ഇന്ത്യയുടെ കോവിഡ് പ്രതിരോധ പ്രവർത്തങ്ങൾക്ക് ശക്തി പകരാൻ ധനസഹായവുമായി പ്രമുഖ ജർമൻ ആഡംബര വാഹന നിർമാതാക്കളായ ബിഎംഡബ്ല്യു. ഡൽഹിയിലെയും, തമിഴ്‌നാട്ടിലെയും ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി ബിഎംഡബ്ല്യു ഗ്രൂപ്പ് ഇന്ത്യ മൂന്ന് കോടി രൂപയുടെ ധനസഹായമാണ് പ്രഖ്യാപിച്ചത്. ഡൽഹി-എൻസിആർ, ചെന്നൈ എന്നിവിടങ്ങളിൽ ദുരിതാശ്വാസ നടപടികൾ നടപ്പാക്കാൻ സർക്കാർ, സർക്കാരിതര സംഘടനകളുമായി ചേര്‍ന്നു പ്രവര്‍ത്തിക്കാനാണ് ബിഎംഡബ്ല്യു ഇന്ത്യ തീരുമാനിച്ചിരിക്കുന്നത്.
തമിഴ്‌നാട്ടിലെ ചെങ്കല്‍പേട്ടിലെ സർക്കാർ ജനറൽ ആശുപത്രിയിൽ രോഗികൾക്കായി ഐസോലേഷന്‍ വാർഡ് ഒരുക്കും. ഇതിനൊപ്പം ചെന്നൈയിലെയും ഡൽഹിയിലെയും സര്‍ക്കാര്‍ ആശുപത്രികളില്‍ അടിയന്തര ചികിത്സയ്ക്കുള്ള ഉപകരണങ്ങളും എത്തിക്കും. കൂടാതെ ഡൽഹി ചെന്നൈ എന്നിവിടങ്ങളിലെ ആരോഗ്യ പ്രവര്‍ത്തകരുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി സുരക്ഷ ഉപകരണങ്ങള്‍ നല്‍കാനും കമ്പനി നടപടി സ്വീകരിക്കുന്നുണ്ട്. ഭക്ഷ്യക്ഷാമം അനുഭവിക്കുന്ന ജനങ്ങള്‍ക്ക് ഭക്ഷണം നല്‍കുന്നതിനുള്ള നീക്കങ്ങളും പുരോഗമിക്കുകയാണെന്നും, ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി ബിഎംഡബ്ല്യു ഗ്രൂപ്പ് ഇന്ത്യ, ബിഎംഡബ്ല്യു ഗ്രൂപ്പിന്റെ ചെന്നൈ പ്ലാന്റ്, ബിഎംഡബ്ല്യു ഇന്ത്യ ഫിനാൻഷ്യൽ സർവീസസ് എന്നിവയിലെ ജീവനക്കാർ സ്വമേധയാ സംഭാവനകൾ നൽകിയിട്ടുണ്ടെന്നും ബിഎംഡബ്ല്യു പ്രസ്താവനയിലൂടെ അറിയിച്ചു.
Post Your Comments