മലയാളികളുടെ ആഘോഷങ്ങളിൽ പ്രധാനിയാണ് വിഷു. ഈ വിഷുവിന് പിന്നിലും, ആ പേരിനു പിന്നിലും ചില അർത്ഥങ്ങളും, ചരിത്രങ്ങളും നിറഞ്ഞു നിൽക്കുന്നുണ്ട്. അതിനെ കുറിച്ചാണ് ഇവിടെ പറയുന്നത്. രാത്രിയും പകലും തുല്യമായ ദിവസം എന്നർത്ഥം വരുന്ന പദമാണ് വിഷു. മേടം ഒന്നിന് മേട വിഷുവും തുലാം ഒന്നിനു തുലാ വിഷുവും എന്ന് പറയപ്പെടുന്നു. ഒരു രാശിയിൽനിന്നും അടുത്ത രാശിയിലേക്ക് സൂര്യൻ പോകുന്നതിനെ സംക്രാന്തി എന്നും, സംക്രാന്തികളിലെ പ്രധാനമായത് മഹാവിഷു എന്നും വിളിക്കുന്നു.
പണ്ടു മുതലേ ഈ വിശേഷ ദിവസങ്ങൾ ആഘോഷിച്ചു വരുന്നതു കൊണ്ടാവണം,. സംഘകാലത്ത് ഇതിനെക്കുറിച്ചുള്ള പരാമർശങ്ങൾ പതിറ്റുപത്ത് എന്ന് കൃതിയിൽ കാണാനാകുന്നത്. എന്നാൽ കേരളത്തിൽ വർഷാരംഭമായിആചരിക്കുന്നത് ഒരു പക്ഷേ കൊല്ലവർഷാരംഭത്തോടെ ആയിരിക്കാനാണ് സാധ്യത. വിഷുവങ്ങളിൽ ഏറെ പ്രധാനപ്പെട്ട മഹാവിഷു ഭൂമിയുടെ അച്ചുതണ്ടിന്റെ പുരസ്സരണം കൊണ്ട് ഇപ്പോൾ 24 ദിവസത്തോളം പിന്നിലാണ്. പണ്ട് കാലത്ത് മേഷാദി മേടത്തിൽ ആയിരുന്നുവെങ്കിൽ വിഷുവങ്ങളുടെ പുരസ്സരണം കാരണം മേഷാദി ഇപ്പോൾ മീനം രാശിയിൽ ആണ്. പക്ഷെ നിലവിൽ നമ്മൾ വിഷു ആഘോഷിക്കുന്നത് മേടത്തിൽ ആണ്. ഇതേ പോലെ തുലാദിയാകട്ടെ കന്നി രാശിയിൽ ആണ്.
വെണ്മണിയിലെ ശാർങ്ങക്കാവിലെതാണ്(ചാമക്കാവ്) മദ്ധ്യ തിരുവിതാംകൂറിലെ ഏറ്റവും വലിയ വിഷു ഉത്സവം. വിഷു ദിനത്തിൽ, വെണ്മണിയിലെ വിവിധ കരകളിൽ നിന്നും കെട്ടുകാഴ്ചകളുമായി ഭക്തർ ഇവിടെ എത്തുന്നുവെന്നും, അച്ചൻകോവിലാറിന്റെ മറുകരയിൽ നിന്നുള്ള കെട്ടു കാഴ്ചകൾ വള്ളങ്ങളിൽ കയറ്റി ചാമക്കാവിലെത്തിച്ചെന്നും പറയപ്പെടുന്നു. തേര്,കുതിര,കെട്ടുകാളകൾ,എടുപ്പ് കുതിര തുടങ്ങി നിരവധി കെട്ടുകാഴ്ചകൾ ഇവിടെ കാണാറുണ്ടെങ്കിലും ചാമക്കാവിലെ വേലത്തേരും, മുഖാമുഖമായി നിർത്തുന്ന വീതിയുള്ള വേലത്തേരുകളുടെ തട്ടിൽ നിന്നും, യുദ്ധം ചെയ്യുന്നതിന് സമാനമായ വേലകളിയും ചാമക്കാവിലെ മാത്രം പ്രത്യേകതയാണ്. കൂടാതെ കാർഷിക വിഭവങ്ങളുടെയും,മറ്റ് ഗ്രാമീണ ഉൽപ്പന്നങ്ങളുടെ വൻവിപണനം വിഷു ദിനത്തിൽ ഇവിടെ നടത്തപ്പെട്ടിരുന്നു. വിവിധ കാർഷിക വിളകളുടെ വിത്തുകൾ വാങ്ങുന്നതിന് ദൂരദേശങ്ങളിൽ നിന്നും ആളുകൾ ഇവിടെയെത്താറുണ്ടായിരുന്നു.
Post Your Comments