ആൻ ജോർജ്
അമേരിക്കയുടെ അനുവാദമില്ലാതെ ഈ രാജ്യത്തിന് മുകളിൽക്കൂടി ഒരു പക്ഷി പറക്കില്ല എന്ന ഞാനുൾപ്പെടെയുള്ള ഓരോ അമേരിക്കൻ പൗരന്റെയും അഹങ്കാരത്തിനേറ്റ അടിയായിരുന്നു കോവിഡ് 19. ദൃഷ്ടിഗോചരമല്ലാതെ ഒരു ജീവി അക്ഷരാർത്ഥത്തിൽ അമേരിക്കയെ വട്ടം കറക്കി. നാല്പത്തിനായിരത്തിലധികം മനുഷ്യർ ഇതിനകം മരിച്ചു . മരണസംഖ്യ ഇനിയും കൂടാനാണ് സാധ്യത. ഇതിന് എന്നൊരു ശമനമുണ്ടാകുമെന്നു പ്രവചിക്കാൻ ആർക്കുമാകുന്നില്ല.
കൊറോണ എന്ന ഭീകരൻ ചൈനയിൽനിന്ന് ന്യൂയോർക്കിൽ എത്തിയെന്ന ആദ്യവാർത്ത കേട്ടപ്പോൾത്തന്നെ ഞാൻ ലീവെടുത്ത് പുതപ്പിനുള്ളിൽ ചുരുണ്ടുകൂടി. എന്റെ അപേക്ഷയെ മറികടന്ന് ഭർത്താവും മകനും കൂസലെന്യേ ജോലിക്ക് പോയി. ടിവിയിൽ വരുന്ന വാർത്തകളോരോന്നും ഭയപ്പെടുത്തുന്നതായിരുന്നു. പരിചയത്തിലുള്ള പലരും അസുഖബാധിതരായി . ഞങ്ങളുടെ പള്ളി വികാരിയും ,നിക്കോളോവാസ് തിരുമേനിയും കൊറോണയുടെ പിടിയിലായി.
ന്യൂയോർക്ക് ലോക്ക് ഡൌൺ ആയി .അയല്പക്കത്തെ വീടുകളുടെ മുന്നിൽ ആംബുലൻസ് വന്ന് ഓരോരുത്തരെയായി ഹോസ്പിറ്റലിലേക്ക് കൊണ്ടുപോകുന്ന കാഴ്ച നടുക്കമുളവാക്കി. നോക്കരുതെന്നു നിശ്ചയിച്ചാലും ഇടക്കിടയ്ക്ക് ജനലിൽക്കൂടി പുറത്തേക്ക് ഒളിഞ്ഞുനോക്കും.
ഒരു ബുധനാഴ്ച്ച പതിവുപോലെ ജോലിക്ക് പോകാനൊരുങ്ങിയ ഭർത്താവിന് ഓഫീസിൽനിന്ന് ഒരു ഫോൺ കോൾ. അവരുടെ സെക്ഷനിൽ ജോലി ചെയ്തിരുന്ന മൂന്നു പേർക്ക് രോഗം ബാധിച്ചു . ടെസ്റ്റ് നടത്തിയതിനുശേഷം ജോലിക്ക് വന്നാൽ മതി എന്ന നിർദ്ദേശമനുസരിച്ച് ആൾ അടുത്ത ക്ലിനിക്കിലേക്ക് പോയി . റിസൾട്ട് കിട്ടാൻ മൂന്നു ദിവസമെടുക്കും. രണ്ടു ദിവസം കഴിഞ്ഞപ്പോൾ അറിഞ്ഞു രോഗം ബാധിച്ച മൂന്നു പേരിൽ ഒരാളായ ഹ്യുഗോ മരണത്തിനു കീഴടങ്ങി എന്ന്.
