റാന്നി : മത്സ്യവില്‍പ്പന കടയില്‍ നിന്ന് പിടിച്ചെടുത്ത മത്തിയ്ക്ക് ഒരു വര്‍ഷം പഴക്കം . ഒമാനില്‍ നിന്ന് എത്തിക്കുന്ന മത്തിയാണ് ഒരു വര്‍ഷം കാലാവധി പിന്നിട്ടിരിക്കുന്നത്. ഇട്ടിയപ്പാറയിലെ നീണ്ടകര ഫ്രെഷ് ഫിഷ് മത്സ്യക്കടയില്‍ റവന്യു, ആരോഗ്യം, അളവുതൂക്കം, സിവില്‍ സപ്ലൈ എന്നീ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയിലാണ് ഒമാന്‍ മത്തി നിറച്ചു വന്ന കവറില്‍ രേഖപ്പെടുത്തിയ തീയതി കണ്ടെത്തിയത്. ഇതോടെയാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുവന്നിരിക്കുന്നത്.
Read Also : ഓപ്പറേഷന്‍ സാഗര്‍ റാണി: 4612 കിലോഗ്രാം കേടായ മത്സ്യം പിടികൂടി
കഴിഞ്ഞ ജനുവരിയില്‍ കവറില്‍ നിറച്ച മത്സ്യമാണിത്. 2021 ജനുവരി വരെയാണ് ഇതിന്റെ വില്‍പന കാലാവധിയെന്നാണ് കവറിലുള്ളത്. ഇതുമൂലം മത്തി പിടിച്ചെടുക്കാന്‍ കഴിഞ്ഞില്ല. ഒമാന്‍ മത്തി അഴുകാതിരിക്കാന്‍ രാസവസ്തുക്കള്‍ ചേര്‍ക്കുന്നുണ്ടെന്ന സംശയം ഇതോടെ ബലപ്പെടുകയാണ്. പഴകിയ 27 കിലോ തുണ്ടം മീന്‍ കടയില്‍ നിന്ന് കണ്ടെടുത്തതിനു പിന്നാലെ പഞ്ചായത്ത് സെക്രട്ടറി ഇടപെട്ട് കട അടപ്പിച്ചു.
ഇന്നലെ രാവിലെ 11 മണിയോടെയാണ് ഡപ്യൂട്ടി തഹസില്‍ദാര്‍ എം.കെ.അജികുമാര്‍, അളവുതൂക്ക ഇന്‍സ്‌പെക്ടര്‍ കെ.ജി.സുജിത്ത്, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ അനില്‍കുമാര്‍ എന്നിവരുടെ നേതൃത്വത്തിലാണ് കടയില്‍ പരിശോധന നടത്തിയത്. പഴകിയ മത്സ്യം പിടിച്ചെടുത്തത് പഴവങ്ങാടി പഞ്ചായത്ത് പ്രസിഡന്റ് ജോസഫ് കുര്യാക്കോസ്, സെക്രട്ടറി സൈമണ്‍ വര്‍ഗീസ് എന്നിവര്‍ക്ക് കൈമാറി. മത്സ്യം കുഴിച്ചിട്ടു. പിന്നാലെ കട അടപ്പിക്കുകയായിരുന്നു. റെയ്ഡ് തുടരുമെന്ന് റവന്യു അധികൃതര്‍ അറിയിച്ചു.
Post Your Comments