ബെംഗളൂരു • ബെംഗളൂരുവില്‍ ആരോഗ്യപ്രവര്‍ത്തകരെ ആക്രമിച്ച രണ്ട് പേര്‍ക്ക് കൊറോണ വൈറസ് പോസിറ്റീവ് സ്ഥിരീകരിച്ചു. റിപ്പോർട്ട് പ്രകാരം, ഏപ്രിൽ 19 ന് ബെംഗളൂരുവിലെ പടാരായണപുര വാർഡില്‍ പരിശോധനയ്ക്കെത്തിയ ആരോഗ്യ പ്രവര്‍ത്തകരെ അക്രമിച്ചവരില്‍ രണ്ട്പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.
വീടുകള്‍ കേന്ദ്രീകരിച്ച് പരിശോധനയ്ക്ക് എത്തിയ ആരോഗ്യപ്രവര്‍ത്തകരാണ് അക്രമണത്തിന് ഇരയായത്. ആരോഗ്യ പ്രവർത്തകരുടെ സംഘത്തെ പ്രദേശത്തെ ചില യുവാക്കൾ ജോലി ചെയ്യാന്‍ അനുവദിച്ചില്ല. ആരോഗ്യ പ്രവർത്തകർ സ്ഥാപിച്ച ടെന്റുകളും നശിപ്പിക്കപ്പെട്ടു. അവരെ പ്രദേശത്ത് നിന്നും പുറത്താക്കി. ആരോഗ്യ പ്രവർത്തകരുമായി സഹകരിക്കാതിരുന്നതിന് 54 പേരെ ബെംഗളൂരു പോലീസ് പിന്നീട് അറസ്റ്റ് ചെയ്തിരുന്നു.
വീഡിയോ തെളിവുകൾ പരിശോധിച്ച് കൂടുതൽ അന്വേഷണം നടത്തിയ ശേഷം കേസിൽ 69 പേരെ കൂടി പോലീസ് അറസ്റ്റ് ചെയ്തു. ഈ സംഭവത്തിന് പിന്നിലെ സൂത്രധാരനായ ഇമ്രാൻ ഇപ്പോഴും ഒളിവിലാണ്.
അറസ്റ്റിലായ ഈ 123 പേരെയും സാമൂഹ്യ അകലം പാലിക്കുന്നതിനായി രാംനഗർ ജയിലിലേക്ക് മാറ്റി. ഇവരിലെ രണ്ടുപേര്‍ക്കാണ് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇവരുമായി സമ്പർക്കം പുലർത്തിയിരുന്ന എല്ലാവരേയും ആരോഗ്യ അധികൃതർ കസ്റ്റഡിയിലെടുത്തു. രോഗം ബാധിച്ച രണ്ട് പേരെ ജയിലിൽ നിന്നും ബെംഗളൂരുവിലെ ആശുപത്രിയിലേക്ക് മാറ്റി.
Post Your Comments