റായ്പൂര്‍: ലോക്ക് ഡൗണ്‍ നിര്‍ദേശം കാറ്റില്‍ പറത്തി 250 കിലോമീറ്റര്‍ യാത്ര ചെയ്ത് ഛത്തീസ്ഗഢ് എക്‌സൈസ് മന്ത്രി കവാസി ലഖ്മ. വീട്ടിലിരുന്ന് മടുത്തത് കൊണ്ട് യാത്ര ചെയ്തതാണെന്നാണ് അദ്ദേഹത്തിന്റെ ന്യായീകരണം. അവശ്യകാര്യങ്ങള്‍ക്കല്ലാതെ പുറത്തിറങ്ങരുതെന്ന് സര്‍ക്കാര്‍ ജനങ്ങള്‍ക്ക് കര്‍ശന നിര്‍ദ്ദേശം നല്‍കിയിരിക്കുമ്പോളാണ് ലോക്ക് ഡൗണ്‍ നിയമങ്ങളെല്ലാം കാറ്റില്‍പറത്തി മന്ത്രി ആള്‍ ദൈവം ബാബാ സത്യനാരായണയെ കാണാന്‍ റായ്പൂരില്‍ നിന്നും റായ്ഗഡിലേക്ക് പോയത്. റായ്പൂരില്‍ നിന്നും അകമ്പടിയോടെയായിരുന്നു ലഖ്മയുടെ യാത്ര.
സംഭവത്തിന്റെ വീഡിയോ പുറത്തു വന്ന് വലിയ വിവാദമായപ്പോള്‍ ഇക്കാര്യം ചോദിച്ച മാധ്യമപ്രവര്‍ത്തകരോട് മന്ത്രി പറഞ്ഞത് റായ്പൂരിലെ വീട്ടിലിരുന്ന് ബോറഡിച്ചപ്പോള്‍ രാത്രിയില്‍ തന്നെ റായ്ഗഡിലേക്ക് പോകാനുള്ള പദ്ധതി സ്വാഭാവികമായി ഉണ്ടായതാണെന്നായിരുന്നു. അതേസമയം മുഖാവരണമോ മറ്റു മുന്‍കരുതലുകളോ ഒന്നും കൂടാതെ മന്ത്രിയ്ക്കുള്ള സര്‍വ്വ അകമ്പടിയോടും കൂടിയായിരുന്നു യാത്ര. പിന്നീട് സൗകര്യപ്പെടുത്തിക്കൊടുത്ത ത്രീസ്റ്റാര്‍ ഹോട്ടലില്‍ താമസിക്കുകയും ചെയ്തു.
ജനങ്ങളുടെ ജീവനും സ്വത്തും സംരക്ഷിക്കാന്‍ എല്ലാ കാര്യങ്ങളും ചെയ്തിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. ജില്ലകള്‍ ലോക്ക് ഡൗണ്‍ എടുത്തുമാറ്റാന്‍ ആവശ്യപ്പെട്ടാലും ഞങ്ങള്‍ തുടരും. കോവിഡ് ഈ സംസ്ഥാനത്തേയും ബാധിച്ചിട്ടുണ്ട്. ഡോക്ടര്‍മാരും അധികൃതരും സാധാരണക്കാരുമുള്‍പ്പെടെയുള്ളവര്‍ കൊറോണയ്‌ക്കെതിരെയുള്ള പോരാട്ടത്തിലാണെന്നും മന്ത്രി പറഞ്ഞു.
Post Your Comments