തിരുവനന്തപുരം: കൊറോണയ്ക്ക് ആയുര്‍വേദ മരുന്നുകള്‍ നിര്‍ദ്ദേശിക്കുന്നത് ശിക്ഷാര്‍ഹമായ കുറ്റമെന്ന് കേന്ദ്ര ആയുഷ് മന്ത്രാലയം. ആയുഷ് മന്ത്രാലയത്തിന്റെ നിര്‍ദ്ദേശം പിന്തുടര്‍ന്ന് കൊറോണയ്ക്ക് മുന്‍കരുതലായി ആയുഷ് മരുന്നുകള്‍ എന്ന രീതിയില്‍ പരസ്യങ്ങളോ പ്രമോട്ട് നല്‍കുന്ന വാര്‍ത്തകളോ നല്‍കരുതെന്ന് പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യയും ഇന്ത്യയിലെ പത്രങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
കൊറോണയ്ക്ക് ആയുഷ് മരുന്നുകള്‍ പ്രായോഗികമല്ലെന്ന് ആയുഷ് മന്ത്രാലയം തന്നെയാണ് സംസ്ഥാനങ്ങള്‍ക്ക് നല്‍കിയ ഉത്തരവില്‍ പറയുന്നത്. കൊറോണയ്ക്ക് ആയുഷ് മരുന്നുകള്‍ പര്യാപ്തമെന്നു പറയുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ടെലിവിഷന്‍, പ്രിന്റ്, ഇലക്ട്രോണിക് മീഡിയയിലും ഇത് സംബന്ധിച്ച് ഒരു പരസ്യവും നല്‍കരുതെന്നും ആയുഷ് മന്ത്രാലയം നിര്‍ദ്ദേശിക്കുന്നുണ്ട്. അതേസമയം, കേന്ദ്രആയുഷ് മന്ത്രാലയത്തിന്റെ നിര്‍ദേശങ്ങള്‍ ലംഘിച്ച് കോവിഡിന് മുന്‍കരുതലായി ആയുര്‍വേദ മരുന്നുകള്‍ ഉപയോഗിക്കാന്‍ പൊലീസുകാര്‍ക്ക് നിര്‍ദ്ദേശം നല്‍കുന്ന ഡിജിപിയുടെ സര്‍ക്കുലര്‍ ഇപ്പോള്‍ വിവാദത്തിലായിരിക്കുകയാണ്. കൊറോണയ്ക്ക് മുന്‍കരുതലായി ആയുര്‍വേദ മരുന്നുകള്‍ ഉപയോഗിക്കുകയോ അത് പ്രചരിപ്പിക്കുകയോ ചെയ്യരുതെന്നുള്ള കേന്ദ്ര ആയുഷ് മന്ത്രാലയത്തിന്റെ സര്‍ക്കുലര്‍ മുന്നിലുള്ളപ്പോള്‍ തന്നെയാണ് ഇതെല്ലാം ലംഘിച്ച് ആയുര്‍വേദ മരുന്നുകള്‍ കുറിപ്പടി സഹിതം ഉപയോഗിക്കാനുള്ള നിര്‍ദ്ദേശങ്ങള്‍ നല്‍കി ഡിജിപി ലോക്‌നാഥ് ബഹ്‌റ സര്‍ക്കുലര്‍ പുറപ്പെടുവിച്ചത്.
കൊറോണയ്ക്ക് പ്രതിരോധമായി ഡിജിപി നിര്‍ദ്ദേശിക്കുന്ന മരുന്നുകളുടെ കുറിപ്പടി ഇങ്ങനെ, കഴിക്കാന്‍ അപരാജിത ചൂര്‍ണം, ഭക്ഷണത്തിനു ശേഷം രാവിലെയും രാത്രിയും ഓരോ വില്വാദി ഗുളിക, രാത്രി ഭക്ഷണത്തിനു ശേഷം ഓരോ സുദര്‍ശന ഗുളിക, രണ്ടു ലിറ്റര്‍ ചൂടുവെള്ളത്തില്‍ രണ്ടു ടീസ്പൂണ്‍ ശദംഗ കഷായ ചൂര്‍ണ്ണം കലര്‍ത്തി കുടിക്കുക ഇതെല്ലാമാണ് സര്‍ക്കുലറില്‍ ഡിജിപി നിര്‍ദ്ദേശിക്കുന്നത്. പൊലീസുകാരുടെ രോഗപ്രതിരോധശേഷി കുത്തനെ കൂടാന്‍ പര്യാപ്തമാണ് ഈ മരുന്നുകള്‍. അതിനാല്‍ കൊറോണ പ്രതിരോധ മരുന്നായി ഈ മരുന്ന് പൊലീസുകാര്‍ ഉപയോഗിക്കുക എന്നാണ് ഡിജിപി നല്‍കുന്ന നിര്‍ദ്ദേശം.
Post Your Comments