ചെന്നൈ: തമിഴ്‌നാട്ടിൽ പ്രോട്ടോക്കോൾ പാലിക്കാതെ കോവിഡ് രോഗിയുടെ സംസ്കാരം നടത്തിയെന്ന് റിപ്പോർട്ട്. ഈ സംസ്കാര ചടങ്ങിൽ പങ്കെടുത്ത മൂന്ന് പേർക്ക് കൊറോണ വൈറസ് സ്ഥിരീകരിച്ചു. മരിച്ചയാളുടെ ബന്ധുക്കളായ മൂന്ന് പേർക്കാണ് രോഗം സ്ഥിരീകരിച്ചത്.
നിരവധി പേരാണ് സംസ്കാര ചടങ്ങിൽ പങ്കെടുത്തത്. മുൻ മന്ത്രിയും ഇതിൽ പങ്കെടുത്തിരുന്നു. ഈ സംഭവത്തിന് പിന്നാലെ ചെന്നൈയിൽ മരിച്ച ഡോക്ടർക്കും കൊവിഡ് സ്ഥിരീകരിച്ചു. ഇയാൾ ആന്ധ്രപ്രദേശിലെ നെല്ലൂർ സ്വദേശിയാണ്. എല്ലുരോഗ വിദഗ്ദ്ധനായ ഇദ്ദേഹം തിങ്കളാഴ്ചയാണ് മരിച്ചത്. ചെന്നൈയിലെ അപ്പോളോ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കോവിഡ് ബാധിതനെ പരിശോധിച്ചതിലൂടെയാണ് രോഗം പകർന്നത്.
രാജ്യത്ത് കോവിഡ് വ്യാപനം തടയാൻ ലോക്ക് ഡൗൺ നീട്ടിയതിന് പിന്നാലെ പുതിയ മാനദണ്ഡം കേന്ദ്ര സർക്കാർ പുറപ്പെടുവിച്ചു. ഇത് പ്രകാരം കേന്ദ്ര സർക്കാരിന്റെയും കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും സംസ്ഥാന സർക്കാരിന് കീഴിലുള്ള സ്ഥാപനങ്ങളിൽ ബഹുഭൂരിപക്ഷവും അടച്ചിടാനാണ് നിർദ്ദേശം.
അതേസമയം, രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണത്തിൽ വൻ വർദ്ധനവ് ഉണ്ടായി. ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം രാജ്യത്ത് 11439 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 1306 പേർക്ക് രോഗം ഭേദമായെങ്കിലും 377 പേർ മരിച്ചത് തിരിച്ചടിയായി. സാമ്പിളുകൾ പരിശോധിക്കുന്നതിൽ വൻ വർധനവ് ഉണ്ടായിട്ടുണ്ട്. ഇന്നലെ ആദ്യമായി ഇരുപതിനായിരത്തിൽ കൂടുതൽ സാമ്പിളുകൾ 24 മണിക്കൂറിനകം ടെസ്റ്റ് ചെയ്തു. 26351 സാമ്പിളുകളാണ് ഇന്നലെ മാത്രം പരിശോധിച്ചത്. രാജ്യത്ത് ഇതുവരെ 2,44,893 സാമ്പിളുകൾ പരിശോധിച്ചു. കഴിഞ്ഞ മൂന്ന് ദിവസത്തിൽ മാത്രം 3286 പേർക്ക് രോഗം സ്ഥിരീകരിച്ചു.
Post Your Comments