ചെന്നൈ: ദക്ഷിണേന്ത്യയിലെ വിഖ്യാത ന്യൂറോ സര്‍ജന്‍ ഡോ. സൈമണ്‍ ഹെര്‍ക്കുലീസ്(55) കോവിഡ് ബാധിച്ചു മരിച്ചു. വൈറസ്‌വ്യാപനം ഭയന്ന് സംസ്‌കാരച്ചടങ്ങുകള്‍ രണ്ടിടങ്ങളില്‍ തടസപ്പെടുത്താന്‍ ശ്രമിച്ച് ജനക്കൂട്ടം. ഇരുപതോളം പേര്‍ അറസ്‌റ്റില്‍. മാധ്യമവാര്‍ത്തകളുടെ അസിസ്‌ഥാനത്തില്‍ മദ്രാസ് ഹൈക്കോടതിയും സംഭവത്തില്‍ കേസെടുത്തിട്ടുണ്ട്. കോവിഡ് ബാധിതനായി ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഞായറാഴ്‌ചയാണു സൈമണ്‍ ഹെര്‍ക്കുലീസ് മരിച്ചത്. ചെന്നൈയിലെ പ്രശസ്‌തമായ ന്യൂ ഹോപ് ആശുപത്രി മാനേജിങ് ഡയറക്‌ടറായിരുന്നു.
ചികിത്സതേടി തന്നെ സമീപിച്ചയാളില്‍നിന്നാണു ഡോക്‌ടര്‍ വൈറസ് ബാധിതനായതെന്നാണു സൂചന.ഏപ്രില്‍ ആദ്യവാരം രോഗലക്ഷണങ്ങള്‍ പ്രകടിപ്പിച്ചതോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഞായറാഴ്‌ച രാവിലെ നില വഷളായി. വൈകിട്ട് ആറേകാലോടെയുണ്ടായ ഹൃദയാഘാതത്തെത്തുടര്‍ന്നായിരുന്നു മരണം. കോവിഡ് മാര്‍ഗനിര്‍ദേശപ്രകാരം സംസ്‌കാരത്തിനായി മൃതദേഹം കില്‍പ്പോക്കിലെ ശ്‌മശാനത്തില്‍ എത്തിച്ചതോടെയാണു നാടകീയ രംഗങ്ങള്‍ക്കു തുടക്കം.
പ്രദേശവാസികളായ അറുപതോളംപേര്‍ കല്ലും വടികളുമായി സംഘടിച്ചെത്തി ആക്രമണത്തിനു മുതിര്‍ന്നു. മൃതദേഹം അവിടെ സംസ്‌കരിക്കാന്‍ അനുവദിക്കില്ലെന്നായിരുന്നു ആള്‍ക്കൂട്ടത്തിന്റെ നിലപാട്. ഇതോടെ മൃതദേഹവുമായി ബന്ധുക്കള്‍ അണ്ണാ നഗറിലെ ശ്‌മശാനത്തിലേക്കു പോയി. അവിടെയും സ്‌ഥിതി വ്യത്യസ്‌തമായിരുന്നില്ല. കോവിഡ് ബാധിതന്റെ മൃതദേഹം സംസ്‌കാരത്തിനായി എത്തിക്കുന്നുവെന്നറിഞ്ഞ ആള്‍ക്കൂട്ടം നേരത്തെതന്നെ നിലയുറപ്പിച്ചിരുന്നു.
മൃതദേഹവും വഹിച്ചെത്തിയ ആംബുലന്‍സിനും അനുഗമിച്ചവര്‍ക്കും നേരേ സംഘം അതിരൂക്ഷ ആക്രമണം അഴിച്ചുവിട്ടു. കല്ലേറില്‍ വാഹനത്തിന്റെ ചില്ലുകള്‍ തകര്‍ന്നു. വടി കൊണ്ടുള്ള അടിയേറ്റ് ഡ്രൈവര്‍ക്കും വാഹനത്തിലുണ്ടായിരുന്ന ആരോഗ്യപ്രവര്‍ത്തകനും പരുക്കേറ്റു.ഒപ്പമുണ്ടായിരുന്ന ഡോക്‌ടര്‍മാരെയും ആരോഗ്യവകുപ്പിലെയും കോര്‍പ്പറേഷനിലെയും ജീവനക്കാരെയും മാത്രമല്ല, ഡോക്‌ടറുടെ കുടുംബാംഗങ്ങളെയും ആള്‍ക്കൂട്ടം വെറുതേവിട്ടില്ല. രോഷപ്രകടനത്തിനിടെ ഡോക്‌ടറുടെ ബന്ധുക്കള്‍ ഓടിരക്ഷപ്പെടുകയായിരുന്നു.
ഇതിനിടെ ഡോക്‌ടറുടെ സുഹൃത്ത് ആയ മറ്റൊരു ഡോക്ടർ അതിസാഹസികമായി മൃതദേഹം വീണ്ടെടുത്ത് മറ്റൊരിടത്തേക്കു മാറ്റുകയായിരുന്നു. ആളുകളുമായി പലവട്ടം സമവായചര്‍ച്ചകള്‍ നടത്തിയെങ്കിലും മൃതദേഹം ശ്‌മശാനത്തില്‍ സംസ്‌കരിക്കാന്‍ അനുവദിക്കില്ലെന്ന നിലപാടില്‍ ജനം ഉറച്ചു നിന്നു. ഒടുവില്‍ പ്രതിഷേധക്കാരെ പിരിച്ചുവിട്ട് പോലീസ് സംരക്ഷണയിലായിരുന്നു സംസ്‌കാരം.
Post Your Comments