ഹൈദരാബാദ് • കൊറോണ വൈറസ് വ്യാപനം തടയുന്നതിനായി പ്രഖ്യാപിച്ച ലോക്ക്ഡൗണ്‍ മെയ് 7 വരെ നീട്ടാൻ തെലങ്കാന സർക്കാർ തീരുമാനിച്ചു. ഞായറാഴ്ച രാത്രി മന്ത്രിസഭാ യോഗത്തിന് ശേഷമാണ് മുഖ്യമന്ത്രി കെ. ചന്ദ്രശേഖർ റാവു ഇക്കാര്യം അറിയിച്ചത്. നേരത്തെ ലോക്ക്ഡൗണ്‍ ഏപ്രില്‍ 30 വരെ സംസ്ഥാനം നീട്ടിയിരുന്നു. രാജ്യവ്യാപകമായി ലോക്ക്ഡൗണ്‍ മെയ് മൂന്നിന് നീട്ടിയെങ്കിലും ഇത് നാല് ദിവസത്തേക്ക് കൂടി നീട്ടാനാണ് സംസ്ഥാന മന്ത്രിസഭ ഇപ്പോള്‍ തീരുമാനിച്ചിരിക്കുന്നത്.
എല്ലാ കോണുകളിൽ നിന്നും പ്രശ്നം വിശകലനം ചെയ്ത ശേഷം ഇളവ് നൽകേണ്ടതില്ലെന്ന് മന്ത്രിസഭ തീരുമാനിച്ചതായി മുഖ്യമന്ത്രി പറഞ്ഞു. 95 ശതമാനം ആളുകളും ഇളവുകളില്ലാതെ ലോക്ക്ഡൗണ്‍ തുടരുന്നതിന് അനുകൂലമാണ് എന്നാണ് സര്‍വേ കാണിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ചില മേഖലകൾക്ക് ഇളവ് നൽകുന്നതിന് കേന്ദ്രം മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ടെങ്കിലും അവ നടപ്പാക്കുന്നത് സംബന്ധിച്ച് തീരുമാനമെടുക്കാൻ സംസ്ഥാനങ്ങൾക്ക് വിട്ടുകൊടുത്തതായും അദ്ദേഹം പറഞ്ഞു.
‘ഏപ്രില്‍ 20 മുതല്‍ കേന്ദ്രം ഇളവുകള്‍ നല്കിയാലും സംസ്ഥാനത്ത് ഇളവുകള്‍ നല്‍കേണ്ട എന്നാണ് മന്ത്രി സഭയുടെ തീരുമാനം. തിങ്കളാഴ്ച മുതല്‍ സ്വിഗിയേയും സൊമാറ്റോയേയും പ്രവര്‍ത്തിക്കാന്‍ അനുമതിക്കില്ല, ഏതെങ്കിലും ഡെലിവറി ഏജന്റുമാര്‍ നിയമം ലംഘിച്ചാല്‍ കര്‍ശന നടപടി സ്വീകരിക്കും’-അദ്ദേഹം വ്യക്തമാക്കി.
അതേസമയം, അരി മില്ലുകളെയും മരുന്നു കമ്പനികളെയും ലോക്ക്ഡൗണ്‍ കാലത്ത് പ്രവര്‍ത്തിക്കാന്‍ അനുവദിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
സംസ്ഥാനത്തെ സാഹചര്യങ്ങള്‍ മെയ് അഞ്ചിന് സര്‍ക്കാര്‍ പരിശോധിച്ച ശേഷം തുടര്‍ തീരുമാനം കൈകൊള്ളുമെന്നും മുഖ്യമന്ത്രി ചന്ദ്രശേഖര്‍ റാവു പറഞ്ഞു.
Post Your Comments