കൊല്ലം: കോര്‍പറേഷന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സാമൂഹിക അടുക്കളയില്‍നിന്ന് നാല് ചാക്ക് അരി കടത്തി മറിച്ചുവില്‍ക്കാന്‍ ശ്രമിച്ച ഹെല്‍ത്ത് ഇന്‍സ്‌പെക്‌ടറെ സസ്‌പെന്‍ഡ് ചെയ്‌തു. കടത്തികൊണ്ടു പോയി കടയില്‍ വില്‍പ്പന നടത്തിയ നാല് ചാക്ക് അരിയും അധികൃതര്‍ കടയില്‍നിന്നു പിടിച്ചെടുത്തു.കാവനാട്ടെ കോര്‍പറേഷന്‍ സോണല്‍ ഓഫീസില്‍ ജോലി നോക്കുന്ന പ്രസന്നനെയാണ് സര്‍വീസില്‍നിന്ന് സസ്‌പെന്‍ഡ് ചെയ്‌തത്. കഴിഞ്ഞ ദിവസമായിരുന്നു സംഭവം.
ശക്‌തികുളങ്ങര കര ദേവസ്വം ഓഡിറ്റോറിയത്തില്‍ പ്രവര്‍ത്തിക്കുന്ന സാമൂഹിക അടുക്കളയില്‍നിന്ന് സൗജന്യ പൊതിച്ചോറ് നല്‍കുന്നതിനായി സംഭാവന കിട്ടിയ നാല് ചാക്ക് അരിയാണ് ഇയാള്‍ സ്വന്തം കാറില്‍ കടത്തി കാവനാട് മാര്‍ക്കറ്റിനുള്ളില്‍ പ്രവര്‍ത്തിക്കുന്ന വ്യാപാരശാലയില്‍ വില്‍ക്കാന്‍ ശ്രമിച്ചത്. കടയില്‍ വില്‍ക്കാന്‍ ശ്രമിക്കുന്നത് കടയുടെ സമീപത്തുനിന്നയാള്‍ മൊബൈലില്‍ പകര്‍ത്തി. തുടര്‍ന്ന് വാര്‍ഡ് കൗണ്‍സിലറെ വിവരം അറിയിച്ചു. കൗണ്‍സിലര്‍ മേയറെ വിവരം അറിയിക്കുകയും ചെയ്‌തു.
തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ സംഭവം സത്യമാണെന്ന് ബോധ്യപ്പെട്ടതിനെത്തുടര്‍ന്ന് ഉദ്യോഗസ്‌ഥനെ കോര്‍പറേഷന്‍ സെക്രട്ടറി സസ്‌പെന്‍ഡ് ചെയ്യുകയായിരുന്നു. അതേസമയം എന്നാല്‍ കമ്യൂണിറ്റി കിച്ചനില്‍ പരിപ്പ് കുറവായതിനാല്‍ രണ്ട് ചാക്ക് അരി കൊടുത്തു പരിപ്പ് വാങ്ങാനാണ് ശ്രമിച്ചതെന്നാണ് ഹെല്‍ത്ത് ഇന്‍സ്‌പെക്‌ടറുടെ വിശദീകരണം. എന്നാല്‍ ഈ വിവരം മേലുദ്യോഗസ്‌ഥരയോ മറ്റോ അറിയിക്കാതെയാണ് ഇയാള്‍ വില്‍പ്പന നടത്താന്‍ ശ്രമിച്ചത്.
Post Your Comments