ന്യൂഡല്‍ഹി: കോവിഡ് പ്രതിസന്ധി താല്‍ക്കാലികമാണെന്നും ഇന്ത്യ എല്ലാ രംഗത്തും കരുത്തോടെ മുന്നേറുമെന്നും കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ വകുപ്പുമന്ത്രി പ്രകാശ് ജാവദേക്കര്‍. നിലവില്‍ മഹാമാരിയിൽ നിന്നും രാജ്യത്തിന്റെ സമ്പത്തായ ജനങ്ങളുടെ ജീവന്‍ രക്ഷിക്കുന്നതിലാണ് സര്‍ക്കാറിന്റെ സമ്പൂര്‍ണ്ണ ശ്രദ്ധ. ഒപ്പം സാമ്പത്തിക മേഖലയെ കൃത്യമായി നിരീക്ഷിക്കുന്നുമുണ്ട്. ഏപ്രില്‍ 20 ഓടെ വിവിധ മേഖലകള്‍ പ്രവര്‍ത്തിക്കാന്‍ തുടങ്ങുന്നതോടെ നിരവധി പേരുടെ താല്‍ക്കാലിക പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെട്ടു തുടങ്ങും. മന്ത്രി പറഞ്ഞു.
ലോകം തന്നെ കോവിഡ് മൂലം അപ്രതീക്ഷിത ആഘാതത്തിലാണ്. നിരവധി രാജ്യങ്ങള്‍ ലോക്ഡൗണില്‍ അടി തെറ്റിയിരിക്കുകയുമാണ്. ഇന്ത്യ നടത്തിയ കൃത്യമായ ലോക്ഡൗണ്‍ സംവിധാനവും പ്രതിരോധപ്രവര്‍ത്തനവും ലോകാരോഗ്യസംഘടനയുടെ മാത്രമല്ല ആഗോള രാജ്യങ്ങളുടേയും പ്രശംസപിടിച്ചുപറ്റിയിരിക്കുന്ന പ്രവര്‍ത്തനമാണ്. സാമൂഹ്യ അകലം പാലിക്കുന്നതിലും കൈകള്‍ കഴുകുന്നതിലും മാസ്‌ക്കുകള്‍ ധരിക്കുന്നതിലും നാം ഏറെ ശ്രദ്ധകൊടുക്കുന്നു.
തെറ്റായ പ്രചാരണങ്ങളെ സര്‍ക്കാര്‍ നിരീക്ഷിക്കുന്നുണ്ട്. മതം തിരിച്ച് ചികിത്സിക്കുന്നു എന്ന ഇന്നലത്തെ തെറ്റിദ്ധാരണാ ജനകമായ വാര്‍ത്തയുടെ ഉറവിടവും മനസ്സിലാക്കി കഴിഞ്ഞുവെന്നും ജാവദേക്കര്‍ ചൂണ്ടിക്കാട്ടി. വാട്‌സ് ആപ്പിലൂടെ വ്യക്തിപരമായി ആളുകള്‍ എഴുതിവിടുന്നതിനെ 2000ലെ വിവരസാങ്കേതിക വിദ്യാ നിയമം അനുസരിച്ചാണ് നിയന്ത്രിക്കുന്നത്. നടപടികള്‍ അതിന്റേതായ രീതിയില്‍ നടക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.
Post Your Comments