കൊല്‍ക്കത്ത: പശ്ചിമബംഗാളില്‍ കൊറോണ വൈറസ് ബാധിച്ച് 57 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. നേരത്തെ സര്‍ക്കാര്‍ 18 പേരാണ് സംസ്ഥാനത്ത് മരിച്ചതെന്നാണ് അറിയിച്ചത്. എന്നാല്‍ കേന്ദ്രത്തിന്റെ പ്രത്യേക സംഘം പരിശോധനയ്ക്ക് എത്തിയപ്പോഴാണ് യഥാര്‍ത്ഥ കണക്ക് കൊറോണ ഓഡിറ്റ് കമ്മിറ്റി പുറത്തുവിട്ടത്. 57 പേരില്‍ 39 പേര്‍ക്കും മറ്റ് രോഗങ്ങളുണ്ടെന്നും അതാണ് മരണത്തിന് ആക്കം കൂട്ടിയതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. നേരത്തെ സര്‍ക്കാര്‍ വക്താക്കളും ചീഫ് സെക്രട്ടറി രാജീവ് സിന്‍ഹയും 18പേര്‍ മാത്രമാണ് മരിച്ചെന്നാണ് മാധ്യമങ്ങളോട് പറഞ്ഞത്.
സംസ്ഥാനത്തെ ഡെത്ത് കമ്മിറ്റിയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.സംസ്ഥാനത്തെ കൊറോണയുമായി ബന്ധപ്പെട്ട നടപടികള്‍ വീക്ഷിക്കുന്നതിനായി കേന്ദ്രം സംഘം ദിവസങ്ങള്‍ക്ക് മുമ്പ് ബംഗാളില്‍ എത്തിയിരുന്നു. കൊറോണ രോഗം ബാധിച്ച് മരിച്ചവരുടെ വിവരങ്ങള്‍ ഇവര്‍ ചോദിച്ചിരുന്നു. മരിച്ചവരുടെ എണ്ണം സംബന്ധിച്ച് സംഘം ചോദ്യങ്ങള്‍ ചോദിച്ചപ്പോഴാണ് യഥാര്‍ത്ഥ കണക്ക് സര്‍ക്കാരിന് പുറത്തുവിടേണ്ടി വന്നത്. കേന്ദ്ര സംഘത്തിന്റെ തലവന്‍ അപൂര്‍വ ചന്ദ്ര കൊവിഡ് മരണത്തിന്റെ റിപ്പോര്‍ട്ട് സംസ്ഥാന സര്‍ക്കാരിനോട് കത്ത് മുഖേന ആവശ്യപ്പെട്ടിരുന്നു.
ഈ പട്ടികയില്‍ മരണപ്പെട്ടവരുടെ കാരണങ്ങള്‍ മറ്റ് രോഗം ബാധിച്ചാണെന്ന് ഡോക്ടര്‍മാര്‍ സാക്ഷ്യപ്പെടുത്തിയിരുന്നു. ഇതാണ് കേന്ദ്ര സംഘത്തിന് സംശയത്തിനിടയാക്കിയത്. സംസ്ഥാനത്തെ കൊറോണ രോഗികളുടെ കണക്ക് സംബന്ധിച്ച് കേന്ദ്ര സംഘത്തിന് സംശയങ്ങളുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് മമത സര്‍ക്കാര്‍ വെളിപ്പെടുത്തലുമായി രംഗത്തെത്തിയത്.
അതേസമയം, ലോക്ക് ഡൗണ്‍ സംവിധാനങ്ങള്‍ പരിശോധിക്കാനെത്തിയ കേന്ദ്ര സംഘത്തിന് ആവശ്യമായ സഹായങ്ങള്‍ സര്‍ക്കാര്‍ ലഭ്യമാക്കിയില്ലെന്ന് ആരോപണം ഉയര്‍ന്നിരുന്നു. എന്നാല്‍ എല്ലവിധ സഹായങ്ങളും സംസ്ഥാന സര്‍ക്കാര്‍ ചെയ്തുകൊടുത്തെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന് അയച്ച കത്തില്‍ ബംഗാള്‍ സര്‍ക്കാര്‍ അറിയിച്ചിരുന്നു
Post Your Comments