മുംബൈ: ലോക്ക് ഡൗണിനിടെ വിവിധ ഭാഷാ തൊഴിലാളികള്‍ റെയില്‍വെ സ്‌റ്റേഷനില്‍ ഒത്തുകൂടിയ സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍. തൊഴിലാളികളെ പ്രതിഷേധിക്കാന്‍ പ്രേരിപ്പിച്ചയാളാണ് അറസ്റ്റിലായത്. വിനയ് ദുബൈ എന്നയാളാണ് അറസ്റ്റിലായതെന്ന് പൊലീസ് അറിയിച്ചു. ഉത്തർപ്രദേശ് സ്വദേശിയായ വിനയ് ദുബെ ഉത്തർ ഭാരതീയ മഹാപഞ്ചായത്ത് എന്ന സംഘടനയുടെ പ്രസിഡന്റായി സേവനമനുഷ്ഠിക്കുന്നു. ഇയാൾ തൊഴിലാളികൾക്ക് തെറ്റായ വിവരങ്ങൾ കൈമാറിയതായും ഉത്തരേന്ത്യയിൽ നിന്നുള്ള കുടിയേറ്റ തൊഴിലാളികളോടും ദിവസേനയുള്ള കൂലിപ്പണിക്കാരോടും മുംബൈയിലെ സബർബൻ ബാന്ദ്രയിൽ (പടിഞ്ഞാറ്) ഒത്തുകൂടാൻ ആവശ്യപ്പെടുകയുമായിരുന്നു.
ഐപിസി സെക്ഷന്‍ 117, 151 A, 188, 269, 270, 505(2) എന്നീ വകുപ്പുകള്‍ പ്രകാരവും പകര്‍ച്ച വ്യാധി നിയമം സെക്ഷന്‍ 3 പ്രകാരവുമാണ് ഇയാള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇയാളെ കോടതി ഏപ്രിൽ 21 വരെ റിമാൻഡ് ചെയ്തിരിക്കുകയാണ്.ആയിരക്കണക്കിന് തൊഴിലാളികളാണ് ഇവിടെ തടിച്ചു കൂടിയത്. ലോക്ക് ഡൗണ്‍ തുടങ്ങിയതോടെ കുടുങ്ങിപ്പോയ തൊഴിലാളികളാണ് സ്വന്തം നാട്ടിലേക്ക് തിരികെ മടങ്ങാനായി സ്റ്റേഷനിലെത്തിയത്. ലോക്ക് ഡൗണ്‍ മെയ് 3 വരെ നീട്ടിയ വിവരം ഇവര്‍ അറിഞ്ഞിരുന്നില്ല.
അതേസമയം തൊഴിലാളികള്‍ ഒത്തുകൂടിയ സംഭവവുമായി ബന്ധപ്പെട്ട് ഒന്‍പത് പേര്‍ അറസ്റ്റില്‍. ബാന്ദ്ര പോലീസാണ് ഒന്‍പത് പേര്‍ കൂടി അറസ്റ്റിലായതായി വ്യക്തമാക്കിയത്. സാമൂഹ്യാമാദ്ധ്യമങ്ങള്‍ വഴി വ്യാജ പ്രചാരണം നടത്തിയവരാണ് അറസ്റ്റിലായതെന്നാണ് സൂചന. കൂടുതല്‍ വിവരങ്ങള്‍ പോലീസ് പുറത്തുവിട്ടിട്ടില്ല.റെയില്‍വേ സ്‌റ്റേഷനില്‍ തൊഴിലാളികള്‍ ഒത്തുകൂടിയ സംഭവവുമായി ബന്ധപ്പെട്ട് നിലവില്‍ സാമൂഹ്യ മാദ്ധ്യമ അക്കൗണ്ടുകള്‍ പരിശോധിച്ചുവരികയാണ് അന്വേഷണ സംഘം. സാമൂഹ്യ മാദ്ധ്യമങ്ങള്‍ വ്യാജ സന്ദേശം പ്രചരിപ്പിച്ചതാണ് തൊഴിലാളികള്‍ ഒത്തു ചേരാന്‍ കാരണമായതെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍.
ഈ സന്ദേശം ഒരു പ്രാദേശിക മാദ്ധ്യമവും ചാനല്‍ വഴി പ്രചരിപ്പിച്ചിരുന്നു. വ്യാജ സന്ദേശം പ്രചരിപ്പിച്ച 30 ഓളം സാമൂഹ്യാമാദ്ധ്യമ അക്കൗണ്ടുകളിലെ വിവരങ്ങള്‍ പോലീസ് ഇതിനോടകം തന്നെ ശേഖരിച്ചിട്ടുണ്ട്. സന്ദേശം പ്രചരിപ്പിച്ച പ്രാദേശിക മാദ്ധ്യമത്തിനെതിരെയും നടപടി സ്വീകരിച്ചിട്ടുണ്ടെന്നാണ് ലഭിച്ച വിവരം. സംഭവത്തില്‍ നിരവധി പേര്‍ക്കെതിരെ പോലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
Post Your Comments