ന്യൂഡല്‍ഹി: ഇന്ത്യയുമായി അതിര്‍ത്തി പങ്കിടുന്ന രാജ്യങ്ങള്‍ക്ക് ഇനി മുതല്‍ രാജ്യത്ത് നിക്ഷേപം നടത്തണമെങ്കില്‍ കേന്ദ്ര സര്‍ക്കാര്‍ അനുമതി നിര്‍ബന്ധമാക്കി മോദിസർക്കാർ. കൊവിഡ് രോഗത്തിന്റെ പശ്ചാത്തലത്തില്‍ കൈകൊണ്ട ഈ തീരുമാനത്തിലൂടെ ഇന്ത്യന്‍ കമ്പനികള്‍ പിടിച്ചടക്കാനുള്ള ചൈനയുടെ നീക്കങ്ങള്‍ക്ക് തടയിടാനാണ് ഇന്ത്യ പ്രധാനമായും ലക്ഷ്യമിടുന്നത്.കൊവിഡ് കാലത്തുപോലും ഇന്ത്യന്‍ ബാങ്കുകളുടെ ഉള്‍പ്പെടെയുള്ള ഓഹരികള്‍ വാങ്ങാന്‍ ചൈനീസ് കമ്പനികള്‍ നീക്കം നടത്തുന്നതും കേന്ദ്രത്തിന്റെ ശ്രദ്ധയില്‍ പെട്ടിരുന്നു.
രോഗം മൂലം ലോകം മുഴുവന്‍ സാമ്പത്തിക പ്രതിസന്ധിയില്‍ പെട്ടിരിക്കുന്ന ഈ അവസരം മുതലെടുക്കാനാണ് ചൈന ഇപ്പോള്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത്.രാജ്യത്ത് പ്രവര്‍ത്തിക്കുന്ന കമ്പനികളെ വിദേശ നിക്ഷേപങ്ങളിലൂടെ മറ്റ് രാജ്യങ്ങള്‍ പിടിച്ചടക്കുന്നതിന് തടയിടുന്നതിനു വേണ്ടിയാണ് കേന്ദ്ര സര്‍ക്കാരിന്റെ ഈ നിര്‍ണായക നീക്കം. ചൈന, പാകിസ്ഥാന്, ബംഗ്ലാദേശ്, ഭൂട്ടാന്, നേപ്പാള്‍, മ്യാന്മാര്, അഫ്ഗാനിസ്ഥാന് എന്നീ രാജ്യങ്ങളാണ് ഇന്ത്യയുമായി നേരിട്ട് അതിര്‍ത്തി പങ്കിടുന്നത്.
എച്ച്.ഡി.എഫ് സി ബാങ്കിലുള്ള ചൈനയുടെ നിക്ഷേപം അടുത്തിടെ കാര്യമായി വര്‍ദ്ധിച്ചതോടെയാണ് ഇന്ത്യയും പതിയിരിക്കുന്ന അപകടം തിരിച്ചറിഞ്ഞത്. മാത്രമല്ല മാര്‍ച്ച് അവസാനത്തോടെ ഇന്ത്യയില്‍ രണ്ട് ലക്ഷം കോടി രൂപയുടെ നിക്ഷേപം ചൈന നടത്തിയതായും കേന്ദ്രത്തിന്റെ ശ്രദ്ധയില്‍ പെട്ടു. ഇതോടെ ചൈനയ്ക്ക് ഇന്ത്യയിലുള്ള നിക്ഷേപങ്ങള്‍ക്ക് തടയിടാന്‍ കേന്ദ്രം തീരുമാനിക്കുകയായിരുന്നു.പല കമ്പനികളുടെയും ഓഹരികള്‍ക്ക് ഇടിവ് സംഭവിക്കുമ്പോള്‍ അത്തരം കമ്പനികളെല്ലാം പിടിച്ചടക്കി സ്വന്തം പള്ള വീര്‍പ്പിക്കുന്ന കുതന്ത്രമാണ് ചൈന ഇപ്പോള്‍ പയറ്റുന്നത്.
പല രാജ്യങ്ങളുടെയും തന്ത്രപ്രധാന മേഖലകളെയും സാങ്കേതിക വിദ്യയേയും ചൈന വിഴുങ്ങുന്നത് തടയണമെന്ന് നാറ്റോ സെക്രട്ടറി ജനറല്‍ പാശ്ചാത്യ രാജ്യങ്ങള്‍ക്ക് ഇന്നലെ മുന്നറിയിപ്പ് നല്‍കിയിരുന്നു. ചൈനീസ് നേരിട്ടുള്ള നിക്ഷേപത്തിന് തടയിടുന്നത് വഴിയും, വിദേശ നിക്ഷേപത്തിന് കേന്ദ്ര സര്‍ക്കാര്‍ അനുമതി നിര്‍ബന്ധമാക്കിയത് വഴിയും രാജ്യത്തിന്റെ വിദേശ നയത്തില്‍ വന്‍ പൊളിച്ചെഴുത്താണ് ഇന്ത്യ നടത്തിയിരിക്കുന്നത്.
Post Your Comments