ന്യൂഡല്‍ഹി : കോവിഡ് വിലക്ക് ലംഘിച്ച് തബ്ലീഗ് മത സമ്മേളനം സംഘടിപ്പിച്ച നിസാമുദ്ദീന്‍ മര്‍ക്കസ് തലവൻ മൗലാനാ സാദിനെതിരായ അന്വേഷണം ഊർജ്ജിതമാക്കി ഡൽഹി പോലീസ്. ഡല്‍ഹി പോലീസ് മൗലാനാ സാദിനെ കുറിച്ചുള്ള വിശദമായ വിവരങ്ങള്‍ ശേഖരിച്ച് രേഖാ സമാഹാരം തയ്യാറാക്കി.
മൗലാനാ സാദിന്റെ മക്കളായ മുഹമ്മദ് യൂസഫ്, മുഹമ്മദ് സയീദ്, മുഹമ്മദ് ഇലിയാസ് മരുമകന്‍ ഓവൈസ് എന്നിവരാണ് മര്‍ക്കസിലെ സാമ്പത്തിക ഇടപാടുകള്‍ കൈകാര്യം ചെയ്യുന്നത് എന്നാണ് പോലീസിന് ലഭിച്ചിരിക്കുന്ന വിവരം. വിദേശത്തു നിന്നുമുള്ള ഫണ്ട് ഉപയോഗിച്ച് രണ്ട് കോടി രൂപയുടെ സ്വത്തു വകകള്‍ സാദ് സ്വന്തമാക്കിയതായും സംശയിക്കുന്നു. കഴിഞ്ഞ ദിവസം ഫാം ഹൗസില്‍ നടത്തിയ പരിശോധനയില്‍ ഇതുമായി ബന്ധപ്പെട്ട രേഖകള്‍ പോലീസിന് ലഭിച്ചിട്ടുണ്ടെന്നാണ് സൂചന. കേസുമായി ബന്ധപ്പെട്ട് സാദിന്റെ മക്കളെയും മറ്റ് കുടുംബാംഗങ്ങളെയും ഉള്‍പ്പെടുത്തിയാണ് ഡല്‍ഹി പോലീസ് രേഖാ സമാഹാരം തയ്യാറാക്കിയിരിക്കുന്നത്.
മൗലാനാ അബ്ദുള്‍ റഹ്മാന്‍ എന്നയാളാണ് സാദിന്റെ ഏറ്റവും അടുത്ത ബന്ധു. സാഖിര്‍ നഗറിലെ ആറു നില കെട്ടിടത്തില്‍ ആണ് ഇയാൾ താമസിക്കുന്നത്. പോലീസ് അന്വേഷിക്കുന്നത് അറിഞ്ഞ് സാദ് ആദ്യം ഇവിടെ ഒളിച്ചു കഴിഞ്ഞെന്നാണ് പോലീസ് കരുതുന്നത്. മര്‍ക്കസുമായി ബന്ധപ്പെട്ട് സാമ്പത്തിക ക്രമക്കേട് കണ്ടെത്തിയതിനാല്‍ മൗലാനാ സാദിന്റെ 11 ബാങ്ക് അക്കൗണ്ടുകളും നിലവില്‍ ക്രൈംബ്രാഞ്ച് നിരീക്ഷണത്തിലാണ്. സാദിന്റെ മൊബൈല്‍ ഫോണ്‍ ട്രാക്ക് ചെയ്യാനുള്ള ശ്രമവും നടക്കുന്നുണ്ട്.
Post Your Comments