
തിരുവനന്തപുരം • വിദേശരാജ്യങ്ങളിലുള്ള ഇന്ത്യാക്കാരില്‍ കോവിഡിന്റെ പശ്ചാത്തലത്തില്‍ മടങ്ങിവരാന്‍ ആഗ്രഹിക്കുന്നവരെ തിരികെ എത്തിക്കുന്നതിനുള്ള എല്ലാ നടപടികളുമായി കേന്ദ്രസര്‍ക്കാര്‍ മുന്നോട്ടു പോകുമ്പോള്‍ പ്രവാസികള്‍ക്കിടയില്‍ തെറ്റിധാരണ പരത്തുന്ന പ്രസ്താവനുകളുമായി സംസ്ഥാന സര്‍ക്കാരും പ്രതിപക്ഷവും രംഗത്തുവരുന്നത് അപലപനീയമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. ഭാവിയില്‍ നാല് വോട്ടുകിട്ടുമെന്ന പ്രതീക്ഷയിലാണ് യൂഡിഎഫും എല്‍ഡിഎഫും ഈ വിഷയത്തെ സമീപിക്കുന്നത്. അവര്‍ നീചരാഷ്ട്രീയത്തിന്റെ വക്താക്കളാകുകയാണ്. പ്രതിസന്ധികാലത്ത് എരിതീയില്‍ എണ്ണയൊഴിക്കുന്ന സമീപനമാണിതെന്ന് കെ.സുരേന്ദ്രന്‍ പ്രസ്താവനയില്‍ പറഞ്ഞു.
ലോകം മുഴുവന്‍ കോവിഡ് മഹാമാരിക്കെതിരായ യുദ്ധത്തിലാണ്. അതില്‍ നിന്ന് രാജ്യത്തെ രക്ഷിക്കാനുള്ള കടുത്ത നടപടികളിലൂടെയാണ് കേന്ദ്രസര്‍ക്കാര്‍ മുന്നോട്ടു പോകുന്നത്. പ്രവാസികളെ ശരിയായ സമയത്ത് തിരികെ എത്തിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുള്ളതാണ്. അതിനു വേണ്ടിയുള്ള സജ്ജീകരണങ്ങള്‍ ഒരുക്കുകയാണിപ്പോള്‍ ചെയ്തു കൊണ്ടിരിക്കുന്നത്. കോടതിയലടക്കം ഇത് കേന്ദ്രം വ്യക്തമാക്കിയിട്ടുള്ളതുമാണ്.
അത്തരം സാഹചര്യത്തില്‍ നീചരാഷ്ട്രീയം കളിക്കാനാണ് കോണ്‍ഗ്രസ്സും സിപിഎമ്മും ശ്രമിക്കുന്നത്. പ്രവാസികളെ തിരികെ കൊണ്ടുവന്നാല്‍ അവരെ ഉള്‍ക്കൊള്ളാന്‍ എല്ലാ തരത്തിലും കേരളം സജ്ജമാണെന്നും എന്നാല്‍ കേന്ദ്രസര്‍ക്കാര്‍ അതിനു തയ്യാറാകുന്നില്ലെന്നുമുള്ള പ്രസ്താവനകളാണ് മന്ത്രിമാരും പ്രതിപക്ഷ നേതാവുമുള്‍പ്പടെയുള്ളവര്‍ പ്രചരിപ്പിക്കുന്നത്. വസ്തുതകള്‍ അറിയാമായിരുന്നിട്ടും തെറ്റിധാരണ പരത്തി നേട്ടമുണ്ടാക്കാനുള്ള ശ്രമമാണിതിനു പിന്നില്‍. ലോക്ക് ഡൗണ്‍ കഴിയുന്ന മുറയ്ക്ക് പ്രവാസികളെ എത്തിക്കാനും സംസ്ഥാനത്ത് തൊഴിലെടുക്കുന്ന ഇതര സംസ്ഥാന തൊഴിലാളികളെ അവരുടെ നാടുകളിലേക്ക് അയക്കാനുമുള്ള സംവിധാനമാണ് കേന്ദ്രസര്‍ക്കാര്‍ ഒരുക്കുന്നത്. വസ്തുതകളിതായിരിക്കെ തെറ്റിധാരണകള്‍ പരത്തുന്നതിൽ നിന്ന് സര്‍ക്കാരും പ്രതിപക്ഷവും പിന്തിരിയണമെന്ന് സുരേന്ദ്രന്‍ ആവശ്യപ്പെട്ടു.
Post Your Comments