ന്യൂഡല്‍ഹി: പ്രവാസികളെ ഇന്ത്യയിലേയ്ക്ക് തിരികെ എത്തിയ്ക്കാന്‍ തയ്യാറെടുത്ത് എയര്‍ ഇന്ത്യയും നാവികസേനയും. ഇതിനായി ഇരുവിഭാഗങ്ങള്‍ക്കും കേന്ദ്രം പ്രത്യേക നിര്‍ദേശങ്ങള്‍ നല്‍കി. വിദേശരാജ്യങ്ങളിലെ ഇന്ത്യക്കാരെ തിരികെയെത്തിക്കുന്നതിന്റെ ഭാഗമായി തയാറെടുപ്പുകള്‍ പൂര്‍ത്തീകരിക്കാനാണ് എയര്‍ ഇന്ത്യക്കും ഇന്ത്യന്‍ നേവിക്കും കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയത്. സാഹചര്യം വിലയിരുത്തി പദ്ധതി തയാറാക്കുകയാണെന്നും എയര്‍ ഇന്ത്യക്കും നേവിക്കും നിര്‍ദേശം നല്‍കിയതായും കേന്ദ്ര സര്‍ക്കാറിലെ ഉന്നത ഉദ്യോഗസ്ഥന്‍ പറഞ്ഞതായി വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്യുന്നു. വിമാനങ്ങളും കപ്പലുകളും ഒരുക്കി നിര്‍ത്താനാണ് നിര്‍ദേശം.
അതേസമയം, പ്രവാസികള്‍ തിരികെയെത്തുമ്പോള്‍ സ്വീകരിക്കേണ്ട നടപടികള്‍ സംസ്ഥാനങ്ങളുമായി ചര്‍ച്ച ചെയ്തതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു. മൂന്ന് യുദ്ധക്കപ്പലുകളിലായി 1500 പേരെ ഗള്‍ഫ് രാജ്യങ്ങളില്‍നിന്ന് തിരികെയെത്തിക്കാനാകുമെന്ന് നാവികസേന അറിയിച്ചിട്ടുണ്ട്. ഇന്ത്യക്ക് 500 വിമാനങ്ങള്‍ തയാറായി ഉണ്ടെന്നും പ്രവാസികളെ തിരിച്ചെത്തിക്കാന്‍ ഇവ സജ്ജമാണെന്നും സിവില്‍ ഏവിയേഷന്‍ മന്ത്രാലയം അധികൃതര്‍ സര്‍ക്കാറിനെ അറിയിച്ചതായാണ് വിവരം.
1.2 കോടി ഇന്ത്യക്കാര്‍ വിദേശ രാജ്യങ്ങളിലുണ്ടെന്നാണ് കണക്ക്. ഇവരില്‍ തിരികെ വരാന്‍ സന്നദ്ധരായവരെയാണ് എത്തിക്കുക. 70 ശതമാനം വിദേശ ഇന്ത്യക്കാരും ഗള്‍ഫ് രാജ്യങ്ങളിലാണുള്ളത്. പ്രവാസികള്‍ തിരികെയെത്തുമ്പോള്‍ ഇവര്‍ക്കായി ക്വാറന്റീന്‍, പുനരധിവാസ പദ്ധതികള്‍ സംസ്ഥാന സര്‍ക്കാറുകളുടെ നേതൃത്വത്തില്‍ പുരോഗമിക്കുകയാണ്.
Post Your Comments