ഇവരെല്ലാവരും അടുത്ത സുഹൃത്തുക്കളും ഒരുമിച്ച് കാറിൽ യാത്ര ചെയ്യുന്നവരുമാണ് .
ശനിയാഴ്ച രാവിലെ ഞാൻ വീട്ടുജോലികളൊക്കെ കഴിഞ്ഞ് സോഫയിൽ ഒരു സിമിമ നോക്കിയിരുന്ന് ഉറങ്ങിപ്പോയി. ഉറക്കമുണർന്നപ്പോൾ ചെറിയ തലവേദനയും ശരീരവേദനയും.
അപ്പോഴും മകൻ ആശ്വസിപ്പിച്ചു “സ്പ്രിങ് സീസൺ തുടങ്ങുമ്പോൾ എല്ലാവർക്കുമുണ്ട് ഇത്തരം അസ്വസ്തതകൾ, മമ്മ പേടിക്കാതിരിക്കൂ, ടെൻഷൻ ഈസ് ദ ബിഗ്ഗെസ്റ്റ് കില്ലർ.” അവൻ രണ്ട് tylenol (paracetamol) എടുത്തുതന്നു . അതു കഴിച്ച് കിടന്നു.
വൈകുന്നേരമായപ്പോഴേക്കും പനി കടുത്തു. കട്ടിലിൽനിന്ന് എഴുനേൽക്കാൻ പറ്റാത്ത അവസ്ഥ . സംഗതി ഏകദേശം ഉറപ്പായി.അപ്പോഴും മകൻ ധൈര്യം തന്നു. ‘ഇതൊരു തരം ഫ്ലൂ വൈറസാണ്, fast spreading ആണെന്നു മാത്രം, എന്തെങ്കിലും ഹെൽത്ത് ഇഷ്യൂസ് ഉള്ളവർക്കേ സീരിയസ് ആകൂ .മമ്മക്കൊന്നും പറ്റില്ല.”
പക്ഷേ എന്റെയാളിന് എന്റെ അവസ്ഥ കണ്ടപ്പോൾ ധൈര്യം ചോർന്നു തുടങ്ങി. സീരിയസ് കേസുകൾ മാത്രമേ ഹോസ്പിറ്റലുകളിൽ എടുക്കുന്നുള്ളൂ . ആംബുലൻസ് വിളിച്ചപ്പോൾ ശ്വാസം എടുക്കാൻ ബുദ്ധിമുട്ടുണ്ടെങ്കിൽ മാത്രമേ അവർ ഹോസ്പിറ്റലിലേക്ക് കൊണ്ടുപോകൂ എന്നറിഞ്ഞു .
രാത്രിയായപ്പോഴേക്കും കടുത്ത ഛർദി. കുടിക്കുന്ന വെള്ളവും മരുന്നുമെല്ലാം അപ്പോൾത്തന്നെ ഛർദ്ദിച്ച് പോകുന്നു.
ഇനിയെന്ത് ??
നേരത്തെ അസുഖബാധിതനായ സുഹൃത്തിനെ വിളിച്ചു. ഏറെ നേരം ബെല്ലടിച്ചപ്പോൾ അപ്പുറത്ത് ഫോണെടുത്തു. സുഹൃത്തിനും ഭാര്യയ്ക്കും സ്ഥിതി കൂടുതൽ വഷളായിക്കൊണ്ടിരിക്കുന്നു, കടുത്ത ചുമ, ഭാര്യക്ക് ശ്വാസമെടുക്കാൻ വയ്യ ,അവൾ പക്ഷേ ഹോസ്പിറ്റലിൽ പോകാൻ കൂട്ടാക്കുന്നില്ല, വീട്ടിൽക്കിടന്ന് മരിക്കണമെന്ന് വാശി പിടിക്കുന്നു. ഹോസ്പിറ്റലിൽ പോയാലും മരുന്നൊന്നുമില്ല വെന്റിലേറ്ററിൽ ഇടും അത്രതന്നെ.’
