ന്യൂഡൽഹി: രാജ്യത്ത് തുടരുന്ന ലോക്ക് ഡൗൺ മേയ് 15 വരെ ഭാഗികമായി മുന്നോട്ട് കൊണ്ട് പോകണമെന്ന് കേരളം കേന്ദ്രത്തോട് ആവശ്യപ്പെട്ടു. അതേസമയം, ഹോട്സ്പോട്ടുകളിൽ കർശന നിയന്ത്രണം, മറ്റിടങ്ങളിൽ അകല വ്യവസ്ഥ, മാസ്ക് ഉൾപ്പെടെയുള്ള മുൻകരുതൽ എന്ന രീതിയാവും മേയ് 3നു ശേഷമെന്ന് പ്രധാനമന്ത്രി സൂചിപ്പിച്ചു.
മേയ് 3നു ശേഷവും നിലവിലെ രീതിയിൽ ലോക്ഡൗൺ തുടരുന്നതാണ് ഉചിതമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നടത്തിയ ചർച്ചയിൽ ഭൂരിപക്ഷം മുഖ്യമന്ത്രിമാരും നിർദേശിച്ചു. രോഗം ബാധിക്കാത്ത സംസ്ഥാനങ്ങളിലും ജില്ലകളിലുമുൾപ്പെടെ, കർശന നിയന്ത്രണമില്ലാത്ത സ്ഥലങ്ങളിൽ ജില്ലകൾക്കുള്ളിൽ പൊതുഗതാഗതം അനുവദിക്കുന്നതും പരിഗണനയിലുണ്ടെന്നു സർക്കാർ വൃത്തങ്ങൾ പറഞ്ഞു. ജില്ലകൾ കടന്നുള്ള പൊതുഗതാഗതം തൽക്കാലം ഉണ്ടാവില്ല.
മുഖ്യമന്ത്രിമാരിൽ നിന്നു ലഭിച്ച അഭിപ്രായങ്ങൾക്കൂടി പരിശോധിച്ച് തുടർനടപടികൾ ഏതാനും ദിവസത്തിനുള്ളിൽ തീരുമാനമെടുക്കുമെന്ന് സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കി. കോവിഡ് ഭീഷണി അവസാനിച്ചെന്നു കരുതാനേ പറ്റില്ലെന്നും അതീവ ജാഗ്രത വേണമെന്നും പ്രധാനമന്ത്രി പറഞ്ഞു.
ALSO READ: കേരളത്തിന്റെ കിറ്റ് പരിശോധന പ്രതിസന്ധിയിൽ; ഐസിഎംആര്‍ അനുമതി കാത്ത് സംസ്ഥാനം
സംസ്ഥാനങ്ങൾക്കും വിവിധ വ്യവസായ– വാണിജ്യ മേഖലകൾക്കും തൊഴിൽ നഷ്ടപ്പെടുന്നവർക്കുമുള്ള സാമ്പത്തിക പാക്കേജ് കേരളമുൾപ്പെടെ പല സംസ്ഥാനങ്ങളും ആവശ്യപ്പെട്ടു. മേഘാലയ, ഒഡീഷ, ഗോവ എന്നീ സംസ്ഥാനങ്ങൾ ലോക്ഡൗൺ ഒരു മാസത്തേക്കു നീട്ടണമെന്ന് ആവശ്യപ്പെട്ടു.
Post Your Comments