തിരുവനന്തപുരം: കോവിഡ് പശ്ചാത്തലത്തിൽ കുട്ടനാട്, ചവറ ഉപതെരഞ്ഞെടുപ്പുകളുടെ കാര്യത്തിൽ അനിശ്ചിതത്വം തുടരുമ്പോൾ പ്രതികരണവുമായി മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ ടിക്കറാം മീണ. സിറ്റിംഗ് എംഎൽഎമാരായ തോമസ് ചാണ്ടി, എൻ.വിജയൻ പിള്ള എന്നിവരുടെ നിര്യാണത്തെ തുടർന്നാണ് ഉപതെരഞ്ഞെടുപ്പ് വന്നത്.
കോവിഡ് വൈറസ് വ്യാപനം മൂലം തെരഞ്ഞെടുപ്പ് നടത്തുന്നതിൽ പ്രായോഗിക പ്രശ്നങ്ങളുണ്ടെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ അറിയിച്ചു. ഇക്കാര്യത്തിൽ അന്തിമ തീരുമാനം എടുക്കേണ്ടത് കേന്ദ്ര തെരഞ്ഞടുപ്പ് കമ്മീഷനാണെന്നും അദ്ദേഹം അറിയിച്ചു. തെരഞ്ഞെടുപ്പ് നടത്തണം എന്നുണ്ടെങ്കിൽ മേയ് അവസാന വാരത്തോടെയോ ജൂൺ ആദ്യമോ നടത്തണം മെയ് 3 ന് ശേഷമുള്ള സാഹചര്യം വിലയിരുത്തി ഇക്കാര്യത്തിൽ തീരുമാനമെടുക്കുമെന്നും ഇതിനു മുൻപായി രാഷ്ട്രീയ കക്ഷികളുമായി ഇക്കാര്യത്തിൽ ആലോചന നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
2016 മെയിൽ അധികാരമേറ്റ പിണറായി വിജയൻ സർക്കാരിന്റെ കാലാവധി 2021 മെയിലാണ് തീരുക. നിയമസഭയുടെ കാലാവധി അവസാനിക്കാൻ ഒരു വർഷത്തിൽ താഴെ മാത്രമുള്ള സമയത്ത് ഏതെങ്കിലും സീറ്റ് ഒഴിവു വന്നാൽ അവിടെ പിന്നെ ഉപതെരഞ്ഞെടുപ്പ് നടത്തേണ്ടതില്ല എന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ ചട്ടം.
സാമൂഹിക അകലം പാലിച്ചുകൊണ്ട് കേരളത്തിൽ തെരഞ്ഞെടുപ്പ് നടത്തുക എന്നത് പാർട്ടികൾക്കും വോട്ടർമാർക്കും ഒരേ പോലെ വെല്ലുവിളി സൃഷ്ടിക്കുന്ന കാര്യമാണ്. മെയിൽ തെരഞ്ഞെടുപ്പ് നടക്കണമെങ്കിൽ ഈ മാസം അവസാനമോ മെയ് ആദ്യമോ എങ്കിലും വിജ്ഞാപനം പുറപ്പെടുവിക്കണം.
Post Your Comments