അഹോ ഏതജ്ജഗത് സ്രഷ്ടസ്സുകൃതം ബത തേ കൃതം
പ്രതിഷ്ഠിതാഃ ക്രിയ സ്മിന്‍ സാകമന്നമദാമഹേ (3-20-51)
വിദുരന്‍ സൃഷ്ടികര്‍മ്മത്തെപ്പറ്റി വീണ്ടും ചോദിച്ചപ്പോള്‍ മൈത്രേയന്‍ ഇങ്ങനെ തുടര്‍ന്നു:
ഭഗവല്‍നാഭിയില്‍ നിന്നു പുറത്തുവന്ന താമരയില്‍ ബ്രഹ്മാവ് പ്രത്യക്ഷപ്പെട്ടതും ഭഗവാന്‍ സ്വയം ബ്രഹ്മഹൃദയത്തില്‍ കയറി പഴയ ലോകചക്രങ്ങളില്‍ ഉണ്ടായിരുന്ന സൃഷ്ടികളെ അതേപടി ഉണ്ടാക്കുവാനുളള പദ്ധതി കരുതിയതും താങ്കള്‍ക്കറിയാമല്ലോ? ആദ്യമായി ബ്രഹ്മാവ് നാനാത്വഭാവഹേതുവായ അറുതലങ്ങളുളള അജ്ഞതയെ സൃഷ്ടിച്ചു.
സ്വയം തൃപ്തിപ്പെടാതെ ആ ശരീരത്തെ സൃഷ്ടാവ് ഉപേക്ഷിച്ചു. ഇത് രാത്രിയായി മാറി. ഇരുട്ടിന്റെ ശക്തികളായ യക്ഷരും രാക്ഷസരും അതുസ്വന്തമാക്കി. വിശപ്പിന്റേയും ദാഹത്തിന്റേയും മൂലകാരണമായ ഇവര്‍ ബ്രഹ്മാവിനെപ്പോലും തിന്നാന്‍ ശ്രമിച്ചു. ബ്രഹ്മദേവന്‍ പിന്നീട് സത്വഗുണപ്രധാനമായ ദൈവികതയെ സൃഷ്ടിച്ചു. സൃഷ്ടിയുടെ ഉദ്ദേശം സഫലമായ ഉടനെ ആ ശരീരവും ഉപേക്ഷിച്ചപ്പോള്‍ അതു പകലായി. ദേവന്മാര്‍ അതിന്റെ നേതൃത്വമേറ്റു.
ബ്രഹ്മാവിന്റെ പുറത്തുനിന്നും കാമം നിറഞ്ഞ അസുരന്മാര്‍ ഉണ്ടായി. ഈ സൃഷ്ടികള്‍ ബ്രഹ്മദേവനില്‍പോലും കാമസാഫല്യം നേടാന്‍ തുനിയുകയുണ്ടായി. ഭഗവല്‍പ്രേരണയില്‍ ഈ ദേഹവും ബ്രഹ്മാവുപേക്ഷിച്ചു. അത് സന്ധ്യയായിത്തീര്‍ന്നു. അസുരന്മാര്‍ക്ക് സന്ധ്യയൊരു മാദകസുന്ദരിയായി കാണപ്പെടുകയും അവര്‍ മോഹവലയത്തില്‍പ്പെടുകയും ചെയ്തു. ബ്രഹ്മദേവന്‍ സ്വയം ചിരിച്ചു. സ്വന്തം പ്രേമഭാവത്തില്‍ നിന്നും ഗന്ധര്‍വന്മാരേയും അപ്സരസ്സുകളേയും സൃഷ്ടിച്ചു. ഇവയുണ്ടായ ബ്രഹ്മശരീരം നിലാവായിത്തീര്‍ന്നു. ദേവഗായകരും സുന്ദരികളും നിലാവിനെ സ്വന്തമാക്കി.
