USALatest NewsNewsInternational

കോവിഡ്-19 : അമേരിക്കയിലെ നഴ്സിംഗ് ഹോമുകളില്‍ 5,600ലധികം അന്തേവാസികള്‍ മരിച്ചു

ന്യൂയോര്‍ക്ക്: വയോജനങ്ങള്‍ക്കുള്ള പാര്‍പ്പിട സൗകര്യങ്ങളില്‍ വര്‍ദ്ധിച്ചുവരുന്ന മരണനിരക്ക് അധികൃതരെ ആശങ്കയിലാഴ്ത്തുകയാണ്. പ്രധാനമായും കോവിഡ്-19 അനിയന്ത്രിതമായി തുടരുന്ന ന്യൂയോര്‍ക്ക് പോലുള്ള സംസ്ഥാനങ്ങളില്‍ വന്‍ വര്‍ദ്ധനവാണ് ഉണ്ടാക്കിയതെന്ന് സംസ്ഥാന ആരോഗ്യ വകുപ്പിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു.

കൊറോണ വൈറസ് അണുബാധയുള്ള 39 സംസ്ഥാനങ്ങളില്‍ ഇപ്പോള്‍ 3,466 ലോംഗ് ടേം കെയര്‍ സെന്റര്‍ അഥവാ നഴ്സിംഗ് ഹോമുകളുണ്ട്.

വിര്‍ജീനിയയിലെ റിച്ച്മണ്ട് കാന്‍റര്‍ബറി റിഹാബിലിറ്റേഷന്‍ ആന്‍റ് ഹെല്‍ത്ത് കെയര്‍ സെന്‍ററില്‍ 45 അന്തേവാസികള്‍ വൈറസ് ബാധിച്ച് മരിച്ചു. രാജ്യത്തെ ഏറ്റവും കൂടുതല്‍ മരണം രേഖപ്പെടുത്തിയ സംഭവമാണത്.

വൈറസ് പടരാതിരിക്കാന്‍ അധികൃതര്‍ പാടുപെട്ടെങ്കിലും നാലിലൊന്ന് അന്തേവാസികളെ കൊന്നൊടുക്കുകയും 80 ശതമാനത്തോളം പേരെ രോഗം ബാധിക്കുകയും ചെയ്തു. സ്റ്റാഫ് അംഗങ്ങളുടെ പരിമിതിയും സം‌രക്ഷണ സാമഗ്രികളുടെയും അവശ്യവസ്തുക്കളുടെയും പോരായ്മയുമാണ് അതിന് കാരണമെന്ന് നഴ്സിംഗ് ഹോം അധികൃതര്‍ പറയുന്നു.

നഴ്സിംഗ് ഹോം മരണങ്ങളില്‍ ഏറ്റവും വലിയ വര്‍ധന ന്യൂയോര്‍ക്ക് സംസ്ഥാനത്താണ്. കഴിഞ്ഞയാഴ്ച മരണസംഖ്യ 1,330 ല്‍ നിന്ന് 3,060 ആയി ഉയര്‍ന്നു.

ന്യൂജേഴ്സിയില്‍, കഴിഞ്ഞ എട്ട് ദിവസത്തിനുള്ളില്‍ നഴ്സിംഗ് ഹോമുകളിലെ മരണത്തിന്‍റെ എണ്ണം അഞ്ചിരട്ടിയായി ഉയര്‍ന്നു. 128 ല്‍ നിന്ന് 625 മരണങ്ങളാണ് ഇവിടെ നിന്ന് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. മാസച്യുസെറ്റ്സിലാകട്ടേ 214 നഴ്സിംഗ് ഹോമുകളിലായി 444 മരണങ്ങളും നടന്നു.

എന്നാല്‍, അത്തരം സൗകര്യങ്ങളില്‍ താമസിക്കുന്ന ഒരു മില്യണ്‍ അന്തേവാസികളില്‍ നടക്കുന്ന മരണങ്ങള്‍ യഥാര്‍ത്ഥ എണ്ണത്തേക്കാള്‍ വളരെ കൂടുതലാണെന്നാണ് വിദഗ്ദ്ധരുടെ അഭിപ്രായം. കാരണം, കൊവിഡ്-19 പരിശോധിക്കാതെ മരണമടഞ്ഞവരെ ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയിട്ടില്ല.

കൊറോണ വൈറസ് പ്രതിസന്ധി മൂലം അനിവാര്യമായ സ്റ്റാഫുകളുടെ ക്ഷാമം, സംരക്ഷണ സാമഗ്രികളുടെ കുറവ്, ലഭ്യമായ പരിശോധനയുടെ അഭാവം എന്നിവ മൂലം നഴ്സിംഗ് ഹോം മരണങ്ങള്‍ വര്‍ദ്ധിച്ചുകൊണ്ടിരിക്കുമെന്നാണ് വിദഗ്ദ്ധര്‍ പറയുന്നത്.

വൈറസ് അതിവേഗത്തിലും മാരകമായും പടര്‍ന്നിട്ടും, കൊറോണ വൈറസ് അണുബാധയുള്ള നഴ്സിംഗ് ഹോമുകളുടെ പേരുകള്‍ വെറും 17 സംസ്ഥാനങ്ങള്‍ മാത്രമാണ് വെളിപ്പെടുത്തിയിട്ടുള്ളത്.

നഴ്സിംഗ് ഹോമുകളില്‍ അന്തേവാസികളായിട്ടുള്ളവരുടെ ചില കുടുംബങ്ങള്‍, തങ്ങളുടെ പ്രിയപ്പെട്ടവര്‍ താമസിക്കുന്നിടത്ത് വര്‍ദ്ധിച്ചുവരുന്ന കേസുകളെക്കുറിച്ച് ആശങ്കാകുലരാണെന്നും, ഇരുട്ടില്‍ തപ്പുകയാണെന്നുമാണ് പറയുന്നത്.

കൊറോണ വൈറസ് അണുബാധകളും നഴ്സിംഗ് ഹോമുകളിലെ മരണങ്ങളും കണ്ടെത്തി റിപ്പോര്‍ട്ട് ചെയ്യാന്‍ ഫെഡറല്‍ ഹെല്‍ത്ത് ഉദ്യോഗസ്ഥരെ കൂടുതല്‍ സമ്മര്‍ദ്ദത്തിലാക്കിയിരിക്കുകയാണ്. ട്രാക്കിംഗിന്‍റെയും സുതാര്യതയുടെയും അഭാവമാണ് ഒരു പ്രധാന പ്രശ്നമെന്നാണ് അവര്‍ പറയുന്നത്.

ലോകത്തെ മൂന്നാമത്തെ വലിയ ജനസംഖ്യയുള്ള അമേരിക്കയിലാണ് ഏറ്റവും കൂടുതല്‍ കോവിഡ്-19 മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. ഇറ്റലി, സ്പെയിന്‍ എന്നീ രാജ്യങ്ങളേക്കാള്‍ മുന്നിലാണ് അമേരിക്ക.

ജോണ്‍സ് ഹോപ്കിന്‍സ് സര്‍‌വ്വകലാശാലയുടെ കണക്കു പ്രകാരം വ്യാഴാഴ്ച രാവിലെയോടെ 638,000 പേര്‍ക്ക് രോഗം ബാധിക്കുകയും 31,000 പേര്‍ മരിക്കുകയും ചെയ്തിട്ടുണ്ട്.

മൊയ്തീന്‍ പുത്തന്‍‌ചിറ

shortlink

Related Articles

Post Your Comments

Related Articles


Back to top button