ലണ്ടന്‍: ഇന്ത്യൻ ബാങ്കുകളിൽ നിന്ന് 9,000 കോടി രൂപയുടെ വായ്‌പയെടുത്ത് ലണ്ടനിലേക്ക് മുങ്ങിയ വിവാദ മദ്യ വ്യവസായി വിജയ് മല്യ ഇന്ത്യയിലേക്ക്. മല്യയെ ഇന്ത്യയുടെ അന്വേഷണ ഏജന്‍സികള്‍ക്ക് കൈമാറണമെന്ന 2018ല്‍ ലണ്ടനിലെ വെസ്റ്റ് മിന്‍സ്‌റ്റര്‍ മജിസ്‌ട്രേറ്റ് കോടതിയുടെ വിധിയാണ് ഹൈക്കോടതി ശരിവച്ചത്.
തന്നെ ഇന്ത്യയ്ക്ക് കൈമാറുന്നതിനെതിരെ ബ്രിട്ടീഷ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച കേസില്‍ മല്യ തോറ്റു. തന്റെ ഉടമസ്ഥതയിലുള്ള കിംഗ് ഫിഷര്‍ എയര്‍ലൈന്‍സിന്റെ പേരില്‍ ഗൂഢാലോചനയിലൂടെ ഇന്ത്യന്‍ ബാങ്കുകളില്‍ നിന്ന് അനധികൃതമായി വായ്‌പയെടുത്ത് തിരിമറി നടത്തിയതിന് മല്യയ്ക്കെതിരെ പ്രഥമദൃഷ്‌ട്യാ തെളിവുണ്ടെന്ന് വ്യക്തമാക്കിയാണ് ഹൈക്കോടതി നടപടി.
മല്യയ്ക്ക് വിധിക്കെതിരെ 14 ദിവസത്തിനകം സുപ്രീം കോടതിയെ സമീപിക്കാം. അദ്ദേഹം അതിന് മുതിര്‍ന്നില്ലെങ്കില്‍, 28 ദിവസത്തിനകം ബ്രിട്ടന്‍ അദ്ദേഹത്തെ ഇന്ത്യയിലേക്ക് തിരിച്ചയയ്ക്കും. എസ്.ബി.ഐ ഉള്‍പ്പെടെയുള്ള ബാങ്കുകളുടെ പരാതി പ്രകാരം സി.ബി.ഐയും എന്‍ഫോഴ്സ്‌മെന്റ് ഡയറക്‌ടറേറ്റും അന്വേഷണം നടത്തുന്നതിനിടെയാണ് 2016 മാര്‍ച്ചില്‍ മല്യ ലണ്ടനിലേക്ക് മുങ്ങിയത്. 2017ല്‍ സ്കോട്ട്ലന്‍ഡ് യാര്‍ഡ് ഇന്ത്യയിലേക്ക് നാടുകടത്താന്‍ വാറന്റ് പുറപ്പെടുവിച്ചെങ്കിലും ജാമ്യം നേടി ലണ്ടനില്‍ കഴിയുകയാണ് 64കാരനായ മല്യ.
Post Your Comments