ബെര്ണ് ; കൊറോണ വൈറസ് വ്യാപനത്തിനെതിരായ ഇന്ത്യയുടെ പോരാട്ടത്തിന്റെ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് സ്വിറ്റ്സര്‍ലന്റ്. കൊറോണക്കെതിരായ പോരാട്ടത്തില്‍ എല്ലാ ഇന്ത്യക്കാര്‍ക്കും പ്രതീക്ഷയും കരുത്തും പകരുന്നു എന്നതാണ് പര്‍വ്വതത്തിലെ ത്രിവര്‍ണ്ണപതാക നല്കുന്ന സന്ദേശം. ആല്‍പ്സ് പര്‍വ്വതനിരകളിലെ ഏറ്റവും പ്രശസ്തമായ മാറ്റര്‍ഹോണ്‍ പര്‍വ്വതത്തില്‍ ത്രിവര്‍ണ്ണപതാകയുടെ ചിത്രം പ്രദര്‍ശിപ്പിച്ചാണ് സ്വിസ്റ്റ്സര്‍ലന്റ് ഇന്ത്യക്ക് പിന്തുണ അറിയിക്കുന്നതായി പ്രഖ്യാപിച്ചത്.
ലോകത്തെ ഏറ്റവും പ്രശസ്തമായ രാജ്യങ്ങളിലൊന്നായ ഇന്ത്യ കൊറോണ വൈറസ് ബാധയ്ക്കെതിരെ ശക്തമായ പോരാട്ടമാണ് നടത്തിവരുന്നതെന്ന് സെര്‍മത്ത് മാറ്റര്‍ഹോണ്‍ വിനോദസഞ്ചാര സംഘടന ഫേസ്ബുക്കില്‍ കുറിച്ചു. പര്‍വ്വതത്തില്‍ ഇന്ത്യയുടെ പതാക പ്രദര്‍ശിപ്പിച്ചതിലൂടെ രാജ്യത്തോട് ഐക്യദാര്‍ഢ്യവും പ്രഖ്യാപിക്കുകയും എല്ലാ ഇന്ത്യക്കാര്‍ക്കും പ്രതീക്ഷയും കരുത്തും നല്‍കുകയുമാണ് തങ്ങളുടെ ലക്ഷ്യം.
പര്‍വ്വതത്തില്‍ പ്രദര്‍ശിപ്പിച്ച ത്രിവര്‍ണ്ണ പതാകയ്ക്ക് 1000 മീറ്റര്‍ ഉയരമുണ്ടെന്നും വിനോദസഞ്ചാര സംഘടനയുടെ ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നു. സ്വിറ്റ്സര്‍ലന്റിലെ പ്രസിദ്ധ ലൈറ്റ് ആര്‍ട്ടിസ്റ്റായ ജെറി ഹോഫ്സ്റ്റെറ്റര്‍ ആണ് ഇറ്റലിക്കും സ്വിറ്റ്സര്‍ലന്റിനും ഇടയില്‍ സ്ഥിതിചെയ്യുന്ന 4,478 മീറ്റര്‍ ഉയരമുള്ള പര്‍വ്വതത്തില്‍ ത്രിവര്‍ണ്ണപതാകയുടെ ദൃശ്യം നിര്‍മ്മിച്ചത്. ഇന്ത്യ കൂടാതെ മറ്റ് രാജ്യങ്ങളുടെ പതാകയും പര്‍വ്വതത്തില്‍ പ്രദര്‍ശിപ്പിക്കുന്നുണ്ട്.
അതേസമയം പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ ചിത്രം ട്വിറ്ററില്‍ പങ്കുവെച്ചു. കൊറോണ വൈറസ് ബാധയ്ക്കെതിരെ ലോകം മുഴുവന്‍ പോരാടുന്നു എന്ന അടിക്കുറിപ്പോടെയാണ് പ്രധാനമന്ത്രി ചിത്രം പങ്കുവെച്ചത്. ഈ മഹാമാരിയെ ലോകജനത ഒറ്റക്കെട്ടായി നേരിടും. സ്നേഹം, ദയ, പ്രതീക്ഷ എന്നീ സന്ദേശങ്ങളാണ് സ്വിസ്റ്റ്സര്‍ലന്റ് നമുക്ക് നല്‍കുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു.ഇന്ത്യയോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച സ്വിസ്റ്റ്സര്ലന്റിന് ഇന്ത്യന്‍ എംബസ്സി ട്വിറ്ററിലൂടെ നന്ദി അറിയിച്ചു.
Post Your Comments