പത്തനംതിട്ട : കൊടുമണ്ണിലെ കൊലപാതകത്തില്‍ കുറ്റകൃത്യത്തിന് ഇരയായിട്ടുള്ളതോ, നിയമവുമായി പൊരുത്തപ്പെടാത്ത കുട്ടികളുടെയോ, ദൃശ്യങ്ങളും വിവരങ്ങളും പ്രചരിപ്പിക്കുന്നത് ശിക്ഷാര്‍ഹമാണെന്ന് ജില്ലാ കളക്ടര്‍ പി.ബി. നൂഹ് അറിയിച്ചു. കുട്ടിയുടെ പേര്, വിലാസം, സ്‌കൂള്‍, കുട്ടിയെ തിരിച്ചറിയാന്‍ കഴിയുന്ന വിധത്തിലുള്ള മറ്റ് ഏതെങ്കിലും ദൃശ്യങ്ങളോ, വിവരങ്ങളോ പത്രങ്ങളിലോ, മാസികകളിലൊ, സമൂഹമാധ്യമങ്ങളിലോ, അന്വേഷണത്തിന്റെ ഭാഗമായോ, കോടതി നടപടികളുടെ ഭാഗമായോ പ്രസിദ്ധപ്പെടുത്താന്‍ പാടില്ല.
നിയമവുമായി പൊരുത്തപ്പെടാത്ത കുട്ടികളുടെയോ, ശ്രദ്ധയും സംരക്ഷണവും ആവശ്യമുള്ള കുട്ടികളെയോ തിരിച്ചറിയാന്‍ കഴിയുന്ന വിവരങ്ങള്‍, ചിത്രങ്ങള്‍, വീഡിയോ എന്നിവ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. നിയമവുമായി പൊരുത്തപ്പെടാത്ത കുട്ടികള്‍, മരണപ്പെട്ട കുട്ടിയുടെ ശരീരത്തില്‍ നിന്നും മണ്ണുമാറ്റി മൃതദേഹം പുറത്തെടുക്കുന്നതായുള്ള വീഡിയോ ദൃശ്യമാണ് പ്രചരിക്കുന്നത്.
ബാലനീതി നിയമം (ശ്രദ്ധയും സംരക്ഷണം) 2015 വകുപ്പ് 74 സെക്ഷന്‍ ഒന്ന്, രണ്ട്, മൂന്ന് പ്രകാരം നിയമവുമായി സംഘര്‍ഷത്തില്‍ ഏര്‍പ്പെട്ടിട്ടുള്ളതോ ശ്രദ്ധയും സംരക്ഷണവും ആവശ്യമുള്ളതോ, കുറ്റകൃത്യത്തിന് ഇരയായിട്ടുള്ളതോ, സാക്ഷിയായിട്ടുള്ളതോ ആയ കുട്ടിയുടെ യാതൊരു വിവരങ്ങളും പ്രസിദ്ധപ്പെടുത്താനോ, പ്രചരിപ്പിക്കാനോ പാടില്ലാത്തതാണെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു.
ഇതു ലംഘിക്കുന്നവര്‍ക്ക് ആറു മാസം വരെ തടവും രണ്ടു ലക്ഷം രൂപ പിഴയും അല്ലെങ്കില്‍ ഇവ രണ്ടും കൂടിയോ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്. സമൂഹ മാധ്യമങ്ങള്‍ മുഖേന നടത്തുന്ന പ്രചാരണങ്ങള്‍ അടിയന്തരമായി അവസാനിപ്പിക്കണമെന്നും അല്ലാത്തപക്ഷം നിയമ നടപടികള്‍ക്ക് വിധേയരാകേണ്ടി വരുമെന്നും കളക്ടര്‍ പറഞ്ഞു .
Post Your Comments