Latest NewsKeralaNews

ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് വിഷുക്കണിയുമായി താരങ്ങള്‍

തിരുവനന്തപുരം: ആരോഗ്യ പ്രവര്‍ത്തകരെ സംബന്ധിച്ച് ഈ വിഷുക്കാലം വളരെയേറെ തിരിക്കുള്ള കാലമാണ്. അതിനാല്‍ ആര്‍ക്കും തന്നെ ഈസ്റ്ററോ വിഷുമോ ഒന്നും ആഘോഷിക്കാന്‍ സാധിച്ചില്ല. കൊറോണ വൈറസിനെ ശക്തമായി പ്രതിരോധിക്കാന്‍ ആരോഗ്യ പ്രവര്‍ത്തകര്‍ ശ്രമിക്കുമ്പോള്‍ അവര്‍ക്ക് മാനസിക പിന്തുണയുമായി സിനിമാ താരങ്ങള്‍ രംഗത്തെത്തി. ഫഹദ് ഫാസില്‍, ജയറാം, കാളിദാസ്, മഞ്ജു വാര്യര്‍, ഗായകന്‍ ജി. വേണുഗോപാല്‍ എന്നിവരാണ് വിഷു ആശംസകളുമായി വീഡിയോ കോണ്‍ഫറന്‍സിലൂടെ പങ്കെടുത്തത്. ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചറുടെ സാന്നിധ്യത്തില്‍ എല്ലാ ജില്ലകളിലുമുള്ള ജില്ല മെഡിക്കല്‍ ഓഫീസര്‍മാര്‍, ജില്ല പ്രോഗ്രാം മാനേജര്‍മാര്‍, വിവിധ കോവിഡ് ആശുപത്രികളിലെ സൂപ്രണ്ടുമാര്‍ ഉള്‍പ്പെടെയുള്ള 350 ഓളം ആരോഗ്യ പ്രവര്‍ത്തകര്‍ അതത് ആശുപത്രികളില്‍ നിന്നും വീഡിയോ കോണ്‍ഫറന്‍സില്‍ പങ്കെടുത്തു.

ഇത്രയും ചെയ്യാന്‍ മാത്രമേ കഴിയുന്നുള്ളൂ എന്ന കുറ്റബോധമുണ്ടെന്ന് ഫഹദ് ഫാസില്‍ പറഞ്ഞു. ഇതൊന്നുമല്ല, ഏത് രീതിയില്‍ സഹകരിക്കാനും തയ്യാറാണ്. പറഞ്ഞാല്‍ തീരാത്ത നന്ദിയാണ് ഓരോ ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമുള്ളത്. രോഗം ഭേദമായി രോഗികള്‍ വീടുകളിലേക്ക് പോകുന്നത് വാര്‍ത്തകളിലൂടെ കാണുമ്പോള്‍ കണ്ണ് നിറയാറുണ്ട്. വര്‍ഷത്തില്‍ 300 ദിവസവും വീട്ടിലിരിക്കാത്ത ആളാണ് ഞാന്‍. ഈ ലോക് ഡൗണ്‍ കാലത്ത് എങ്ങനെ സമയം തീര്‍ക്കുമെന്ന് കരുതി. എന്നാല്‍ വീട്ടിലിരുന്നപ്പോള്‍ കിട്ടുന്ന സന്തോഷവും സമാധാനവും വേറൊന്നുമില്ല. ഇപ്പോള്‍ സമയം ഒന്നിനും തികയുന്നില്ല. വീട്ടിലിരിക്കുന്നതാണ് നമ്മുടെ ആരോഗ്യത്തിനും മറ്റുള്ളവരുടെ ആരോഗ്യത്തിനും നല്ലതെന്നും ഫഹദ് ഫാസില്‍ വ്യക്തമാക്കി.

