കൊടുമണ്‍ (പത്തനംതിട്ട): കൂട്ടുകാര്‍ ചേര്‍ന്ന് കൊലപ്പെടുത്തിയ പത്താം ക്ലാസുകാരന്റെ പോസ്റ്റുമോര്‍ട്ടം നടപടി പൂര്‍ത്തിയായി. അങ്ങാടിക്കല്‍ വടക്ക് സുധീഷ് ഭവനില്‍ സുധീഷ് -മിനി ദമ്പതികളുടെ മകന്‍ അഖില്‍ ആണ് കഴിഞ്ഞദിവസം കൊല്ലപ്പെട്ടത്. ആഴത്തിലേറ്റ മുറിവാണ് മരണകാരണം. തലയിലും കഴുത്തിലും ആയുധം ഉപയോഗിച്ച് ആഴത്തില്‍ മുറിവുണ്ടായിട്ടുണ്ട്. മൂന്ന് വീതം മുറിവുകളാണ് ഇവിടെയുള്ളത്. കല്ലേറ് കൊണ്ടാണ് അഖില്‍ മരിച്ചതെന്ന് സുഹൃത്തുക്കള്‍ പറഞ്ഞിരുന്നു.
ഇത് തെറ്റാണെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. അങ്ങാടിക്കല്‍ തെക്ക് എസ്. എന്‍. വി.എച്ച്.എസ് സ്കൂളിന് സമീപം കദളിവനം വീടിനോട് ചേര്‍ന്ന റബര്‍ തോട്ടത്തില്‍ ചൊവ്വാഴ്ച ഉച്ചക്കാണ് സംഭവം.സംഭവ സ്ഥലത്തെ വിജനമായ പറമ്പില്‍ വെച്ച് ഇരുവരും ചേര്‍ന്ന് ആദ്യം അഖിലിനെ കല്ലെറിഞ്ഞു വീഴ്ത്തി. താഴെ വീണ അഖിലിനെ സമീപത്ത് കിടന്ന മഴു ഉപയോഗിച്ച് കഴുത്തിന് വെട്ടി. പിന്നിട് കമിഴ്ത്തി കിടത്തിയും വെട്ടി. ഇതിന് ശേഷം ചെറിയ കുഴിയെടുത്ത് മൃതദേഹം മൂടി.
ദൂരെ നിന്നും മണ്ണ് കൊണ്ടുവന്ന് മുകളില്‍ ഇട്ടു. ഇവരുടെ പ്രവര്‍ത്തികളില്‍ സംശയം തോന്നിയ ഒരാള്‍ നാട്ടുകാരില്‍ ചിലരെ കൂട്ടി സ്ഥലത്ത് എത്തി പരിശോധിച്ചു. നാട്ടുകാര്‍ ചോദ്യം ചെയ്തപ്പോള്‍ ഇവര്‍ സംഭവിച്ച കാര്യം തുറന്നുപറയുകയായിരുന്നു. ഒമ്പതാം ക്ലാസ് വരെ ഒപ്പം പഠിച്ചിരുന്ന അങ്ങാടിക്കല്‍ വടക്ക് സ്വദേശിയും കൊടുമണ്‍ മണിമലമുക്ക് സ്വാദേശിയും ചേര്‍ന്നാണ് കൊല നടത്തിയതെന്ന് പൊലീസ് പറഞ്ഞു. നേരത്തെ പ്രതികളില്‍ ഒരാളെ അഖില്‍ സമൂഹമാധ്യമങ്ങളിലൂടെ കളിയാക്കിയതായിരുന്നതായി വിവരമുണ്ട്. ഇതാണ് കൊലക്ക് കാരണമായതായും പൊലീസ് പറയുന്നു.
കൈപ്പട്ടൂര്‍ സെന്റ് ജോര്‍ജ് മൗണ്ട് ഹൈസ്കൂളില്‍ പത്താം ക്ലാസ് വിദ്യാര്‍ഥിയായിരുന്നു അഖില്‍.സ്ഥലത്തെ മണ്ണ് മാറ്റിയപ്പോള്‍ മൃതദേഹം കണ്ടെത്തുകയായിരുന്നു. വിവരം അറിഞ്ഞ് പൊലീസ് ഉടന്‍ സ്ഥലത്തെത്തി. പ്രതികളെ കസ്റ്റഡിയിലെടുത്തു. അതേസമയം, പ്രായപൂര്‍ത്തിയാവാത്ത പ്രതികളെക്കൊണ്ട് പൊലീസ് മൃതദേഹമെടുപ്പിച്ച സംഭവത്തില്‍ ബാലാവകാശ കമീഷന്‍ സ്വമേധയാ കേസെടുത്തിട്ടുണ്ട്. സംഭവത്തില്‍ ജില്ല കലക്ടറോടും ജില്ല പൊലീസ് മേധാവിയോടും രണ്ടാഴ്ചക്കുള്ളില്‍ വിശദീകരണം നല്‍കാനും ആവശ്യപ്പെട്ടു. ജുവനൈല്‍ ജസ്റ്റിസ് ആക്ട് അറിയാത്തവരാണോ പൊലീസുകാരെന്നും കമീഷന്‍ ചോദിച്ചു.
Post Your Comments