കൊച്ചി: എറണാകുളം ജില്ലയുടെ വിവിധ ഭാഗങ്ങളിൽ വൻ തോതിൽ ചാരായവും, വാറ്റുപകരണങ്ങളും പിടി കൂടി. അങ്കമാലിയിൽ നിന്ന് 125 ലിറ്റർ വാറ്റും പുത്തൻ കുരിശിൽ നിന്ന് 50 ലിറ്ററും കോതമംഗലത്തു 62 ലിറ്റർ വാറ്റും, വാറ്റു പകരണങ്ങളും പൊലീസ് പിടിച്ചെടുത്തു. വിവിധ ഇടങ്ങളിലായി വ്യാജ വാറ്റ് കേസിൽ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.
പലയിടങ്ങളിൽ നിന്നായി നൂറിലധികം ലിറ്റർ വ്യാജ വാറ്റാണ് ഒരു ദിവസം കൊണ്ട് പൊലീസ് പിടികൂടിയിരിക്കുന്നത്. ലോക്ക് ഡൗൺ കാലമായതോടെ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ വ്യാജ വാറ്റ് സംഘങ്ങൾ സജീവമാണ്. അങ്കമാലിയിൽ നിന്ന് മാത്രം 125 ലിറ്റർ വാഷും വാറ്റുപകരണങ്ങളും പൊലീസ് കണ്ടെത്തി.
വാണിനാട് സ്വദേശി സനൂപാണ് വ്യാജ വാറ്റ് കേസിൽ പുത്തൻകുരിശിൽ നിന്ന് അറസ്റ്റിലായത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ മെയ് 2 വരെ റിമാൻഡ് ചെയ്തു. യുട്യൂബിൽ നോക്കിയാണ് ഇയാൾ വാറ്റ് ഉണ്ടാക്കാൻ ശ്രമം നടത്തിയതെന്ന് പൊലീസ് പറയുന്നു. 62 ലിറ്റർ വാറ്റുമായാണ് കോതമംഗലത്തു നിന്ന് ജോസ് എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തത്. മലയോര മേഖലയിൽ വ്യാജ വാറ്റ് സംഘങ്ങൾ പെരുകുന്നു എന്ന രഹസ്യ വിവരത്തെ തുടർന്നായിരുന്നു പൊലീസ് പരിശോധന.
Post Your Comments