ഝാന്‍സി (ഉത്തര്‍പ്രദേശ്): ലോക്ക്‌ഡൗണ്‍ പ്രഖ്യാപിച്ചതോടെ രാജസ്‌ഥാനില്‍ കുടുങ്ങിയ വിദ്യാര്‍ഥികളെ ബസ് മാര്‍ഗം തിരിച്ചെത്തിച്ച് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. മത്സരപ്പരീക്ഷാ പരിശീലനത്തിനായി രാജസ്‌ഥാനിലെ കോട്ടയില്‍ താമസിക്കുന്ന വിദ്യാര്‍ഥികളെ 300 ബസുകളിലാണു യു.പി. സര്‍ക്കാര്‍ തിരിച്ചെത്തിച്ചത്. ആഗ്രയില്‍നിന്ന് ഇരുന്നൂറും ഝാന്‍സിയില്‍നിന്ന് നൂറും ബസുകളാണ് കോട്ടയിലേക്കു പ്രത്യേക സര്‍വീസ് നടത്തിയത്.
കോട്ട പട്ടണത്തില്‍ ആറു കോവിഡ് കേസുകള്‍ സ്‌ഥിരീകരിച്ചതോടെ വിദ്യാര്‍ഥികള്‍ ആശങ്കയിലായി. ലോക്ക്‌ഡൗണ്‍ പ്രഖ്യാപിച്ചതോടെ പരീക്ഷകളും മാറ്റിവച്ചു. ഹോസ്‌റ്റലുകള്‍ അടച്ചതും പ്രതിസന്ധിയായി. ഇതോടെയാണു സ്വന്തം നാട്ടില്‍ തിരിച്ചെത്താന്‍ അവര്‍ സംസ്‌ഥാന സര്‍ക്കാരിന്റെ സഹായം തേടിയത്. കോവിഡ് പരിശോധനകള്‍ക്കുശേഷം മാത്രമേ ഇവരെ വീടുകളിലേക്ക് അയയ്‌ക്കുകയുള്ളൂവെന്നും യു.പി. സര്‍ക്കാര്‍ വ്യക്‌തമാക്കി.
അതേസമയം, ഇത്രയും ബസുകളില്‍ വിദ്യാര്‍ഥികളെ തിരിച്ചെത്തിച്ചത് ലോക്ക്‌ഡൗണിന്റെ അടിസ്‌ഥാന തത്വത്തിനുതന്നെ എതിരാണെന്ന വിമര്‍ശനവുമായി ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ രംഗത്തെത്തി.എന്നാല്‍, വിദ്യാര്‍ഥികളെ തിരിച്ചുകൊണ്ടുപോയ യു.പി. സര്‍ക്കാരിന്റെ നടപടിയെ രാജസ്‌ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ട് അനുകൂലിച്ചു. യു.പി. ചെയ്‌തതുപോലെ മറ്റു സംസ്‌ഥാനങ്ങള്‍ക്കും വിദ്യാര്‍ഥികളെ തിരിച്ചുകൊണ്ടുപോകാന്‍ ആവശ്യമായ നടപടി സ്വീകരിക്കാമെന്നും അദ്ദേഹം വ്യക്‌തമാക്കി.
Post Your Comments