കൂടുതൽ കേൾക്കാനുള്ള ശേഷിയില്ലാതെ ആൾ ഫോൺ കട്ട് ചെയ്തു.വീണ്ടും ഡോക്ടറെ വിളിച്ചു . വീഡിയോയിൽ വരാൻ നിർദ്ദേശം.
വീഡിയോയിൽകൂടി അസുഖവിവരങ്ങളൊക്കെ മനസിലാക്കിയ ശേഷം സുന്ദരിയായ ഡോക്ടർ സുന്ദരമായി ചിരിച്ചുകൊണ്ട് പറഞ്ഞു .’ anie, you have covid’. ദുഷ്ട. ഒരു മയവുമില്ലാതെ……..
ചിരിക്കുന്നതെന്തിനാണാവോ ?? ടെസ്റ്റ് നടത്താതെ അവർക്കെങ്ങനെ ഇത് ഉറപ്പിച്ചു പറയാനാവും? എനിക്ക് ദേഷ്യവും കരച്ചിലും ഒപ്പം വന്നു. ഡോക്ടർ ഛർദ്ദി കുറയാനുള്ള മരുന്ന് കുറിച്ച് ഫാർമസിയിലേക്കയച്ചു. മകൻ അപ്പോൾത്തന്നെ പോയി മരുന്ന് വാങ്ങി വന്നു.
ഭർത്താവിനെയും മകനെയും മുറിക്കു പുറത്താക്കി ഞാൻ വാതിൽ ലോക്ക് ചെയ്തു . കുറച്ചുനേരം കരഞ്ഞു. പിന്നെ മകനൊരു നോട്ടെഴുതി. ഭാവിയിൽ അവൻ ചെയ്യണമെന്ന് ഞാനാഗ്രഹിക്കുന്ന കാര്യങ്ങൾ കുറിച്ചിട്ടു. പേപ്പർ തലയിണയുടെ അടിയിൽ വച്ചു. കതകിൽ മുട്ട് ശക്തമായപ്പോൾ വാതിൽ തുറന്നിട്ടു.
മൂന്നാം ദിവസം പനി കുറഞ്ഞുതുടങ്ങി. എഴുനേറ്റു നിൽക്കാമെന്നായപ്പോൾ ടെസ്റ്റിനു പോകാമെന്ന് നിശ്ചയിച്ചു. അടുത്ത ക്ലിനിക്കിൽപ്പോയി ടെസ്റ്റ് നടത്തി .
പിറ്റേ ദിവസം റിസൾട്ട് കിട്ടി, covid positive .
ഇപ്പോൾ സുഖമായിരിക്കുന്നു. ജീവിതം സാധാരണ പോലെ. ഭർത്താവും മകനും ജോലിക്ക് പോകുന്നു . സ്‌കൂളുകൾ അടവായതിനാൽ എനിക്കിപ്പോൾ ജോലിയില്ല.
മറ്റു വിശേഷങ്ങൾ……… .
ഗവണ്മെന്റ് 1200 ഡോളർ വീതം ഓരോ പൗരനും നൽകുന്നുവെന്ന് അറിയിപ്പ് കണ്ടു . നിശ്ചിത പരിധിക്കു മുകളിൽ വരുമാനമുള്ളവർക്ക് കിട്ടുമോ എന്നറിയില്ല . മകന് കിട്ടി .
ജോലിക്ക് പോകാതിരിക്കുന്നവർക്ക് അൺഎംപ്ളോയ്മെന്റ് ക്ലെയിം ചെയ്യാം .
ലോക്ക് ഡൌൺ മാറ്റണമെന്നാവശ്യപ്പെട്ട് ആളുകൾ നിരത്തിലിറങ്ങിത്തുടങ്ങി. ന്യൂയോർക്ക് ഇന്ത്യയെപ്പോലെ അഥവാ കേരളംപോലെ പൂർണ്ണമായും ലോക്ഡൌൺ ചെയ്തിട്ടില്ല. കാരണം എനിക്ക് വ്യക്തമല്ല . അത് ഇക്കോണമിയെ ബാധിക്കുമെന്ന് വീട്ടിലുള്ള പരുഷപ്രജകൾ നൽകുന്ന വിവരം.
