തിരുവനന്തപുരം: ലോക്ക് ഡൗൺ പ്രതിസന്ധിയിൽ വലഞ്ഞ് കൈത്തറി തൊഴിലാളികൾ. കുടിശിക കൂലി ലഭിക്കാത്തതിനൊപ്പം കോവിഡ് വിലക്ക് കൂടി വന്നപ്പോൾ കൈത്തറി തൊഴിലാളികൾക്ക് പിടിച്ചു നിൽക്കാനായില്ല.
സർക്കാരിന്റെ സൗജന്യ സ്‌കൂൾ യൂണിഫോം പദ്ധതിയിൽ യൂണിഫോം നെയ്‌തതിന്റെ നാലു മാസത്തെ കൂലി ലോക്ക്ഡൗൺ വേളയിലെങ്കിലും അനുവദിക്കുമെന്ന പ്രതീക്ഷയിൽ ദിവസങ്ങളെണ്ണി കഴിയുകയാണ് ഇവർ. ഓരോ മാസം പിന്നിടുമ്പോഴും സർക്കാരിൽ പ്രതീക്ഷയർപ്പിച്ച് കഴിയുന്ന തൊഴിലാളികളിൽ കൂലി ലഭിക്കാത്തതിന്റെ ആശങ്ക കൂടി വരികയാണ്.
തലസ്ഥാന നഗരമായ തിരുവനന്തപുരം ജില്ലയിലെ വിഴിഞ്ഞം, ബാലരാമപുരം, ഊരൂട്ടമ്പലം,നേമം, തിരുവനന്തപുരം, കുളത്തൂർ, ചിറയിൻകീഴ്, നെടുമങ്ങാട്, നെയ്യാറ്റിൻകര, നെയ്യാറ്റിൻകര, പാറശാല, അവണാകുഴി, വെങ്ങാനൂർ, തിരുപുറം, കാഞ്ഞിരംകുളം, കരുംങ്കുളം എന്നീ സർക്കിളുകളിലായി 300ഓളം പ്രാഥമിക കൈത്തറി സംഘങ്ങളും 5000ത്തോളം തൊഴിലാളികളുമാണ് ഉള്ളത്.
കൈത്തറി തൊഴിലാളികൾക്ക് ക്ഷേമനിധി ബോർഡിൽ നിന്നും 750 രൂപ സഹായധനം പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ജില്ലയിലെ ഭൂരിഭാഗം തൊഴിലാളികളും അംഗങ്ങളല്ലാത്തതു കാരണം അതും ലഭിക്കാത്ത അവസ്ഥയാണ്. ഒരു മീറ്റർ യൂണിഫോം നെയ്‌താൽ തൊഴിലാളിക്ക് 42 രൂപ 50 പൈസയാണ് ലഭിക്കുന്നത്. ഈ കൂലിയാണ് ഇവർക്ക് ഇതുവരെ ലഭിക്കാത്തത്.
ഒരാൾ ഒരു ദിവസം ശരാശരി നെയ്യുന്നത് 5 മീറ്ററാണ്. യൂണിഫോം നെയ്യുന്നതിന് ഒരു കൈത്തറി സംരംഭം ആരംഭിക്കാൻ 12000 രൂപയ്ക്ക് മേൽ ചെലവുണ്ട്. പുതിയ തറി സ്ഥാപിക്കുന്നതിന് സർക്കാരിന്റെ ഭാഗത്തു നിന്നും യാതൊരു സഹായവും ലഭിക്കുന്നില്ലെന്ന് തൊഴിലുടമകൾ പറയുന്നു.
Post Your Comments