ന്യൂഡല്‍ഹി : രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലും കൊവിഡ് ലോക്ക് ഡൗണിനെ തുടര്‍ന്ന് കുടുങ്ങിക്കിടക്കുന്ന തൊഴിലാളികളെ അവരുടെ തൊഴിലിടങ്ങളില്‍ എത്തിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ അനുവാദം നല്കി. സംസ്ഥാന അതിര്‍ത്തി കടക്കാന്‍ അനുവദിക്കില്ല. സംസ്ഥാനങ്ങള്‍ക്ക് അകത്ത് യാത്ര ചെയ്യാനാണ് അനുവാദം. നാളെ മുതല്‍ സംസ്ഥാനങ്ങള്‍ക്ക് ആവശ്യമെങ്കില്‍ ഇത് ചെയ്യാം.
രോഗലക്ഷണങ്ങളില്ലാത്ത അന്യസംസ്ഥാന തൊഴിലാളികളുടെ സംഘത്തിന്, അവര്‍ക്ക് സംസ്ഥാനത്തിന് അകത്തെ ഒരു തൊഴില്‍ സ്ഥലത്തേക്ക് പോകണമെങ്കില്‍ സാമൂഹിക അകലം പാലിച്ച് ബസുകളില്‍ കൊണ്ടുപോകാനാണ് കേന്ദ്രത്തില്‍ നിന്ന് നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം. യാത്രാ സമയത്തെ ഭക്ഷണവും മറ്റ് ചിലവുകളും തദ്ദേശ സ്ഥാപനങ്ങള്‍ വഹിക്കണം.വ്യാവസായിക, നിര്‍മ്മാണ, കാര്‍ഷിക മേഖലയില്‍ പ്രവര്‍ത്തിക്കുന്ന അന്യസംസ്ഥാന തൊഴിലാളികളുടെയും, ദേശീയ തൊഴിലുറപ്പ് പദ്ധതിയിലെ തൊഴിലാളികളുടെയും കാര്യത്തിലാണ് കേന്ദ്രം ഇളവ് അനുവദിച്ചിരിക്കുന്നത്.
അതിഥിത്തൊഴിലാളികള്‍ക്ക് കേന്ദ്രത്തിന്റെ കര്‍ശന നിര്‍ദേശം
ബസുകളില്‍ സാമൂഹിക അകലം പാലിച്ച് തൊഴിലാളികളെ താമസസ്ഥലങ്ങളില്‍ നിന്ന് തൊഴിലിടങ്ങളിലേക്ക് കൊണ്ടു പോകാമെന്നാണ് കേന്ദ്രസര്‍ക്കാര്‍ ഇപ്പോള്‍ വ്യക്തമാക്കിയിരിക്കുന്നത്. സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലും റിലീഫ് ക്യാംപുകളിലും ഷെല്‍ട്ടര്‍ ഹോമുകളിലും കഴിയുന്ന അന്യസംസ്ഥാന തൊഴിലാളികളുടെ രജിസ്ട്രേഷന് നിര്‍ബന്ധമായും നടത്തണം.ഇതില്‍ ഇവരുടെ തൊഴില്‍ മികവ് കൂടി രേഖപ്പെടുത്തണം. പ്രാദേശിക ഭരണകൂടങ്ങള്‍ക്കാണ് ഇതിന്റെ ചുമതല.
ക്യാംപുകളില്‍ കഴിയുന്ന തൊഴിലാളികള്‍ അതാത് സ്ഥലത്തെ അധികൃതര്‍ക്ക് മുന്നില്‍ രജിസ്റ്റര്‍ ചെയ്യണം. ഇവര്‍ക്ക് ചെയ്യാന്‍ സാധിക്കുന്ന ജോലികള്‍ കണ്ടെത്തുന്നതിനായാണ് നിര്‍ദേശം. നിലവില്‍ തൊഴിലാളികള്‍ എവിടെയാണോ അവിടെ തന്നെ തുടരുന്നുവെന്ന് സംസ്ഥാനങ്ങള്‍ ഉറപ്പ് വരുത്തണം. ഏപ്രില്‍ 15 ന് സര്‍ക്കാര്‍ പുറത്തുവിട്ട മാനദണ്ഡങ്ങള്‍ തൊഴിലാളികളെ കൊണ്ടുപോവുകയാണെങ്കില്‍ നിര്‍ബന്ധമായും പാലിക്കണം.
Post Your Comments