അടുത്ത നവംബറിൽ നടക്കാനിരിക്കുന്ന ഇലക്ഷനിലും ഞങ്ങളുടെ വോട്ട് ട്രംപിന് തന്നെ. ട്രംപിന്റെ സ്ഥാനത്ത് മറ്റാരാളായാലും ഇതിൽക്കൂടുതലൊന്നും ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നില്ല.
കേരളത്തിലേക്ക് വരണമെന്ന് തോന്നുന്നുണ്ടോ??
തീർച്ചയായുമില്ല. കാരണം, ഒരു തവണ ചക്ക വീണ് മുയൽ ചത്തുവെന്നു കരുതി എല്ലാ തവണയും മുയൽ ചാകില്ല . (ഈ പഴമൊഴി ഇവിടെ പാകമാണോ,ആ……….)
രോഗികൾക്ക് hydroxychloroquine എന്തുകൊണ്ട് നൽകുന്നില്ല എന്ന് വ്യക്തമല്ല. അതിനു ഹാർട്ട് അറ്റാക്ക് ഉണ്ടാകാനുള്ള സാധ്യതയുണ്ടത്രേ!! ‘ആയിരം രോഗികൾ കോവിഡ് വന്നു മരിച്ചാലും ഒരു രോഗിപോലും ഈ മരുന്ന് കഴിച്ച് ചാകരുതെന്നാവും ഇവരുടെ മതം.
ഈ മരുന്ന് ഇവിടെ കിട്ടാനുമില്ല. ഇവർക്ക് എന്തുകൊണ്ട് ഈ മരുന്ന് ഇവിടെ ഉണ്ടാക്കിക്കൂടാ എന്ന് എന്റെ ആത്മഗതം .
ഇന്ത്യയിലെ/ കേരളത്തിലെ ഭരണാധികാരികളോട് ജീവിതത്തിലാദ്യമായി സ്നേഹവും ബഹുമാനവും തോന്നിയത് ഈ കൊറോണക്കാലത്താണ്.
ബഹു. മോദിക്കും ,പിണറായിക്കും അനുമോദനങ്ങൾ . ഇത്രയും ശക്തവും യുക്തവുമായ തീരുമാനം നടപ്പിലാക്കാൻ മോദിയെന്ന ഭരണാധികാരിക്കേ കഴിയൂ.
ശൈലജറ്റീച്ചർക്ക് പകരം ഷൈലജറ്റീച്ചർ മാത്രം.
കൊറോണ എവിടെനിന്നാണ് എന്നെ പിടികൂടിയത് ?
പ്രിയതമൻ രോഗലക്ഷണങ്ങളൊന്നും പ്രകടിപ്പിച്ചില്ലെങ്കിലും ടെസ്റ്റ് റിസൾട്ട് പോസിറ്റീവ് ആയിരുന്നു. വൈറസ് വാഹകൻ . ഇപ്പോൾ പിടികിട്ടിയില്ലേ വൈറസ് വന്ന വഴി.
മകൻ സുരഷിതനാണ്.
അമേരിക്ക പൂർവ്വസ്ഥിതിലെത്താൻ ഇനിയും മാസങ്ങളെടുക്കും .
രോഗവ്യാപനം എങ്ങനെ തടയണമെന്ന് അമേരിക്ക ഇന്ത്യയെ കണ്ടു പഠിക്കട്ടെ.
ചില കാര്യങ്ങൾക്ക് ഇന്ത്യ മികച്ചത്, പല കാര്യങ്ങൾക്ക് അമേരിക്കയും.
Post Your Comments