ന്യൂഡല്‍ഹി: കോവിഡ്-19 വ്യാപനത്തേത്തുടര്‍ന്നു രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥ താറുമാറാകുന്നതു മുന്നില്‍ക്കണ്ട്, ഇടക്കാലബജറ്റിനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍. ധനമന്ത്രാലയം ഇതു സംബന്ധിച്ച ശിപാര്‍ശ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു കൈമാറിയെന്നു സൂചന.പ്രധാനമന്ത്രിയുടെ അംഗീകാരം ലഭിച്ചാലുടന്‍ ഔദ്യോഗിക പ്രഖ്യാപനമുണ്ടാകുമെന്നു ധനമന്ത്രാലയവൃത്തങ്ങള്‍ അറിയിച്ചു. ഇടക്കാലബജറ്റിന്റെ കാര്യത്തില്‍ അന്തിമ തീരുമാനമെടുത്തിട്ടില്ലെന്നു ധനമന്ത്രാലയം ഉദ്യോഗസ്ഥര്‍ സൂചിപ്പിച്ചതായി മംഗളം റിപ്പോർട്ട് ചെയ്യുന്നു.
രോഗപ്രതിരോധത്തിനും സാമ്പത്തികമാന്ദ്യം ഒഴിവാക്കാനും ചില വകുപ്പുകള്‍ ബജറ്റ് വിഹിതത്തേക്കാള്‍ കൂടുതല്‍ ചെലവഴിക്കുന്നുണ്ട്. മറ്റിടങ്ങളില്‍ ചെലവുനിയന്ത്രണം പ്രഖ്യാപിച്ചശേഷം കോവിഡ് ചെലവുകള്‍ക്കു മുന്‍ഗണന നല്‍കാനാണു ധനമന്ത്രാലയം ഉദ്ദേശിക്കുന്നത്. ഇതുവഴി ധനക്കമ്മി കുത്തനെ ഉയരുന്നതും വളര്‍ച്ചാനിരക്ക് ഇടിയുന്നതും പിടിച്ചുകെട്ടാമെന്നു ധനമന്ത്രി നിര്‍മലാ സീതാരാമന് യോഗത്തില്‍ അഭിപ്രായപ്പെട്ടു. കോവിഡ് ബാധയേത്തുടര്‍ന്ന് 1.7 ലക്ഷം കോടി രൂപയുടെ ഉത്തേജകപദ്ധതി ഇതുവരെ പ്രഖ്യാപിച്ചിട്ടുണ്ട് .
ഇത് ജി.ഡി.പിയുടെ 0.7 ശതമാനത്തിനു തുല്യമാണ്. ജി.ഡി.പിയുടെ 10% കോവിഡ് പ്രതിരോധത്തിനായി മാറ്റിവച്ച അമേരിക്കന്‍ നയവും ചര്‍ച്ചയായി. ആഗോള സാമ്പത്തികപ്രതിസന്ധി നേരിടേണ്ടിവന്ന 2008 ആവര്‍ത്തിക്കാതിരിക്കാന്‍ പ്രത്യേക കോവിഡ് ബജറ്റ് സഹായിക്കുമെന്നു ധനമന്ത്രി ചൂണ്ടിക്കാട്ടി. കോവിഡ് പകര്‍ച്ചവ്യാധിയുടെ പശ്ചാത്തലത്തില്‍ രാജ്യത്തെ സാമ്പത്തിക-സാമൂഹികപ്രത്യാഘാതങ്ങള്‍ നേരിടാനുള്ള ചെലവ് കണ്ടെത്തുന്നതിനാണ് ഇടക്കാലബജറ്റ് പരിഗണിക്കുന്നത്. ഇതുസംബന്ധിച്ച് രണ്ടുദിവസമായി കേന്ദ്രധനമന്ത്രി നിര്‍മലാ സീതാരാമന് മറ്റു മന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തിവരികയാണ്.
കഴിഞ്ഞ വെള്ളിയാഴ്ച ആരോഗ്യമന്ത്രി ഡോ. ഹര്‍ഷവര്‍ധന്റെ അധ്യക്ഷതയിലും ഇന്നലെ പ്രതിരോധമന്ത്രി രാജ്നാഥ് സിങ്ങിന്റെ അധ്യക്ഷതയിലും യോഗം ചേര്‍ന്ന് പ്രത്യേക കോവിഡ് -19 ബജറ്റിനെക്കുറിച്ച് ചര്‍ച്ച നടത്തി. കോവിഡ് പ്രതിരോധമാര്‍ഗങ്ങളും സാമ്പത്തികപ്രത്യാഘാതങ്ങളും സര്‍ക്കാര്‍ പരിശോധിച്ചുവരുന്നതേയുള്ളു. അതുകൊണ്ടുതന്നെയാണ് ഇടക്കാലബജറ്റിന്റെ കാര്യത്തില്‍ അന്തിമതീരുമാനമെടുക്കാത്തതും.പ്രത്യേക കോവിഡ് ബജറ്റിനു പുറമേ, കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിക്കുമെന്നു പ്രതീക്ഷിച്ചിരുന്ന രണ്ടാം സാമ്പത്തിക പാക്കേജും അനുവദിക്കുമെന്നു സൂചനയുണ്ട്.
ചെറുകിടവ്യവസായമേഖലയുടെ ഉണര്വിനുവേണ്ടിയാകും രണ്ടാം പാക്കേജ്. ഇടക്കാലബജറ്റ് സംബന്ധിച്ചു തീരുമാനമായശേഷമേ പാക്കേജ് പ്രഖ്യാപനമുണ്ടാകൂ. സംസ്ഥാനങ്ങളുടെ സാമ്പത്തികസഹായാഭ്യര്ഥന മാനിച്ച് വായ്പ ലഭ്യമാക്കാനും തീരുമാനമുള്ളതായി സൂചനയുണ്ട്. ഇതിനായി മുദ്രാ വായ്പകള്‍ വിപുലമാക്കുന്നതും സാമൂഹികക്ഷേമപദ്ധതികള്‍ പുനഃക്രമീകരിക്കുന്നതും പരിഗണനയിലാണ്.
Post Your Comments