ചാത്തന്നൂര്‍ : കോവിഡ് സ്ഥിരീകരിച്ച ആരോഗ്യ പ്രവര്‍ത്തക, ജോലിയുടെ ഭാഗമായി സന്ദര്‍ശിച്ചതു 480 വീടുകള്‍. കൊലത്ത് ചാത്തന്നൂരിലെ ആരോഗ്യ പ്രവര്‍ത്തകയ്ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. എംസി പുരം വാര്‍ഡില്‍ വീടുകളില്‍ വിവര ശേഖരണത്തിനും മറ്റുമായാണ് ഇവര്‍ എത്തിയത്. സംസ്ഥാനത്ത് കോവിഡ് ബാധിച്ച ആദ്യ ആശ പ്രവര്‍ത്തകയാണ് മീനാട് സ്വദേശിയായ നാല്‍പത്തിയേഴുകാരി. രോഗം സ്ഥിരീകരിച്ചവരില്‍ സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ പേരുമായി സമ്പര്‍ക്കം പുലര്‍ത്തിയതും ഇവരാണെന്നാണു സൂചന
രണ്ടു ദിവസത്തിനിടെ 94 വീടുകളിലെ കിണറ്റില്‍ ക്ലോറിന്‍ കലര്‍ത്താന്‍ എത്തി. ഒരു സഹായിയും ഒപ്പമുണ്ടായിരുന്നു. പാലിയേറ്റീവ് ഹോം കെയറിന്റെ ഭാഗമായി 3 വീടുകളിലും പോയിരുന്നു. കിടപ്പു രോഗികള്‍ക്ക് യൂറിന്‍ ട്യൂബ് മാറ്റുന്നതിനും മറ്റും നഴ്‌സിനെ സഹായിക്കുകയും ചെയ്തു. ഗള്‍ഫ് നാടുകളില്‍ നിന്നും മറ്റും എത്തി നിരീക്ഷണത്തില്‍ കഴിഞ്ഞ 17 പേരുടെ വീടുകളിലും എത്തി.
23നു ചാത്തന്നൂര്‍ കുടുംബാരോഗ്യ കേന്ദ്രത്തില്‍ ഒപി റജിസ്‌ട്രേഷന്‍ കൗണ്ടറില്‍ ജോലി ചെയ്തു. 139 പേര്‍ ഒപിയില്‍ അന്ന് എത്തിയിരുന്നു. ഈസ്റ്ററിന്റെ തലേന്നും ഒപി കൗണ്ടറില്‍ ടിക്കറ്റ് നല്‍കാന്‍ ഉണ്ടായിരുന്നു. 23നു കുട്ടികളുടെ പ്രതിരോധ കുത്തിവയ്പ് ഉണ്ടായിരുന്നെങ്കിലും ആ സെക്ഷനില്‍ ബന്ധപ്പെട്ടില്ല. ഇവര്‍ക്ക് രോഗം എവിടെ നിന്നു ബാധിച്ചു എന്നു കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.
ആരോഗ്യ പ്രവര്‍ത്തകയ്ക്ക് ഇതുവരെ രോഗ ലക്ഷണം പ്രകടമല്ല. പൊതു പരിശോധനയുടെ ഭാഗമായി 6 പേരുടെ സാംപിള്‍ 23നു ചാത്തന്നൂര്‍ കുടുംബാരോഗ്യ കേന്ദ്രത്തില്‍ ശേഖരിച്ചിരുന്നു. കൂടുതല്‍ പേരുമായി സഹകരിക്കുന്നതിനാല്‍ അവിചാരിതമായി ആരോഗ്യ പ്രവര്‍ത്തകയെ പരിശോധിക്കുകയായിരുന്നു. മുഖാവരണം ധരിച്ച്, വീട്ടിനുള്ളില്‍ കയറാതെ സാമൂഹിക അകലം പാലിച്ചാണു വിവരശേഖരണം നടത്തിയത്.
Post Your Comments