ഓരോ കാലഘട്ടത്തിലും പലതരം രോഗങ്ങള്‍ ലോകത്ത് പടര്‍ന്ന് പിടിക്കുമ്പോഴും അതില്‍ രക്ഷകരായെത്തുന്നത് ഇതുപോലുള്ള ആരോഗ്യ പ്രവര്‍ത്തകരാണെന്ന് ജയറാം പറഞ്ഞു. ഈ ലോക് ഡൗണ്‍ പിന്‍വലിച്ചാല്‍ കാസര്‍ഗോഡ് മുതല്‍ പാറശാല വരെ സഞ്ചരിച്ച് ആരോഗ്യ പ്രവര്‍ത്തകരെ നേരിട്ട് കണ്ട് അഭിനന്ദിക്കണമെന്നാണ് ആഗ്രഹമെന്നും ജയറാം പറഞ്ഞു.

ആരോഗ്യ പ്രവര്‍ത്തകരോടൊപ്പം കളിയും ചിരിയുമായാണ് മഞ്ജു വാര്യര്‍ എത്തിയത്. ‘ചെമ്പഴുക്ക… ചെമ്പഴുക്ക’ എന്ന ഗാനം ഉള്‍പ്പെടെ ആരോഗ്യ പ്രവര്‍ത്തകരോടൊപ്പം നിരവധി ഗാനങ്ങള്‍ പാടുകയും ചെയ്തു. നിങ്ങള്‍ കഷ്ടപ്പെടുന്നതു കൊണ്ടാണ് നമുക്ക് മനസമാധാനത്തോടെ ഇരിക്കാന്‍ കഴിയുന്നത്. ടീച്ചറുടെ നേതൃത്വത്തില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ വലിയ സേവനമാണ് നല്‍കുന്നത്. ഇതിന് കേരളം കടപ്പെട്ടിരിക്കുന്നതായും മഞ്ജു വാര്യര്‍ പറഞ്ഞു.

കൊറേണ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സാമൂഹ്യ അവബോധമുണ്ടാക്കുന്നതിന് ഗായകന്‍ ജി. വേണുഗോപാല്‍ തയ്യാറാക്കിയ ആല്‍ബം മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ പ്രകാശനം ചെയ്തു. ആരോഗ്യ വകുപ്പിന്റെ പ്രവര്‍ത്തനങ്ങളില്‍ എല്ലാ അര്‍ത്ഥത്തിലും സഹകരിക്കുമെന്നും വേണുഗോപാല്‍ വ്യക്തമാക്കി. ആരോഗ്യ പ്രവര്‍ത്തകര്‍ക്കായി നിരവധി ഗാനങ്ങള്‍ ആലപിക്കുകയും ചെയ്തു.

എല്ലാം മാറ്റിവച്ച് നാടിന്റെ നന്മയെ കരുതി വിശ്രമമില്ലാതെ ജോലി ചെയ്യുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ക്കായി കുറച്ച് സമയം കണ്ടെത്തിയ എല്ലാവര്‍ക്കും മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ നന്ദി അറിയിച്ചു. ഇവരോട് നേരിട്ട് സംവദിക്കാന്‍ കഴിഞ്ഞതിലൂടെ തങ്ങള്‍ക്ക് നല്ലൊരു വിഷുക്കണിയാണ് ലഭിച്ചതെന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ പറഞ്ഞു.

എന്‍.എച്ച്.എം. സ്റ്റേറ്റ് മിഷന്‍ ഡയറക്ടര്‍ ഡോ. രത്തല്‍ ഖേല്‍ക്കര്‍, ആരോഗ്യ വകുപ്പ് ഡയറക്ടര്‍ ഡോ. ആര്‍.എല്‍. സരിത, എസ്.എച്ച്.എസ്.ആര്‍.സി. എക്‌സി. ഡയറക്ടര്‍ ഡോ. കെ.എസ്. ഷിനു എന്നിവര്‍ ആരോഗ്യ വകുപ്പ് ഡയറക്ടറേറ്റില്‍ നിന്നും പങ്കെടുത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button