നിലമ്പൂര്‍ : ലോക്ഡൗണ്‍ കാലയളവില്‍ നാട് നിശബ്ദമാണ്. അപ്പോള്‍ പുലിയെ കൂടി കണ്ടാലുള്ള അവസ്ഥ പറയേണ്ടതില്ലല്ലോ. പുലിപ്പേടിയില്‍ നാടു വിറച്ചു വിജനമായതോടെ വീട്ടമ്മയ്്ക്ക് നഷ്ടമായത് നാലര പവന്റെ സ്വര്‍ണമാല. നിലമ്പൂര്‍ ഡിപ്പോയ്ക്കു സമീപം ചേലപ്പൊയില്‍ കടമ്പത്ത് മുകുന്ദന്റെ ഭാര്യയുടെ മാലയാണു കഴിഞ്ഞ ദിവസം മോഷണം പോയത്. രാത്രി 10.30ന് ആണ് സംഭവം. ഡിപ്പോ ചന്ദ്രോദയം റോഡില്‍ താമസിക്കുന്ന യുവാവ് രാത്രി 8.30ന് വീടിനു സമീപമുള്ള ഒഴിഞ്ഞ പറമ്പില്‍ ഏതോ ജീവിയുടെ അനക്കം കണ്ടു. കാട്ടുപന്നിയാണെന്നാണ് ആദ്യം കരുതിയത്. ടോര്‍ച്ചു തെളിച്ചു നോക്കിയപ്പോള്‍ പുലിയെപ്പോലെ തോന്നിക്കുന്ന ജീവിയെക്കണ്ടു.
യുവാവ് അയല്‍വാസികളെക്കൂട്ടി പിന്തുടര്‍ന്നെങ്കിലും ജീവി കാളികാവ് പാത മുറിച്ചു കടന്ന് ഇടവഴിയില്‍ക്കയറി മറയുകയും ചെയ്തു. വിവരം ഡിഎഫ്ഒയെ അറിയിച്ചു. ദ്രുതപ്രതികരണ സേനയെത്തി തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്തിയില്ല. ഈ വിവരം നാട്ടില്‍ പടര്‍ന്നതോടെ ആളുകള്‍ വീടിനു പുറത്തിറങ്ങാന്‍ ഭയന്നു. അതിനിടെ ചേലപ്പൊയില്‍ ഭാഗത്തും പുലിയെ കണ്ടെന്ന അഭ്യൂഹം പരന്നു. അപ്പോഴേക്കും 10 മണിയായി. ഫോണിലൂടെ വിവരം തിരക്കി മുകുന്ദനു വിളികള്‍ വന്നു.
വീടിന്റെ മുന്‍ഭാഗത്തെ ഹാളിലിരുന്ന് മുകുന്ദന്‍ മറുപടി നല്‍കാന്‍ തുടങ്ങി. ആ സമയത്ത് ഭാര്യ അടുക്കള ഭാഗത്തെ കുളിമുറിയില്‍ കുളിക്കാന്‍ കയറി. മാല അടുക്കളയില്‍ ഊരിവച്ചു വാതില്‍ ചാരിയാണ് പുറത്തിറങ്ങിയത്. കുളി കഴിഞ്ഞു തിരികെ വന്നപ്പോള്‍ മാല അപ്രത്യക്ഷമായിരുന്നു. അതിനിടെ നാട്ടുകാര്‍ കണ്ടത് പുലിയെ അല്ലെന്നാണ് വനപാലകര്‍ പറയുന്നത്. പാദമുദ്രയും മറ്റു ലക്ഷണങ്ങളും പൂച്ചപ്പുലിയുടേതാണെന്നു നിലമ്പൂര്‍ റേഞ്ച് ഓഫിസര്‍ എം.പി.രവീന്ദ്രനാഥ് അറിയിച്ചു.
Post Your Comments