Latest NewsNewsInternational

മനുഷ്യരിലേക്ക് കോവിഡ് 19 വൈറസ് പടര്‍ന്നത് ഈനാം പേച്ചി വഴിയെന്ന് ഗവേഷണം ; ഈനാംപേച്ചിയുടെ ശ്വാസകോശത്തില്‍ നിന്നും ലഭിച്ച കൊറോണാ വൈറസിന്റെ ജനിതക ശ്രേണി കോവിഡിന് കാരണമായ സാര്‍സ് കോവ് – 2 വൈറസുമായി വലിയ സാദൃശ്യം

വാഷിംഗ്ടണ്‍ : മനുഷ്യരിലേക്ക് കോവിഡ് 19 വൈറസ് പടരാന്‍ കാരണമായി സംശയിക്കപ്പെടുന്ന ജീവികളുടെ പട്ടികയിലേക്ക് ഈനാംപേച്ചിയും. നേരത്തെ വവ്വാലില്‍ നിന്നും പാമ്പില്‍ നിന്നുമായിരുന്നു സംശയം. മിഷിഗണ്‍ സര്‍വകലാശാല ലാബിലെ യാംഗ്ഷാംഗ് ഗവേഷക ഗ്രൂപ്പാണ് വവ്വാലില്‍ നിന്നും ഈനാംപേച്ചി വഴിയാണ് മനുഷ്യരിലേക്ക് കോവിഡ് എത്തിയതെന്ന സാധ്യതയിലേക്ക് വിരല്‍ചൂണ്ടുന്നത്. കോവിഡിന് കാരണമായ സാര്‍സ് കോവ് – 2 വൈറസുമായി ഈനാംപേച്ചിയുടെ ശ്വാസകോശത്തില്‍ നിന്നും ലഭിച്ച കൊറോണാ വൈറസിന്റെ ജനിതക ശ്രേണി 91 ശതമാനം സാദൃശ്യം കാണിക്കുന്നുവെന്നാണ് ഗവേഷകരുടെ കണ്ടെത്തല്‍.

നേരത്തേ തന്നെ ശാസ്ത്രജ്ഞര്‍ രോഗം പടര്‍ന്നത് വുഹാനിലെ മാര്‍ക്കറ്റിലെ വവ്വാലുകളില്‍ നിന്നുമാണെന്ന സംശയം ഉന്നയിച്ചിരുന്നെങ്കിലും അവയില്‍ നിന്നും മനുഷ്യരിലേക്ക് വൈറസ് എത്താന്‍ കാരണമായത് മറ്റൊരു ജീവി ആണെന്ന സംശയം പ്രധാനമായും ഉയര്‍ന്നിരുന്നു. ഈ സാധ്യതയാണ് ഇപ്പോള്‍ ഈനാംപേച്ചിയില്‍ എത്തിയിരിക്കുന്നത്. നേരത്തേ പാമ്പില്‍ നിന്നായിരിക്കാം എന്ന സംശയം ഉയര്‍ന്നെങ്കിലും പിന്നീട് അതല്ലെന്ന് തെളിഞ്ഞിരുന്നു. ലോകത്ത് ഏറ്റവു കച്ചവടം ചെയ്യപ്പെടുന്നതും വിലയേറിയതുമായ മാംസങ്ങളില്‍ ഒന്നാണ് ഈനാം പേച്ചിയുടേത്.

അടുത്തിടെ ന്യൂയോര്‍ക്കില്‍ ഒരു കടുവയ്ക്ക് കോവിഡ് ബാധിച്ചിരുന്നു. ഇതോടെ മൃഗങ്ങള്‍ക്കിടയിലും രോഗം വ്യാപിക്കുമെന്ന് തെളിഞ്ഞിരുന്നു. അതുകൊണ്ടു തന്നെ വൈറസ് നേരിട്ടല്ല മനുഷ്യരില്‍ പ്രവേശിച്ചതെന്നും വവ്വാലിനും മനുഷ്യര്‍ക്കും ഇടയില്‍ മറ്റൊരു ജീവിയുണ്ടായിരുന്നു എന്ന സംശയം ശക്തമായിരുന്നു. മനുഷ്യരിലേക്ക് വൈറസ് എത്തും മുമ്പ് തന്നെ മനുഷ്യരില്‍ ചേര്‍ന്നു നില്‍ക്കാന്‍ കഴിയുന്ന വിധം അതിന് രൂപമാറ്റം സംഭവിച്ചതായി ശാസ്ത്രജ്ഞര്‍ വിലയിരുത്തുന്നു. മനുഷ്യര്‍ക്കിടയില്‍ മൂന്നു മാസത്തോളമായി ഇത്രയധികം വ്യാപിച്ചിട്ടും നാശം വിതച്ചിട്ടും അതിന്റെ ഘടനയില്‍ കാര്യമായി മാറ്റം വന്നിട്ടില്ല. അതേസമയം വൈറസിന്റെ ഉത്ഭവം വവ്വാലുകളില്‍ നിന്നു തന്നെയാണെന്ന് ശാസ്ത്രലോകം ഏറെക്കുറെ ഉറപ്പിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button