ബ്രഹ്മാവിന്റെ സ്വന്തം ആലസ്യത്തില്‍ നിന്നും ഭീകരരൂപികളായ പിശാചുക്കളും ഭൂതങ്ങളും പിറന്നു. ഇതുണ്ടായ ബ്രഹ്മശരീരം ഒരു കോട്ടുവായിട്ടു കൊണ്ട് ഉപേക്ഷിച്ചപ്പോള്‍ ഈ ഭൂതങ്ങള്‍തന്നെ അതേറ്റെടുത്തു. ഇവര്‍ നിദ്രയിലും കോട്ടുവായിലും പ്രകടമാവുകയും അശുദ്ധരായവരില്‍ ആവേശിച്ച് മാനസിക വിഭ്രാന്തിയുണ്ടാക്കുകയും ചെയ്യുന്നു.
അരൂപികളായ സിദ്ധന്മാരും പിതൃക്കളും ബ്രഹ്മശരീരത്തില്‍ നിന്നു പൂര്‍ണ്ണശക്തിയോടെ ഊര്‍ജ്ജ്വസ്വലരായി പുറത്തുവന്നു. ബ്രഹ്മശരീരത്തിലൂടെയത്രേ പിതൃക്കള്‍ക്ക് തപ്പര്‍ണമേകുന്നുതും അതു സ്വീകരിക്കപ്പെടുന്നതും. മറഞ്ഞിരിക്കാനുളള സിദ്ധിയില്‍നിന്നും ബ്രഹ്മാവ് സിദ്ധനേയും വിദ്യാധരനേയും സൃഷ്ടിച്ചു. അവരാ ബ്രഹ്മശരീരം സ്വന്തമാക്കുകയും ചെയ്തു. സ്വന്തം പ്രതിബിംബം ജലത്തില്‍ കണ്ട് വശായ ബ്രഹ്മാവില്‍നിന്നും കിന്നരന്മാരും കിംപുരുഷന്മാരും ഉണ്ടായി. സൃഷ്ടാവ് വിശ്രമിക്കുമ്പോള്‍ താഴെവീണ രോമങ്ങള്‍ പാമ്പുകളായി.
അവസാനമായി ബ്രഹ്മാവ് മനുവിനെ സ്വരൂപത്തില്‍ സൃഷ്ടിച്ചു. മനുഷ്യരൂപം അങ്ങനെ ഉണ്ടായി. ഈ പുതിയ സൃഷ്ടിയില്‍ ഇതിനു മുന്‍പുണ്ടായവരെല്ലാം സന്തുഷ്ടരായിരുന്നു. അവര്‍ പറഞ്ഞു:
“അല്ലയോ സൃഷ്ടാവേ ഞങ്ങള്‍ക്കു സന്തോഷമായി. ഈ സൃഷ്ടിയിലൂടെ അങ്ങ് നല്ലകാര്യമാണ് ചെയ്തത്. അവനില്‍ ത്യാഗബുദ്ധി വേണ്ടത്ര ഉറപ്പിച്ചിട്ടുളളതുകൊണ്ട് ഞങ്ങള്‍ക്കുളള വിഹിതങ്ങള്‍ കിട്ടാതെ പോകില്ലെന്നുറപ്പുണ്ട്.” ബ്രഹ്മാവ് സ്വയം തപസ്സ്, യോഗം, സമാധി എന്നിവ സ്വീകരിച്ച് ഋഷിയായിത്തീര്‍ന്നു. തന്റെ ശരീരത്തില്‍ ധ്യാനം, സിദ്ധികള്‍ , പൂജാവിധികള്‍ , നിര്‍മ്മമത എന്നിവ നിരഞ്ഞുനില്‍ക്കുന്നു ഭാഗത്തെയാണ് ഋഷിയാക്കിയത്.
കടപ്പാട് : ശ്രീമദ് ഭാഗവതം നിത്യപാരായണം PDF
Post Your Comments