ന്യൂഡൽഹി: പൗരന്മാരെ തിരികെ കൊണ്ടുപോയില്ലെങ്കിൽ കടുത്ത നടപടിയെടുക്കുമെന്ന് യുഎഇ മുന്നറിയിപ്പിന് പിന്നാലെ സുപ്രിംകോടതി ഇന്ന് പരിഗണക്കുന്നത് നിർണായക ഹർജികൾ. വിദേശ രാജ്യങ്ങളിൽ കുടുങ്ങി കിടക്കുന്ന ഇന്ത്യക്കാരെ രാജ്യത്ത് തിരികെയെത്തിക്കണമെന്ന ഹർജികൾ ആണ് കോടതി പരിഗണിക്കുന്നത്.
ഹർജികളിൽ കേന്ദ്ര സർക്കാർ നിലപാട് അറിയിക്കും. ഗൾഫ് രാജ്യങ്ങളിൽ കുടുങ്ങി കിടക്കുന്നവരെ രാജ്യത്ത് എത്തിക്കണമെന്ന് ആവശ്യപ്പെട്ട് എം.കെ.രാഘവൻ എം.പിയും പ്രവാസി ലീഗൽ സെല്ലുമാണ് സുപ്രിംകോടതിയിൽ ഹർജി സമർപ്പിച്ചത്.
നാട്ടിലേക്ക് വരാൻ ആഗ്രഹിക്കുന്നവരെ കേന്ദ്രസർക്കാർ ചെലവിൽ പ്രത്യേക വിമാനത്തിൽ എത്തിക്കണമെന്നും കോവിഡ് ബാധിതരായ പ്രവാസികൾക്ക് ഗൾഫ് രാജ്യങ്ങളിൽ മികച്ച ചികിത്സയും, ഭക്ഷണവും, വെള്ളവും ഉറപ്പാക്കണമെന്നും എം.കെ.രാഘവൻ സമർപ്പിച്ച ഹർജിയിൽ ആവശ്യപ്പെട്ടു.
കോവിഡ് പശ്ചാത്തലത്തിൽ ദൈനംദിന ചെലവുകൾ പോലും നടത്താൻ കഴിയാത്ത ദുരിതാവസ്ഥയിലൂടെയാണ് ലക്ഷകണക്കിന് ഇന്ത്യക്കാർ കടന്നുപോകുന്നതെന്ന് പ്രവാസി ലീഗൽ സെല്ലിന്റെ ഹർജിയിൽ പറയുന്നു. തൊഴിലാളി ക്യാമ്പുകളിൽ കഴിയുന്ന ഒട്ടേറെ പേർക്ക് കൊവിഡ് രോഗം സ്ഥിരീകരിച്ചു. നൂറ് കണക്കിന് പേർ സാമൂഹ്യ അകലം പോലും പാലിക്കാൻ കഴിയാതെ ബുദ്ധിമുട്ടുകയാണെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടി. അമേരിക്ക, യു.കെ, ഇറാൻ എന്നീ രാജ്യങ്ങളിൽ കുടുങ്ങികിടക്കുന്നവരെ തിരികെയെത്തിക്കണമെന്ന ഹർജികളും ചീഫ് ജസ്റ്റിസ് എസ്.എ ബോബ്‌ഡെ അധ്യക്ഷനായ ബെഞ്ച് പരിഗണിക്കും.
Post Your Comments