പാറശാല: പശുവിനെ കെട്ടിയിരുന്ന കയറില്‍ കുരുങ്ങി ഒന്നരവയസുകാരിക്ക് ദാരുണാന്ത്യം. വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെയാണ് പശുവിന്റെ കയറില്‍ കുരുങ്ങി അയിര ചെങ്കവിള മേക്കേത്തട്ട് പുത്തന്‍വീട്ടില്‍ രാജേഷ് -മഞ്ജു ദമ്പതികളുടെ ഏക മകള്‍ സൈന മരിച്ചത്.
വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കുന്നതിനിടെ സമീപത്ത് കെട്ടിയിരുന്ന പശുവിന്റെ അടുത്ത് പോയ കുട്ടി, പശു ഓടിയതിനെത്തുടര്‍ന്ന് കയറില്‍ കുരുങ്ങുകയായിരുന്നു. അപകടം നടക്കുമ്പോള്‍ രാജേഷും മഞ്ജുവും വീട്ടിലുണ്ടായിരുന്നു. ലോക്ക് ഡൗണായതിനാല്‍ മറ്റ് വാഹനങ്ങള്‍ കിട്ടാത്തതിനെത്തുടര്‍ന്ന് ഗുരുതരമായി പരിക്കേറ്റ സൈനയെ രാജേഷിന്റെ അനിയന്റെ ബൈക്കില്‍ തിരുവനന്തപുരം എസ്.എ.ടി ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.. മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന കുട്ടിയുടെ മൃതദേഹം ഇന്ന് പോസ്റ്റ് മോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.
Post Your Comments