ചണ്ഡിഗഡ്: രാജ്യത്ത് ലോക്ക് ഡൗണിൽ നിരവധി ആളുകൾ വിശക്കുന്ന വയറുമായി അന്തിയുറങ്ങേണ്ടി വരുമോയെന്ന് ഭയക്കുമ്പോള്‍ സ്ട്രോബെറിയും ബ്രൊക്കോളിയും ലഭ്യമാകുന്നില്ലെന്ന് ചില വിഐപികള്‍ പരാതി പറയുന്നെന്ന് ബിജെപി നേതാവ്. ചണ്ഡിഗഡിലെ ബിജെപി കൌണ്‍സിലറായ മഹേഷ് ഇന്ദര്‍ സിംഗ് സിദ്ദുവിന്‍റേതാണ് ആരോപണം.
ചണ്ഡിഗഡിലെ പ്രമുഖര്‍ താമസിക്കുന്ന സെക്ടര്‍ 1-11 മേഖലയിലുള്ളവരുടെ കൌണ്‍സിലറാണ് മഹേഷ് ഇന്ദര്‍. ഭക്ഷണ വസ്തുക്കള്‍ എത്തിക്കാനായി സന്നദ്ധ പ്രവര്‍ത്തകര്‍ക്ക് പാസുകള്‍ നല്‍കുന്നുണ്ട്. റേഷന്‍ ലഭ്യമാകുക എന്ന ലക്ഷ്യത്തോടെയാണ് ഈ പാസ് വിതരണം.
അതേസമയം, ഈ സന്നദ്ധ പ്രവര്‍ത്തകര്‍ നേരിടേണ്ടി വരുന്നത് അസാധാരണ സാഹചര്യങ്ങളാണ്. വീടുകളിലേക്ക് പച്ചക്കറിയും അരിയും എത്തിക്കുന്ന സന്നദ്ധ പ്രവര്‍ത്തകരോട് സ്ടോബെറികള്‍ കിട്ടുന്നില്ല, പുതിയതായി തയ്യാറാക്കിയ ബ്രഡ് ലഭിക്കുന്നില്ല, ബ്രൊക്കോളിയും ബെല്‍ പെപ്പറും ലഭിക്കുന്നില്ല തുടങ്ങിയ പരാതികളാണ് ഇവര്‍ ഉന്നയിക്കുന്നത്.
ചണ്ഡിഗഡിലെ പ്രമുഖ ബേക്കറികളില്‍ നിന്നുള്ള പലഹാരങ്ങളും ഐസ്ക്രീമും നല്‍കാത്തതില്‍ ചിലര്‍ ക്ഷുഭിതരാവുന്ന സഹചര്യം കൂടിയാണ് നേരിടേണ്ടി വരുന്നതെന്നാണ് മഹേഷ് ഇന്ദര്‍ ദി ഇന്‍ഡ്യന്‍ എക്സ്പ്രസിനോട് വിശദമാക്കുന്നത്.
നിലവിലെ സാഹചര്യങ്ങളും സാധനങ്ങളുടെ ലഭ്യതക്കുറവും ഇവരെ പറഞ്ഞ് മനസിലാക്കാന്‍ ശ്രമിച്ചിട്ടും ഫലം കാണുന്നില്ലെന്നാണ് കൌണ്‍സിലറുടെ പരാതി. പ്രമുഖരായ ആളുകളാണ് ഇത്തരത്തിലുള്ള പരാതികളുമായി എത്തുന്നത്. സമൂഹത്തിലെ വിഐപികളായ ഈ ആളുകളുടെ ആവശ്യങ്ങള്‍ നിലിവിലെ സാഹചര്യത്തില്‍ സന്നദ്ധ പ്രവര്‍ത്തകരെ വലക്കുന്നത് കുറച്ചൊന്നുമല്ലെന്നും മഹേഷ് ഇന്ദര്‍ പറയുന്നു. മേഖലയില്‍ വിഐപികളുടെ സഹായികളെക്കൊണ്ട് നിറയുന്ന സാഹചര്യമാണെന്നും മഹേഷ് ഇന്ദര്‍ ആരോപിക്കുന്നു.
Leave a Comment