ താല്‍പ്പര്യമുണ്ടെങ്കില്‍ അറിയിക്കാന്‍ നിര്‍ദേശം നല്‍കി. നിലവില്‍ സര്‍വീസിലുള്ളവരെ ഇവിടെ ആവശ്യമുള്ളതിനാലാണു വിരമിച്ചവരുടെ സേവനം ലഭ്യമാക്കാന്‍ തീരുമാനിച്ചത്. നേരത്തേ മിക്കവാറും എല്ലാ ഗള്‍ഫ് രാജ്യങ്ങള്‍ക്കും ഹൈഡ്രോക്‌സി ക്ലോറോക്വിന്‍, പാരാസെറ്റമോള്‍ ഗുളികകള്‍ നല്‍കിയിരുന്നു.
ഈ പ്രതിസന്ധിഘട്ടത്തില്‍ ഇന്ത്യ ഗള്‍ഫ് രാജ്യങ്ങള്‍ക്കു സവിശേഷ സഹായം നല്‍കിയതിനോട് അവര്‍ ഹൃദ്യമായാണു പ്രതികരിച്ചതെന്ന് ഉദ്യോഗസ്‌ഥര്‍ വിശദീകരിച്ചു.കൊമോറോസിലേക്കും മൗറീഷ്യസിലേക്കും സൈന്യത്തിന്റെ ദ്രുതകര്‍മ സംഘത്തെ ഹ്രസ്വകാലത്തേക്ക് അയയ്‌ക്കാനും തീരുമാനമായി.കോവിഡ് വ്യാപിച്ചതോടെ യു.എ.ഇയും കുവൈത്തും വിദേശപൗരന്മാരെ തിരിച്ചയയയ്‌ക്കാന്‍ സത്വര നടപടിയെടുത്തെങ്കിലും ഇന്ത്യക്കാരുടെ കാര്യത്തില്‍ അതിനു മുതിര്‍ന്നില്ല.
ഇവരെ സ്വീകരിക്കാന്‍ സംസ്‌ഥാനങ്ങളില്‍ മതിയായ സൗകര്യമില്ലാത്തതിനാല്‍ ഇന്ത്യക്കാരെ തിരിച്ചയയ്‌ക്കാന്‍ തിരക്കുകൂട്ടരുതെന്ന ഇന്ത്യയുടെ അഭ്യര്‍ഥന അവര്‍ സ്വീകരിക്കുകയും ചെയ്‌തു.സ്വന്തം പൗരന്മാരെ തിരിച്ചുകൊണ്ടുപോയില്ലെങ്കില്‍ പിന്നീടു കര്‍ശന നിയന്ത്രണങ്ങള്‍ നേരിടേണ്ടിവരുമെന്നു പല രാജ്യങ്ങള്‍ക്കും മുന്നറിയിപ്പ് നല്‍കിയ ഗള്‍ഫ് രാജ്യങ്ങള്‍ ഇന്ത്യയുടെ കാര്യത്തില്‍ അതൊഴിവാക്കി.
കുവൈത്ത് ഇന്ത്യയില്‍നിന്നു മെഡിക്കല്‍ സേവനം അഭ്യര്‍ഥിച്ച അതേസമയത്താണ് ഇന്ത്യയില്‍ മുസ്ലിംകള്‍ മോശം പെരുമാറ്റത്തിന് ഇരയാകുന്നെന്ന പ്രചാരണം കത്തിപ്പടര്‍ന്നത്. ഇതു പാക് ആഭിമുഖ്യമുള്ള തല്‍പ്പരകക്ഷികള്‍ നടത്തുന്ന വ്യാജ പ്രചാരണമാണെന്നു ബോധ്യപ്പെടുത്താന്‍ ഇന്ത്യയുടെ സൗഹൃദപൂര്‍ണമായ സമീപനത്തിനു കഴിഞ്ഞെന്നും ഉദ്യോഗസ്‌ഥര്‍ വിശദീകരിച്ചു.
Post Your Comments