തിരുവനന്തപുരം: കോവിഡ് ടെസ്റ്റ് നടത്തുന്നതിൽ ആദ്യഘട്ടത്തിൽ മുന്നിലായിരുന്ന കേരളം ഇപ്പോൾ വളരെ പിന്നിൽ. കോവിഡ് രോഗപരിശോധന വർധിപ്പിക്കുമെന്നു സർക്കാർ പതിവായി പറയുന്നുണ്ടെങ്കിലും അതു പ്രാബല്യത്തിൽ വരുന്നില്ലെന്നാണ് സത്യം. കഴിഞ്ഞ 5 ദിവസത്തിനിടെ കേരളത്തിൽ നടത്തിയത് 2108 പരിശോധനകൾ മാത്രം. പ്രതിദിനശരാശരി 420 പരിശോധനകൾ മാത്രം.
ആദ്യഘട്ടത്തിൽ മുന്നിലായിരുന്ന കേരളം ഇപ്പോൾ മഹാരാഷ്ട്ര, തമിഴ്നാട്, രാജസ്ഥാൻ, ഉത്തർപ്രദേശ്, ഗുജറാത്ത്, ഡൽഹി, കർണാടക, മധ്യപ്രദേശ് ഉൾപ്പെടെയുള്ള സംസ്ഥാനങ്ങൾക്കു പിന്നിലായി. കിറ്റുകൾ ഇല്ലാത്തതിനാൽ പരിശോധന വൈകുന്നുവെന്ന വാർത്തകൾ നേരത്തേ നിഷേധിച്ച മുഖ്യമന്ത്രി കഴിഞ്ഞ ദിവസം അക്കാര്യം അംഗീകരിച്ചു. ഇപ്പോൾ കിറ്റുകൾ ലഭ്യമാണെന്നും പരിശോധന വേഗത്തിലാക്കുമെന്നും അറിയിച്ചു. എന്നാൽ, മറ്റു സംസ്ഥാനങ്ങളിൽ ദിവസേന അയ്യായിരത്തിനു മുകളിൽ പരിശോധന നടക്കുമ്പോൾ കേരളത്തിൽ അഞ്ഞൂറിൽ താഴെ മാത്രം.
ദശലക്ഷത്തിൽ എത്ര പേർക്കു പരിശോധന നടത്തി എന്ന കണക്കു നോക്കിയാലും ഡൽഹി (1567), തമിഴ്നാട് (857), രാജസ്ഥാൻ (848), മഹാരാഷ്ട്ര (714), ഗുജറാത്ത് (652) എന്നീ സംസ്ഥാനങ്ങൾക്കു പിന്നിലാണു കേരളം (593). സർക്കാർ മേഖലയിൽ 14, സ്വകാര്യമേഖലയിൽ 2 ഉൾപ്പെടെ 16 ലാബോറട്ടറികളിലായി കേരളത്തിൽ പ്രതിദിനം 4000 പരിശോധനകൾ വരെ നടത്താൻ സൗകര്യമുണ്ട്. എന്നിട്ടും എന്തുകൊണ്ടാണ് പരിശോധന കൂടാത്തതെന്ന് വിശദീകരിക്കാൻ സർക്കാർ തയാറാകുന്നില്ല.
Post Your Comments